ബംഗളൂരു: ഗര്‍ഭിണിയായ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധം ശക്തം. കേസില്‍ പൊലീസിസ് അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നാണ് ആരോപണം. ജൂലൈ 25ന് വിക്ടോറിയ ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ടായിരുന്ന ഗര്‍ഭിണിയെയാണ് ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിച്ചത്. ട്രോമ കെയര്‍ സെന്ററില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്കെതിരെയാണ് ആരോപണം.

സംഭവത്തിനു പിന്നാലെ തന്നെ കോവിഡ് രോഗിയായ സ്ത്രീ വാര്‍ഡിലെ നോഡല്‍ ഓഫീസറിന് പരാതി നല്‍കിയിരുന്നു. പിറ്റേദിവസം വിവി പുരം പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. എന്നാല്‍ പ്രതിയായ ഡോക്ടറെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതായും ബംഗളൂരും മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും വിക്ടോറിയ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ രമേഷ് കൃഷ്ണ പറഞ്ഞു. പരാതിക്കാരിയായ യുവതി ഇതുവരെയും കോവിഡ് മുക്തയായിട്ടില്ല. കഴിഞ്ഞയാഴ്ച ഇവര്‍ ഒരു കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം കോവിഡ് സാഹചര്യത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.