കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജ് കോവിഡ് രോഗമുക്തനായി. കോവിഡ് രോഗം സുഖപ്പെട്ടതായി അദ്ദേഹം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ആന്റിജന്‍ ടെസ്റ്റിലൂടെയാണ് കോവിഡ് നെഗറ്റീവായതായി കണ്ടെത്തിയതെന്നും വരുന്ന ഒരാഴ്ച കൂടി താന്‍ ഐസൊലേഷനില്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

രോഗബാധയില്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് താന്‍ ഐസൊലേഷനില്‍ കഴിയുകയെന്നും പൃഥ്വി അറിയിച്ചു. ഈ സാഹചര്യത്തില്‍ തന്നോടൊപ്പം നിന്നവര്‍ക്കും ആശങ്ക അറിയിച്ചവര്‍ക്കും താരം ഒരിക്കല്‍ കൂടി നന്ദി അറിയിച്ചു. തന്റെ രോഗപരിശോധനാ സര്‍ട്ടിഫിക്കറ്റും പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.

‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കുറച്ചു ദിവസങ്ങളായി കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് താരത്തിനും സംവിധായകനും കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.