ന്യൂഡല്‍ഹി: പശു സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രാലയം വരുന്നു. പശുക്കള്‍ക്കു നേരെയുള്ള അതിക്രമം തടയുന്നതിന് പ്രത്യേക വകുപ്പിന് നീക്കം ആരംഭിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് അമിത് ഷാ ഗോസംരക്ഷണ മന്ത്രാലയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

പശുക്കള്‍ക്കായി മന്ത്രാലയം രൂപീകരണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിരന്തര ആവശ്യമുയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അമിത്ഷാ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. പശുവകുപ്പ് വേണമെന്ന് യോഗി നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.

2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നപ്പോള്‍ ആദിത്യനാഥ് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.