കെ.എം കോയ

സംഘ്പരിവാര്‍ ശക്തികളെ ഫാസിസ്റ്റ് ശക്തിയെന്ന് വിലയിരുത്താന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട മുന്‍ സെക്രട്ടറി പ്രകാശ്കാരാട്ടിന്റെ പാതയില്‍നിന്ന് സി.പി.എം ഇനിയും മോചിതമായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ആറ് വര്‍ഷത്തെ ബി.ജെ.പി ഭരണത്തോടുള്ള സമീപനം. വേട്ടക്കാരനൊപ്പം നിലകൊള്ളുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഡബിള്‍ റോള്‍ അനാവരണം ചെയ്യുന്നതാണ് അവര്‍ സ്വീകരിച്ചുവരുന്ന നിലപാടുകള്‍. ജ്യോതി ബസുവിന്റെ കാലഘട്ടം സ്വതന്ത്ര ഇന്ത്യയില്‍ സി.പി.എമ്മിന്റെ സുവര്‍ണ്ണ അധ്യായം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ബസു മാറി ബംഗാളില്‍ ബുദ്ധദേവ് നേതൃത്വം ഏറ്റെടുത്തതോടെ, സി.പി.എം നയസമീപനം മാറ്റുകയായിരുന്നു. അക്കാലങ്ങളില്‍ അഖിലേന്ത്യാ നേതൃത്വത്തെ നിയന്ത്രിച്ചിരുന്നത് ബംഗാള്‍ പാര്‍ട്ടിയാണ്. ആദ്യം ബംഗാള്‍, ത്രിപുര സര്‍ക്കാറുകളെ പിടിച്ച്‌നിര്‍ത്താന്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിച്ചു. നരസിംഹറാവുവിന്റെ കാലഘട്ടത്തില്‍ സി. പി.എം നന്നായി അധികാര രാഷട്രീയം ആസ്വദിച്ചു. പ്രഥമ യു.പി.എ സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. ഇത്തരം ഘട്ടത്തില്‍ സി.പി.എമ്മില്‍ ഉയര്‍ന്നുവരുന്ന ‘ആദര്‍ശ ബോധം’ ആണവ പ്രശ്‌നത്തിന്റെ പേരില്‍ പ്രതിസന്ധി സൃഷ്ടിച്ചു. അവസാനം യു.പി.എ വിടാന്‍ നിര്‍ബന്ധിതരാക്കി. സി.പി.എമ്മിന്റെ തകര്‍ച്ച പിന്നീട് തുടര്‍കഥയായി മാറുന്നതാണ് ദേശീയരാഷ്ട്രീയത്തില്‍ ദൃശ്യമായത്.

ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടമാകുകയും കേരളത്തില്‍ ഭരണത്തില്‍ തിരിച്ചെത്തുകയും ചെയ്തയോടെ, സി.പി.എം കേന്ദ്ര നേതൃത്വത്തെ കേരള ഘടകം കീഴടക്കി. ബംഗാള്‍ പാര്‍ട്ടി എന്ന സ്വാധീനകേന്ദ്രം തകന്നടിഞ്ഞു. പ്രകാശ്കാരാട്ട് ജനറല്‍ സെക്രട്ടറിയായപ്പോള്‍ കേരള താല്‍പര്യം മാത്രമാണ് അദ്ദേഹത്തെ നയിച്ചത്. കാരാട്ട് കേരള കൂട്ടുകെട്ടിന്റെ താല്‍പര്യത്തിനെതിരായി നിലകൊണ്ട വി.എസ്.അച്യുതാനന്ദനെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വന്‍ സമ്മര്‍ദ്ദത്താല്‍ തിരുത്തേണ്ടിവന്നു. നിയമസഭ സീറ്റ് നല്‍കി എങ്കിലും വി.എസിന് പൊളിറ്റ് ബ്യൂറോ അംഗത്വം നിഷേധിച്ചു. ഈ സ്ഥിതി തുടരുമ്പോഴണ് ലാവ്‌ലിന്‍ കേസ് സജീവമാവുന്നത്. വി.എസിന്റെ കടുത്ത വിമര്‍ശനവുമായി ഏറ്റുമുട്ടാന്‍ പിണറായി പ്രയാസപ്പെട്ടു. വിഷയം സുപ്രിംകോടതിയില്‍ എത്തി നില്‍ക്കുന്നു. ഇതിലിടക്ക് വി.എസ് തളര്‍ന്നു. പിണറായി സി.പി.എമില്‍ ഏകാധിപതിയായി വളര്‍ന്നു. ഹൈക്കോടതി ഒഴിവാക്കിയെങ്കിലും വീണ്ടും പിണറായി പ്രതി പട്ടികയില്‍ വരുമോ? സുപ്രിം കോടതി വിധി കാത്തിരിക്കുന്നു. സുപ്രീംകോടതിയില്‍ കേസ് രണ്ടാഴ്ച മുന്‍പ് ബഞ്ച് ആദ്യം മാറ്റി. ജഡ്ജ് മാറി. എന്നാല്‍ കൗതുകം ജനിപ്പിക്കുന്ന മറ്റൊരു സംഭവം അരങ്ങേറി. പഴയ ജഡ്ജ് തന്നെ വൈകാതെ കേസ് വിചാരണക്ക് തയാറായി. ലാവ്‌ലിന്‍ കേസില്‍ എന്താണ് ഈ മറിമായം? ആര്‍ക്കും ഒരു നിശ്ചയവുമില്ല. ദീര്‍ഘനാളെത്തെ കാത്തിരിപ്പിന്‌ശേഷം, സുപ്രിം കോടതിയില്‍ എത്തിയ കേസ് ഇനി എപ്പോള്‍ വരും? വൈകുകയാണോ വൈകിപ്പിക്കുകയാണോ?. കേസ് അനിശ്ചിതമായി നീണ്ടുപോകണമെന്ന താല്‍പര്യം സി.പി.എമ്മിന് ഉണ്ടോ.? കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി സി.ബി.ഐ എന്ത്‌കൊണ്ട് ആത്മാര്‍ത്ഥമായ ശ്രമം നടത്തുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.

എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നീ കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ട് പറക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം വന്‍ പ്രചാരണത്തോടെ ആരംഭിച്ചപ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. നിരവധി തവണ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്തു. ശിവശങ്കറും സ്വപ്‌ന സുരേഷും സൈ്വരവിഹാരം നടത്തിയ #ാറ്റിലും റെയ്ഡ് നടത്തി. എന്നിട്ടും ശിവശങ്കറിന്റെ സ്വന്തം വീട്ടില്‍ എന്ത്‌കൊണ്ട് റെയ്ഡ് നടന്നില്ല. ശിവശങ്കര്‍ ഇപ്പോള്‍ സര്‍വധികാരിയായി പുറത്തുണ്ട്. മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിക്കുന്ന ഒരുകാര്യമുണ്ട്. കേസെടുക്കില്ല. ഇങ്ങനെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ ഏത് കേന്ദ്രത്തില്‍നിന്നാണ് അവര്‍ക്ക് വാഗ്ദാനം ലഭിച്ചത്? വിശുദ്ധ ഖുര്‍ആന്‍ ആയുധമാക്കി വിഷയം തിരിച്ച്‌വിടാനാണ് കോടിയേരി ശ്രമിക്കുന്നത്. ഖുര്‍ആന്‍ വിതരണമല്ല പ്രശ്‌നം. വിദേശ ചട്ടം ലംഘനം നടന്നിട്ടുണ്ടോ? ആദ്യം കെ.ടി ജലീല്‍ സകാത്തിനെ കുറിച്ചായിരുന്നു പറഞ്ഞിരുന്നതു. പിന്നീട് യു.എ.ഇ സര്‍ക്കാര്‍ ഖുര്‍ആന്‍ നല്‍കിയതായി അവകാശപ്പെട്ടു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സാക്ഷിയാക്കി പുതിയ വാദം അവതരിപ്പിച്ചുവെങ്കിലും ജലീലിന്റെ കുതന്ത്രം തിരിച്ചറിഞ്ഞു. കേരളീയ സമൂഹം വിസ്മരിച്ച മാറാട് സംഭവംവരെ പുറത്തെടുത്ത് ഹൈന്ദവ വികാരം ആളിക്കത്തിക്കാനും കോടിയേരി ശ്രമിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തികാണിച്ച് ന്യൂനപക്ഷ വികാരവും മാറാട് സംഭവം പറഞ്ഞ് ഭൂരിപക്ഷ വികാരവും ആളിക്കത്തിക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രം കേരളീയ സമൂഹം തിരിച്ചറിയുന്നു. കര്‍ണാടകയിലെ മയക്കുമരുന്ന് കേസില്‍ ബി. ജെ.പി സര്‍ക്കാര്‍ അന്വേഷണം ഊര്‍ജിതമാക്കുമ്പോള്‍, നിരവധി തെളിവുകള്‍ പുറത്ത്‌വന്നിട്ടും കോടിയേരി ബാലകൃഷ്ണന്റെ മകന് എതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. മകന്റെ പേരിലുള്ള വിവാദത്തില്‍ ശ്രദ്ധ തിരിക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്ന് അറിയാത്തവര്‍ സഖാക്കള്‍ മാത്രം. സഹമന്ത്രിയുടെ മകന്റെ ഫോട്ടോ സ്വപ്‌നയോടൊപ്പം വന്നതിനെകുറിച്ച് കോടിയേരി പരാമര്‍ശിച്ചത് വിഷയം ലൈവ് ആയി നിലനിര്‍ത്തുക എന്ന താല്‍പര്യം തന്നെ. അതിലേറെ വിചിത്രം മയക്കുമരുന്ന് കേസിന് സ്വര്‍ണ്ണ കടത്തുമായി ബന്ധമുണ്ടായിട്ടും കസ്റ്റംസിന്റെ നിസ്സംഗത എന്തിന്? കര്‍ണ്ണാടക ബി.ജെ.പി സര്‍ക്കാര്‍ കോടിയേരിയുടെ മകനെ വെറുതെ വിടുകയാണോ. നാര്‍ക്കോട്ടിക് വിഭാഗം കേരളത്തിലെ ഇത് സംബന്ധിച്ച അന്വേഷണം തടസ്സപ്പെടുത്തുകയാണോ? കോടിയേരിയുടെ മൂത്ത പുത്രന്റെ ഡി. എന്‍.എ ഫലം എന്ത്‌കൊണ്ടാണ് ബീഹാറിലെ ബി.ജെ.പി പുറത്ത് വിടാത്തത്. സ്വര്‍ണ കടത്ത് കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാന്‍ സെക്രട്ടറിയേറ്റിലെത്താന്‍ എന്‍.ഐ.എ എന്ത്‌കൊണ്ടു താമസിച്ചു. ആവേശം കുറഞ്ഞത് സംശയകരമല്ലേ? ലൈഫ്മിഷന്‍ അഴിമതി കേസില്‍ പ്രൊട്ടോകാള്‍ ലംഘനം നടന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടും ആവശ്യപ്പെട്ട രേഖ എന്‍. ഐ.എക്ക് നല്‍കാന്‍ കാലതാമസം വരുന്നത് ദുരൂഹമല്ലേ? ഇതിലിടക്കുണ്ടായ സെക്രട്ടറിയേറ്റിലെ പ്രൊട്ടോകാള്‍ ഓഫീസിലെ തീപിടുത്തം സംശയികാവുന്നതല്ലെ? തിരുവനന്തപുരം വിമാനത്താവളം ബി.ജെ.പി യുടെ സ്വന്തക്കാരനായ അദാനിക്ക് നല്‍കിയപ്പോള്‍, അദ്ദേഹത്തിന്റെ സ്ഥാപനവുമായി നടത്തിയ ഒത്തുകളിയുടെ പിന്നിലെ രാഷ്ട്രീയ താല്‍പര്യം പ്രകടമാണ്. അദാനിക്കു വിമാനത്താവളം നല്‍കിയതു ലാവ് ലിന്‍ കേസില്‍ കേന്ദ്ര സര്‍കാര്‍ നല്‍കിയ ഒത്താശക്കു പകരമാമാണ് എന്ന വിമര്‍ശനത്തിന് എന്ത്‌കൊണ്ട് പിണറായി സര്‍ക്കാറിന് മറുപടിയില്ല. സ്വര്‍ണ കടത്ത് കേസിന് കേരള മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കാതിരുന്നത് ആരെ രക്ഷിക്കാനാണെന്ന് കേരളീയ സമൂഹം തിരിച്ചറിയുന്നു.

ലാവ്‌ലിന്‍ കേസ് ഒതുക്കാന്‍ കേരള സി.പി.എം നല്‍കുന്ന വിലയാണോ കേന്ദ്രവുമായുള്ള ഈ ഒത്തുതീര്‍പ്പ് രാഷട്രീയം. കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ അവസരം നിരവധി തവണ ലഭിച്ചപ്പോഴും പിണറായി മൗനമായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ദിനംപ്രതി പിണറായി മുഖ്യനും മന്ത്രി കടകംപള്ളിയും ആവര്‍ത്തിക്കുന്നത് ആരു നല്‍കിയ വാഗ്ദാനത്തിന്റെ പിന്‍ബലത്തിലാണ്. പരസ്യമായി പോര്‍വിളിയും രഹസ്യമായി പരസ്പരധാരണയും. പാലത്തായി പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി അധ്യാപകനെ കുറ്റവിമുക്തനാക്കാന്‍ പിണറായ് പൊലീസ് കാണിക്കുന്ന ആവേശം ഇതിന്റെ ഭാഗം തന്നെ. കോഴിക്കോട്ടെ രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്താന്‍ വിട്ടുകൊടുത്തത് അവര്‍ താഹയും ശുഹൈബും ആയത്‌കൊണ്ടല്ലേ? പാര്‍ലമെന്റില്‍ സിതാറാം യെച്ചൂരിയുടെ കനപ്പെട്ട ശബ്ദം ഒഴിവാക്കാന്‍ ബി.ജെ.പിയില്‍ നിന്ന് അച്ചാരം വാങ്ങിയത് പിണറായി വിജയനും കേരള സി.പി.എമ്മും (ലാവ്‌ലിന്‍ പേടി) തന്നെ. പാര്‍ലമെന്റില്‍ പ്രതിപക്ഷനിരക്ക് യെച്ചൂരി സാന്നിധ്യം ശക്തി പകരുമെന്ന് ബി.ജെ.പി വിലയിരുത്തുന്നു. ബംഗാളില്‍നിന്ന് സ്വന്തം സീറ്റ് വിട്ടുകൊടുക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടും പിണറായിയെ സ്വാധീനിച്ച് യെച്ചൂരിയെ പി.ബി മുഖേന തടയുകയായിരുന്നില്ലേ? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്കെതിരെ ബംഗാളില്‍ ഒന്നിച്ച്‌നില്‍ക്കാമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നിലപാട് എടുക്കുന്നുണ്ട്. ഈ നീക്കം തകര്‍ക്കാന്‍ സി.പി.എം പൊളിറ്റ് ബ്യൂറോവിനെ പിണറായി വഴി സ്വാധിനിക്കാന്‍ ബി.ജെ.പി തന്ത്രം മെനയും. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കരുത്ത് നേടുന്നത് തടയുകയാണ് ബി.ജെ. പി ലക്ഷ്യമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കുമ്പോള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം-ബി.ജെ.പി ഭായ് ഭായ് ഉറപ്പ്.