ന്യൂഡല്‍ഹി/കൊല്‍ക്കത്ത: കശാപ്പിനു വേണ്ടി കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ എതിര്‍ത്ത് കൂടുതല്‍ സംസ്ഥാനങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന സൂചനയുമായി പശ്ചിമബംഗാള്‍, മണിപ്പൂര്‍ സര്‍ക്കാരുകള്‍ രംഗത്തെത്തി. കേന്ദ്ര ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് കേരള സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കളും രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സാധ്യത സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയതായും സെക്രട്ടറിയേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമത പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റവുമാണ്. കാലിച്ചന്തകള്‍ സംസ്ഥാന സര്‍ക്കാറിന്റെ അധികാര പരിധിയില്‍ വരുന്നതാണ്. അവിടെ കയറി നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ല. സംസ്ഥാനങ്ങളുടെ വിഷയത്തില്‍ ഇടപെടരുതെന്നാണ് കേന്ദ്രത്തോട് പറയാനുള്ളതെന്നും മമത പറഞ്ഞു.
ഭക്ഷ്യ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഒരാള്‍ എന്തു ഭക്ഷിക്കണമെന്ന് മറ്റൊരാള്‍ തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ല. റമസാന്‍ വ്രതാരംഭത്തിനു തൊട്ടു മുന്നോടിയായി ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയതിലെ കേന്ദ്ര സര്‍ക്കാറിന്റെ ദുരുദ്ദേശ്യത്തെയും മമത ചോദ്യം ചെയ്തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഒരു തരത്തിലും നടപ്പാക്കാന്‍ കഴിയില്ലെന്ന് മണിപ്പൂര്‍ മുന്‍ മന്ത്രിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ബി.ജെ.പി നേതാവുമായ നിമായ്ചന്ദ് ലുവാങ് പറഞ്ഞു. ക്രിസ്ത്യാനികളും മുസ്്‌ലിംകളും ഉള്‍പ്പെടെ മണിപ്പൂര്‍ ജനതയില്‍ ഭൂരിഭാഗവും ബീഫ് കഴിക്കുന്നവരാണ്. സസ്യാഹാരികളായ വൈഷ്ണവ വിഭാഗക്കാര്‍ ചെറിയൊരു ശതമാനം മാത്രമാണ്. ഈ ഉത്തരവ് സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടിയായി മാറുമെന്നും ലുവാങ് കൂട്ടിച്ചേര്‍ത്തു.