ലഖ്‌നൗ: പതിനാലു വയസുകാരിയായ ഷൂട്ടിംഗ് താരം സ്വന്തം അമ്മയെയും സഹോദരനെയും വെടിവച്ചു കൊലപ്പെടുത്തി. ലഖ്‌നൗവിലാണ് സംഭവം. റെയില്‍വേയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളാണ് 14 വയസുകാരിയായ പെണ്‍കുട്ടി. പെണ്‍കുട്ടി മുത്തച്ഛനും മുത്തശ്ശിയും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു എന്നതാണ് പൊലീസ് പറയുന്നത്. ഇവരാണ് സംഭവം പൊലീസില്‍ അറിയിച്ചത്.

പൊലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടി കടുത്ത വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നുവെന്നും, ഇതാണ് അനിഷ്ടസംഭവത്തിലേക്ക് നയിച്ചത് എന്നുമാണ് ലഖ്‌നൗ പൊലീസ് കമ്മീഷ്ണര്‍ സുജിത്ത് പാണ്ഡേ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം അരങ്ങേറിയത്. ലഖ്‌നൗവിലെ ഗൌതംപാലി പ്രദേശത്തായിരുന്നു സംഭവം ഉന്നത പൊലീസ് അംഗങ്ങള്‍ സ്ഥലത്ത് എത്തി പൊലീസ് നായയെ അടക്കം എത്തിച്ച് പരിശോധന നടത്തി. ഒടുവില്‍ കൊലപാതകത്തിന് ഉപയോഗിച്ച 22 ബോര്‍ പിസ്റ്റള്‍ കണ്ടെത്തി. ഒപ്പം പെണ്‍കുട്ടിയുടെ ബാത്ത്‌റൂമില്‍ നിന്നും രക്തത്തില്‍ എഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തി.

വൈകീട്ട് ആറുമണിയോടെ പൊലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചു. ബാത്ത് റൂമില്‍ വച്ച് ആദ്യം കൈ അറുത്ത് ആത്മഹത്യ ചെയ്യാനാണ് പെണ്‍കുട്ടി ശ്രമിച്ചത്. എന്നാല്‍ പിന്നീട് തോക്ക് എടുത്ത് ബാത്ത് റൂമിലെ കണ്ണാടി വെടിവച്ച് തകര്‍ത്തു. പിന്നീട് പുറത്തിറങ്ങി. മയക്കത്തിലായിരുന്ന അമ്മയെയും സഹോദരിയെയും വെടിവയ്ക്കുകയായിരുന്നു പെണ്‍കുട്ടി കുറ്റസമ്മത മൊഴിയില്‍ പറയുന്നു.മൂന്ന് റൗണ്ടാണ് പെണ്‍കുട്ടി വെടിവച്ചത്. പെണ്‍കുട്ടി ദേശീയ തലത്തില്‍ നിരവധി ഷൂട്ടിംഗ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.