കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നല്‍കി സിപിഎം എംഎല്‍എ ബിജെപിയിലേക്ക്. ഹാല്‍ദിയ എംഎല്‍എ തപസി മൊണ്ഡല്‍ ആണ് സിപിഎമ്മിന്റെ പ്രാഥമിക അംഗത്വം രാജിവച്ചത്. നേരത്തെ ഇവരുടെ ഭര്‍ത്താവും സിപിഎം നേതാവുമായ അര്‍ജുന്‍ മൊണ്ടല്‍ ബിജെപിയില്‍ ചേര്‍്ന്നിരുന്നു.

സിപിഎമ്മില്‍ നിന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യാന്‍ പറ്റില്ല. മികച്ച അവസരം നല്‍കുന്ന ഏതു പാര്‍ട്ടിയിലും താന്‍ ചേരും- തപാസി മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മില്‍ നിന്ന് തനിക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നു എന്നും അവര്‍ വെളിപ്പെടുത്തി.

പാര്‍ട്ടി പുര്‍ബമെദിനപൂര്‍ ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹിയില്‍ നിന്ന് തനിക്ക് അപമാനം നേരിടേണ്ടി വന്നു. അദ്ദേഹം വ്യക്തിഗത നേട്ടങ്ങള്‍ക്കായി ആ പദവി ദുരുപയോഗം ചെയ്യുകയാണ്. ഭര്‍ത്താവിന്റെ പാത പിന്തുടരുമോ എന്ന ചോദ്യത്തിന് ഒരേ കുടുംബത്തിലെ രണ്ടു പേര്‍ വ്യത്യസ്ത പാര്‍ട്ടികളുടെ പദവികളില്‍ ഇരിക്കുന്നത് ശരിയല്ല എന്നായിരുന്നു തപസിയുടെ പ്രതികരണം.

എന്നാല്‍ പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ജനം അതു മറക്കില്ലെന്ന് ഇടത് എംഎല്‍എ സുജന്‍ ചക്രബര്‍ത്തി പ്രതികരിച്ചു. ബിജെപിയുടെയും തൃണമൂലിന്റെയും രാഷ്ട്രീയത്തോട് ഒരു യഥാര്‍ത്ഥ ഇടതു നേതാവിനും യോജിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.