കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കസ്റ്റംസ്. ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്നു കസ്റ്റംസ് പറഞ്ഞു. ശിവശങ്കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണെന്നാണും കസ്റ്റംസ് പറയുന്നു. ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

മരുന്ന് കഴിച്ചാല്‍ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുള്ളതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ വാദിച്ചു. ശിവശങ്കറിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നു വ്യക്തമാക്കി കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ പരാമര്‍ശങ്ങള്‍.

ശിവശങ്കര്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. ചോദ്യം ചെയ്യല്‍ ഒഴിവാക്കാനായാണ് അസുഖമുള്ളതായി ഭാവിച്ചത്. ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്കു പോകണമെന്ന് അദ്ദേഹം വാശിപിടിക്കുകയായിരുന്നുവെന്നും കസ്റ്റംസിന്റെ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.