മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസീന്‍ ജഹാന്‍ രാഷ്ട്രീയത്തിലേക്ക്. ചൊവ്വാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഹസീന്‍ ചേര്‍ന്നതോടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.

മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്വിറ്റര്‍ പേജില്‍ എം.സി പ്രസിഡണ്ട് സഞ്ജയ് നിരുപം ഹസീന്‍ ജഹാനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനമാരോപിച്ചതിനെ തുടര്‍ന്നാണ് ഹസീന്‍ ജഹാന്‍ മാധ്യമശ്രദ്ധ നേടിയത്. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവര്‍ ഇപ്പോള്‍ ഷമിയുമായി വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. ഷമിയില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിനായി കൊല്‍ക്കത്ത അലിപ്പൂര്‍ കോടതിയില്‍ ഇവര്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.