കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ നാലില്‍ മൂന്നുപേരെയും ഒരു രോഗലക്ഷണമെങ്കിലും വിടാതെ പിന്തുടരുന്നതായി റിപ്പോര്‍ട്ട്. രോഗം വന്ന് ആറ് മാസങ്ങള്‍ക്കു ശേഷവും രോഗലക്ഷണങ്ങള്‍ തുടരുന്നതായി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. വുഹാനിലെ ആയിരക്കണക്കിന് രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ക്ഷീണവും പേശികളുടെ ബലഹീനതയും ഉറക്കക്കുറവും അടക്കമുള്ള ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് പല രോഗികള്‍ക്കും വിട്ടുമാറാത്തതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊറോണ വൈറസിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെപ്പറ്റി കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് പഠനത്തിലെ കണ്ടെത്തലുകള്‍ അടിവരയിടുന്നു.

വുഹാനിലെ ജിന്‍യിന്‍ടാന്‍ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജനുവരിക്കും മെയ് മാസത്തിനും ഇടയില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട 1733 കോവിഡ് രോഗികളുടെ പ്രതികരണങ്ങളാണ് ഗവേഷകര്‍ രേഖപ്പെടുത്തിയത്. ഇവരില്‍ 76 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് പറയുന്നു. 63 ശതമാനം പേരാണ് ക്ഷീണവും പേശികള്‍ക്ക് ബലക്കുറവും ഉണ്ടെന്നു മറുപടി നല്‍കിയത്.23 ശതമാനം പേര്‍ക്കാണ് ഉറക്ക പ്രശ്‌നം ഉള്ളത്.

94 രോഗികളിലെ ആന്റിബോഡി തോതില്‍ 52.5 % കുറവും രേഖപ്പെടുത്തി. ഇവരെ വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല.