ഇഗ്‌ലാസ്: ജാതി വ്യവസ്ഥിതികള്‍ അപ്രസക്തമാകുന്ന പുതിയ കാലത്ത് തറയില്‍ ഇരുന്നും സ്വന്തം പാത്രത്തില്‍ ഭക്ഷണം കഴിച്ചും ബിജെപി ദളിത് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഉത്തര്‍പ്രദേശിലെ ഇഗ്‌ലാസ് സ്ഥാനാര്‍ത്ഥി രാജ്‌വീര്‍ ദിലറാണ് ജാതി വ്യവസ്ഥിതികളുടെ ചട്ടങ്ങള്‍ ലംഘിക്കാതെ പ്രചാരണം നടത്തുന്നത്.

മേല്‍ജാതിക്കാരുടെ വീടുകളിലെത്തുമ്പോള്‍ തറയിലിരുന്ന് വീട്ടുകാരോട് സംസാരിക്കുകയും വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന രാജ്‌വീര്‍ ഭക്ഷണം കഴിക്കുന്നതിന് സ്വന്തമായി പാത്രങ്ങള്‍ കൊണ്ടുപോകാനും മറക്കാറില്ല. തന്റെ വരവ് കാരണം മേല്‍ജാതിക്കാര്‍ക്ക് അശുദ്ധിയുണ്ടാവാതിരിക്കാനാണ് നടപടിയെന്നാണ് രാജ്‌വീറിന്റെ വിശദീകരണം.

ദളിതര്‍ക്ക് സംവരണം ചെയ്ത സീറ്റാണ് ഇഗ്‌ലാസ്. 90000 ജാട്ട് വോട്ടര്‍മാരാണ് ഇവിടെയുള്ളത്. വാല്‍മികിയെന്ന വിഭാഗത്തില്‍പ്പെട്ടയാളാണ് രാജ്‌വീര്‍. ‘ഞാന്‍ വാല്‍മികിയുടെ പുത്രനാണ്. എനിക്ക് പാരമ്പര്യം തകര്‍ക്കാനാവില്ല. ലോകം മാറിക്കോട്ടെ, എന്നാല്‍ ഞാന്‍ മാറില്ല, എന്റെ പാരമ്പര്യമാണ് എന്റെ ജീവിതം’ -ഇതായിരുന്നു രാജ്‌വീറിന്റെ പ്രതികരണം. എംഎല്‍എയും എംപിയുമായിരുന്ന കിഷന്‍ ലാലിന്റെ മകനാണ് രാജ്‌വീര്‍.