ശരീരവണ്ണം കുറയ്ക്കുന്നതിന് പലവഴികള്‍ പരീക്ഷിക്കുന്നവരുണ്ട്. വ്യായാമത്തോടൊപ്പം ഭക്ഷണക്രമീകരണവും വണ്ണംകുറയ്ക്കുന്നതിന് പ്രധാനമാണ്. ഇത്തരത്തില്‍ നിത്യജീവിതത്തില്‍ പരീക്ഷിക്കാവുന്ന ഭക്ഷണവിഭവമാണ് ഓട്‌സ്. രുചികരവും ആരോഗ്യകരവുമാണെന്നത് ഇതിനോടുള്ള ഇഷ്ടം വര്‍ധിപ്പിക്കുന്നു. വളരെയെളുപ്പത്തില്‍ പാകംചെയ്യാനാകുമെന്നതും സഹായകരമാണ്.

പോഷകങ്ങള്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഓട്‌സ്. ശരീര ഭാരം നിയന്ത്രിക്കുന്നതോടൊപ്പം രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതിനും ഹൃദ്രോഗസാധ്യതകുറയ്ക്കുന്നതിനുമെല്ലാം ഓട്‌സ് സഹായിക്കുന്നു. ദഹനത്തിന് സമയമെടുക്കുമെന്നതിനാല്‍ ഈ ഭക്ഷണംകഴിച്ചാല്‍ വിശപ്പ് അനുഭവപ്പെടാതെ കൂടുതല്‍ സമയം നിലനിര്‍ത്താനും സാധിക്കും.

പാലുത്പന്നത്തിന് പകരം സസ്യഅധിഷ്ഠിത ബദലാണ് തിരയുന്നതെങ്കില്‍ ബദാം പാല്‍, സോയപാല്‍ എന്നിവയോടൊപ്പംതന്നെ ഓട്‌സ് പാലും മികച്ചതാണ്. കാല്‍സ്യം കൂടുതലായി അടങ്ങിയിരിക്കുന്ന ഓട്‌സ് പാലില്‍ പ്രോട്ടീനും വിറ്റാമിനുകളുംകൂടുതലായുണ്ട്. കലോറി കുറവായതിനാല്‍ ശരീരഭാരം കൂടുമെന്ന ഭയവും വേണ്ട. പഞ്ചസാര ചേര്‍ക്കാത്ത ഓട്‌സ് പാലാണ് കുടിക്കേണ്ടത് എന്നകാര്യം പ്രത്യേകം ഓര്‍മിക്കണം.

ഓട്‌സിലുണ്ടാക്കുന്ന മറ്റൊരു ഭക്ഷണമാണ് ഒാട്‌സ് സ്മൂത്തി. പാഴപഴം ഉപയോഗിച്ചോമറ്റോ തയാറാക്കുന്ന സ്മൂത്തികളിലേക്ക് അല്‍പം ഓട്‌സ് കൂടെ ചേര്‍ക്കാം. ഇന്‍സ്റ്റന്റ് ഓട്‌സില്‍ കൃത്രിമചേരുവകള്‍ ചേര്‍ക്കുമെന്നതിനാല്‍ പോഷകമൂല്യം കുറയ്ക്കും.