ഡല്‍ഹി: ഫെബ്രുവരിയോടെ ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ പകുതി പേരും കോവിഡ് ബാധിതരാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം. നിലവില്‍ 7.55ദശലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ജനസംഖ്യയുടെ 14 ശതമാനം പേര്‍ രോഗബാധിതരായെന്നാണ് സെറോളജിക്കല്‍ സര്‍വേയില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ സെറോളജിക്കല്‍ സര്‍വേ കൃത്യമായിരിക്കണമെന്നില്ലെന്ന് മണീന്ദ്ര അഗര്‍വാള്‍ പറയുന്നു. ‘ഇതുവരെ 30 ശതമാനത്തോളം ഇന്ത്യക്കാര്‍ കോവിഡ് ബാധിതരായി. ഫെബ്രുവരിയോടെ ഇത് അമ്പതുശതമാനത്തിലെത്തിയേക്കാം.’ കാണ്‍പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ടെക്‌നോളജിയിലെ പ്രൊഫസറായ മണീന്ദ്ര അഗര്‍വാള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

വൈറോളജിസ്റ്റുകളും ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും അടങ്ങുന്ന കമ്മിറ്റി ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് ഗണിതശാസ്ത്ര മാതൃകയെ ആശ്രയിച്ചുളളതാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളെ കൂടി ഉള്‍പ്പെടുത്തുന്ന ഒരു പുതിയ മാതൃകയാണ് കമ്മിറ്റി സ്വീകരിച്ചത്. രോഗബാധയുണ്ടായവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ രണ്ടു കാറ്റഗറികളാക്കി അവര്‍ തിരിച്ചു. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധാരണവും ഉള്‍പ്പടെയുളള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒറ്റമാസം കൊണ്ടുതന്നെ 2.6.ദശലക്ഷം വര്‍ധിക്കാന്‍ ഇടയുണ്ടെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.