X

സി.പി.എം-സി.പി.ഐ പോര് മുറുകുന്നു

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ മാനേജുമെന്റിന് പാദസേവ ചെയ്യുന്ന സി.പി.എമ്മിന് എതിരെയുള്ള നിലപാട് സി.പി.ഐ കര്‍ക്കശമാക്കുന്നു. ഇന്നലെ ഈ വിഷയത്തില്‍ വിവിധ നേതാക്കള്‍ പ്രസ്താവനകളുമായി രംഗത്തെത്തി. സി.പി.ഐയില്‍ നിന്ന് പന്ന്യന്‍ രവീന്ദ്രനാണ് അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. വിദ്യാഭ്യാസമന്ത്രിയെയും എസ്.എഫ്.ഐയെയും കടുത്തഭാഷയിലാണ് പന്ന്യന്‍ വിമര്‍ശിച്ചത്.

ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി പത്ത് മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന് പന്ന്യന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ല. വിദ്യാഭ്യാസമന്ത്രി തന്നെ ഇടപെട്ട് സമരം അവസാനിപ്പിക്കണം. ചര്‍ച്ചയില്‍ നിന്നും മന്ത്രി ഇറങ്ങിപ്പോയത് അപഹാസ്യമാണെന്നും പന്ന്യന്‍ വിമര്‍ശിച്ചു.

ചില സംഘടനകള്‍ മാനേജ്‌മെന്റിന് പാദസേവ ചെയ്യുകയാണ്. ലോ അക്കാദമി വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്‍പര്യമില്ല. വിഷയത്തില്‍ സമവായ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം എസ്.എഫ്.ഐയുടെ ഈഗോയാണ്. പ്രിന്‍സിപ്പലിനെ മാറ്റാന്‍ മാനേജ്‌മെന്റ് തയാറായിട്ടും തങ്ങള്‍ നടത്തിയ ചര്‍ച്ചക്കപ്പുറത്തേക്ക് മറ്റൊരു ഫോര്‍മുല ഉണ്ടാവേണ്ട എന്നായിരുന്നു എസ്.എഫ്.ഐയുടെ നിലപാട്. എസ്.എഫ്.ഐ ചര്‍ച്ച വഴിതിരിച്ചു വിടുകയായിരുന്നുവെന്നു.

ഇതെല്ലാം കേരളജനത കാണുന്നുവെന്ന് ഓര്‍ക്കണമെന്നും പേരൂര്‍ക്കടയിലെ സമരപ്പന്തലിലെത്തിയ പന്ന്യന്‍ തുറന്നടിച്ചു.അതേസമയം, ലോ അക്കാദമി സമരം അന്യായമാണെന്ന വാദവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത് വന്നു. ലോ അക്കാദമിക്ക് സി.പി.എമ്മിന്റെ പിന്തുണയില്ല. അവിടെ നടക്കുന്നത് ബി.ജെ.പി സ്‌പോണ്‍സേര്‍ഡ് സമരമാണ്. നടരാജപിള്ളയെ കുറിച്ചുള്ള ചര്‍ച്ച അനാവശ്യമാണെന്നും കടകംപള്ളി പറഞ്ഞു. ലോ അക്കാദമിയുടെ ഭൂമിവിഷയത്തില്‍ വി.എസ് അച്യുതാനന്ദന്‍ നടത്തിയ അഭിപ്രായപ്രകടനത്തെയും കടകംപള്ളി തള്ളി.

ലോ അക്കാദമി സമരത്തിലെ വി.എസിന്റെ നിലപാട് അദ്ദേഹത്തിന്റേത് മാത്രമെന്നും വി.എസ് എല്ലാ കാര്യത്തിലും അദ്ദേഹത്തിന്റെ നിലപാട് പുലര്‍ത്തുന്നുവെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ലോ അക്കാദമി സമരത്തില്‍ കേന്ദ്രനേതൃത്വം ഇടപെടില്ലെന്ന് വ്യക്തമാക്കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിഷയത്തില്‍ ഇടപെട്ടു. കേന്ദ്ര നേതൃത്വം ഇടപെടേണ്ട സാഹചര്യമില്ല. ഇതു സംസ്ഥാന വിഷയമാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാറും സംസ്ഥാന നേതൃത്വവുമാണെന്നും യെച്ചൂരി പറഞ്ഞു.

ലോ അക്കാദമിയിലെ ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഭൂമി ദാനം പരിശോധിക്കേണ്ടതേയില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചപ്പോള്‍, റവന്യൂവകുപ്പിന്റെ പരിശോധന തുടരുകയാണെന്നും അതുകഴിഞ്ഞാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന്

പിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സര്‍ക്കാറിനെതിരെ രംഗത്ത് എത്തിയിരുന്നു. വിദ്യാര്‍ത്ഥി സമരം തീര്‍ക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും വിദ്യാര്‍ത്ഥി ഐക്യം സമരഐക്യമായി വളരും. രാഷ്ട്രീയ ന്യായങ്ങള്‍ കണ്ടുപിടിച്ച് വിദ്യാര്‍ത്ഥി ഐക്യം തകര്‍ക്കാനുള്ള ശ്രമം ശരിയല്ലെന്നും കാനം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു മുതിര്‍ന്ന നേതാവ് സി.പി.എം മന്ത്രിക്കും എസ്.എഫ്.ഐക്കുമെതിരെ രംഗത്തുവന്നത്.

chandrika: