ഗോള്‍.കോമിന്റെ മികച്ച ഫുട്‌ബോളറായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടു.വര്‍ഷാവര്‍ഷം ഗോള്‍.കോം തെരഞ്ഞെടുക്കുന്ന മികച്ച അന്‍പത് ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയിലാണ് വീണ്ടും ഒന്നാമനായത്. നിലവിലെ ജേതാവായ് ക്രിസ്റ്റിയാനോ ഇതു അഞ്ചാം തവണയാണ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. കഴിഞ്ഞ സീസണില്‍ സ്പാനിഷ് ക്ലബ് റയലിനൊപ്പം ലാലീഗയും ചാമ്പ്യന്‍സ് ലീഗും നേടിയതാണ് പേര്‍ച്ചുഗീസ് താരത്തെ അവാര്‍ഡിന് യോഗ്യനാക്കിയത്. ഇറ്റലിയുടെ കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ രണ്ടാമതും റയല്‍ മാഡ്രിഡിന്റെ തന്നെ ക്രായേഷ്യന്‍ മധ്യനിര താരം ലൂക്കാ മോഡ്രിച് മൂന്നാമതും ഫിനീഷ് ചെയ്തു. അതേസമയം ബാര്‍സിലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതി റയല്‍ നേടിയപ്പോള്‍ അതില്‍ ക്രിസ്റ്റിയാനോ പ്രകടനം വിലമതിക്കാത്തതായിരുന്നു. ബയേണ്‍ മ്യൂണിക്കെനിരെ ഹാട്രിക് ഉള്‍പ്പടെ ഇരുപാദങ്ങളിലായി അഞ്ചു ഗോള്‍. സെമിയില്‍ നഗരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ വീണ്ടും ഹാട്രിക്. ഫൈനലില്‍ യുവന്റസിനെതിരെ നിര്‍ണ്ണായക ഗോള്‍ ഇങ്ങനെ നീളുന്നു ലോക ഫുട്‌ബോളറുടെ കഴിഞ്ഞ സീസണലിലെ കണക്കുകള്‍.ലാലീഗയില്‍ 29 മത്സരങ്ങളില്‍ നിന്നായി 25 ഗോള്‍ നേടിയ ക്രിസ്റ്റിയാനോ റയലിന് 2012നു ശേഷം ആദ്യ ലീഗ് കിരീടം നേടികൊടുക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ചു.

ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് ഇരട്ടകിരീടം നേടികൊടുത്തതാണ് ജിയാന്‍ലൂജി ബഫണിനെ അമ്പത് അംഗ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 16-ാം സ്ഥാനത്തായിരുന്ന ബഫണ്‍ ചാമ്പ്യന്‍സ് ലീഗില്‍  യുവന്റസിനായി ഗ്ലൗവണഞ്ഞിരുന്നെങ്കിലും ഫൈനലില്‍ റയലിന്റെ മുന്നില്‍ തലകുനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിന്റെ മധ്യനിരയില്‍ അസാമ്യന പ്രകടനം പുറത്തെടുത്ത ക്രായേഷ്യന്‍ താരം ലൂക്കാ മോഡ്രിച് മൂന്നാം സ്ഥാനത്തിന് അര്‍ഹനായി. കഴിഞ്ഞ വര്‍ഷം 52 കളികളില്‍ നിന്നായി 54 ഗോള്‍ നേടിയെങ്കിലും അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുമ്പ് നാലു തവണ ഈ പുരസ്‌കാരത്തിന് മെസ്സി അര്‍ഹനായിട്ടുണ്ട്. പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ ആറാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്.