ഡല്‍ഹി: ഓക്‌സ്ഫഡ് സാധ്യതാ വാക്‌സീന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കിയത് ഇതു സ്വീകരിച്ചവരിലൊരാള്‍ക്ക് ‘ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്’ കണ്ടെത്തിയതിനെ തുടര്‍ന്നെന്നു വിവരം. വാക്‌സീന്‍ ഉല്‍പാദകരായ അസ്ട്രാസെനക ഇന്ത്യയിലെ പങ്കാളിയായ പുണെ സീറം ഇന്‍സ്റ്റിറ്റിയൂട്ടിനു നല്‍കിയ വിവരങ്ങളിലാണ് ഈ സൂചന. എന്നാല്‍ വാക്‌സീന്‍ സ്വീകരിച്ചതുകൊണ്ടാണോ രോഗാവസ്ഥ ഉണ്ടായതെന്നാണ് ഇനി വ്യക്തമാകേണ്ടത്.

സുഷുമ്‌ന നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനുണ്ടാകുന്ന വീക്കമാണ് ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്. 3 കാരണങ്ങളാല്‍ ഇതു സംഭവിക്കാം. 1. വാക്‌സീന്‍ സ്വീകരിച്ചതു വഴി ശരീരത്തിലെ പ്രതിരോധ ശേഷിയിലുണ്ടായ മാറ്റം. 2. നിര്‍ജീവമായിരുന്ന വൈറസുകളേതെങ്കിലും സജീവമായത്. 3. രോഗപ്രതിരോധ സംവിധാനം സ്വന്തം ശരീരത്തെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂണ്‍.

ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷണം നിര്‍ത്തുന്നത് ഇതാദ്യമല്ല. ഏപ്രിലില്‍ ആദ്യ ഘട്ട പരീക്ഷണ സമയത്തും വൊളന്റിയര്‍മാരിലൊരാള്‍ക്കു വിപരീത ഫലമുണ്ടായി പരീക്ഷണം നിര്‍ത്തിയിരുന്നു. സാധ്യതാ വാക്‌സീന്റെ സുരക്ഷിതത്വവും പരീക്ഷണവിവരങ്ങളും ബ്രിട്ടനിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റഗുലേറ്ററി ഏജന്‍സി വീണ്ടും പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.