ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ രണ്ട് പെണ്‍മക്കളെ മാതാപിതാക്കള്‍ തലക്കടിച്ച് കൊന്നു. 22ഉം 27ഉം വയസ്സുള്ള പെണ്‍മക്കളെയാണ് കൊന്നത്. മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സ്‌കൂള്‍ പ്രിന്‍സിപ്പലായ അമ്മ സ്വന്തം പെണ്‍ മക്കളായ അലേക്യ (27), സായ് ദിവ്യ (22) എന്നിവരെ പൂജ മുറിയില്‍ വെച്ച് ഡംബെല്‍ ഉപയോഗിച്ച് കൊലപ്പെടുത്തി ബലിയര്‍പ്പിച്ചത്.

അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്നും കലിയുഗം അവസാനിക്കുകയും സത്‌യുഗം ആരംഭിക്കുമെന്നും മന്ത്രവാദി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച രാത്രിയില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ വീട്ടില്‍ നിന്നും വന്നതിനെത്തുടര്‍ന്നാണ് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുന്നത്. മരിച്ച ഇളയ പെണ്‍കുട്ടി മുംബൈയില്‍ എ.ആര്‍ റഹ്മാന്‍ മ്യൂസിക് സ്‌കൂളില്‍ പഠിക്കുകയായിരുന്നു. കൊലപാതകം നടത്തിയ അച്ഛന്‍ കോളജ് പ്രൊഫസറും അമ്മ സ്‌കൂള്‍ പ്രിന്‍സിപ്പലുമാണ്.

മൂത്ത മകളായ അലേഖ്യ ഭോപ്പാലില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയപ്പോള്‍ ഇളയ മകള്‍ സായ് ദിവ്യ ബിബിഎ ബിരുദധാരിയായിരുന്നു. മുംബൈയിലെ എ ആര്‍ റഹ്മാന്‍ മ്യൂസിക് സ്‌കൂളിലെ സ്റ്റുഡന്റ് കൂടിയായിരുന്നു ദിവ്യ.