ഡല്‍ഹി: ഏതാനും കോവിഡ് വാക്‌സിനുകള്‍ക്ക് വരുന്ന ആഴ്ചകളില്‍ രാജ്യം അനുമതി നല്‍കിയേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാര്‍ത്താ സമ്മേളനത്തിനിടെ ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.

കോവിഡ് 19 വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിന്‍ ഉത്പാദനത്തിനും അത് എല്ലാവര്‍ക്കും എത്തിക്കുന്നതിനുമുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. രാജ്യത്ത് 2.39 ലക്ഷം എഎന്‍എം (ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫ്) മാരാണുള്ളത്. ഇതില്‍ 1.54 ലക്ഷം എഎന്‍എം മാരുടെ സേവനം മാത്രമെ വാക്‌സിന്‍ വിതരണത്തിന് ഉപയോഗിക്കൂ. കോവിഡ് വാക്‌സിന്‍ വിതരണം ആരോഗ്യ രംഗത്തെ മറ്റുപ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണിത്. കോവിഡ് വാക്‌സിന്‍ ആദ്യം നല്‍കുന്ന മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കും ആവശ്യമുള്ള വാക്‌സിന്‍ സംഭരിക്കാനുള്ള ശീതീകരണ സംവിധാനങ്ങള്‍ രാജ്യത്തുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര മന്ത്രാലയങ്ങളും തുടങ്ങിക്കഴിഞ്ഞു. വിവരങ്ങള്‍ കോവിന്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യും.

വാക്‌സിന്‍ വിതരണത്തിന് വേണ്ടിയുള്ള ദേശീയ തലത്തിലുള്ള വിദഗ്ധ സമിതി കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ രൂപവത്കരിച്ചു കഴിഞ്ഞു. വാക്‌സിന്‍ ആദ്യം നല്‍കേണ്ടത് ആര്‍ക്കൊക്കെ, വാക്‌സിന്‍ തിരഞ്ഞെടുപ്പ്, സംഭരണം, വിതരണം എന്നിവയെല്ലാം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിദഗ്ധ സമിതിയാണ് നല്‍കുന്നത്.