News

ഡാമിയന്‍ മാര്‍ട്ടിന് മസ്തിഷ്‌കജ്വരം; ആരോഗ്യനില അതീവ ഗുരുതരം, ക്രിക്കറ്റ് ലോകം പ്രാര്‍ത്ഥനയില്‍

By webdesk18

December 31, 2025

മെൽബൺ: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്‍ട്ടിന് മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍. 54 വയസ്സുകാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മാര്‍ട്ടിനെ ബ്രിസ്ബനിലെ ഗോള്‍ഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാര്‍ട്ടിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കുടുംബത്തിന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് സ്ഥിരീകരിച്ചു.

മാര്‍ട്ടിന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ഭാര്യ അമാന്‍ഡയ്ക്കും കുടുംബത്തിനും നിരവധി പേര്‍ പ്രാര്‍ത്ഥനകളും ആശംസകളും അയയ്ക്കുന്നുണ്ടെന്നുമാണ് ഗില്‍ക്രിസ്റ്റ് അറിയിച്ചത്. മുന്‍ ഇന്ത്യന്‍ ബാറ്റര്‍മാരായ വി.വി.എസ്. ലക്ഷ്മണും ആര്‍. അശ്വിനും മാര്‍ട്ടിന്റെ രോഗശാന്തിക്കായി പ്രാര്‍ഥത്ഥന നേര്‍ന്നിട്ടുണ്ട്. ആരോഗ്യനില ഗുരുതരമായതോടെ ലോകമാകെ ക്രിക്കറ്റ് ആരാധകരും താരങ്ങളും ആശങ്കയിലാണ്. 21ാം വയസ്സില്‍ ഓസ്‌ട്രേലിയയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഡാമിയന്‍ മാര്‍ട്ടിന്‍ 67 ടെസ്റ്റുകളും 208 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ 46.37 ശരാശരിയില്‍ 4,406 റണ്‍സ് നേടിയ അദ്ദേഹം 13 സെഞ്ചുറികളും കുറിച്ചിട്ടുണ്ട്. 2005ല്‍ ന്യൂസീലന്‍ഡിനെതിരേ നേടിയ 165 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. 1992ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മാര്‍ട്ടിന്‍ 2006ലെ ആഷസ് പരമ്പരയ്ക്കിടെയാണ് വിരമിച്ചത്. 2003ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം. ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരേ പുറത്താകാതെ 88 റണ്‍സ് നേടി കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.