ഒറിഗോണ്‍: മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയുടെ ഇരകളായി അലയുന്ന ഈ സാധു മൃഗങ്ങളുടെ ചിത്രങ്ങള്‍ മനുഷ്യത്വമുള്ള ആരുടേയും കരളലിയിക്കും. ശരീരത്തില്‍ തറച്ചു കയറിയ അമ്പുകളുമായി നടക്കുന്ന മാനുകളുടെ ചിത്രങ്ങളാണ് ഒറിഗോണ്‍ സ്‌റ്റേറ്റ് പൊലീസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല.

കഴിഞ്ഞ ആഴ്ചയാണ് ശരീരത്തില്‍ തറച്ചു കയറിയ അമ്പുമായി അലയുന്ന മാനിനെ കുറിച്ച് ഒറിഗോണ്‍ വൈല്‍ഡ് ലൈഫ് ഡിപാര്‍ട്‌മെന്റിന് വിവരം കിട്ടിയത്. ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തി തിരിച്ചില്‍ നടത്തിയപ്പോള്‍ ഒരു അമ്പ് തറച്ചു കയറിയ മാനിനെ കണ്ടെങ്കിലും ഇതിനെ പിടികൂടാനായില്ല. മാനുകളെ പിടികൂടി ശസ്ത്രക്രിയയിലൂടെ അമ്പ് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് വന്യജീവി ഉദ്യോഗസ്ഥര്‍.

ഓഗസ്റ്റ് പകുതി മുതല്‍ സെപ്റ്റംബര്‍ അവസാനം വരേയും നവംബര്‍ പകുതി മുതല്‍ ഡിസംബര്‍ പകുതി വരേയും ഒറിഗോണില്‍ മാനുകളെ വേട്ടയാടാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ മാനുകളെ വേട്ടയാടിയത് നിയമവിരുദ്ധമാണെന്ന് വന്യജീവി വകുപ്പ് അധികൃതര്‍ പറഞ്ഞു.