ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 250-ഓളമാളുകള്‍ താമസിക്കുന്ന ക്യാമ്പ് പൂര്‍ണമായും കത്തിയമര്‍ന്നു. ആളപായമില്ലെങ്കിലും രേഖകളും ഉപകരണങ്ങളും വസ്ത്രങ്ങളുമടക്കം വന്‍ നാശനഷ്ടമാണുണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

അഭയാര്‍ത്ഥികളെ ഡല്‍ഹിയില്‍ നിന്ന് പുറത്താക്കുന്നതിനു വേണ്ടി ആരോ തീവെച്ചതാണെന്ന ആരോപണമുണ്ട്. ഇന്ത്യയില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് അഭയം നല്‍കുന്നതിനെതിരെ വിവിധ തീവ്ര വലതുപക്ഷ സംഘടനകള്‍ ശക്തമായ പ്രചരണം നടത്തുന്നുണ്ട്.

ഡല്‍ഹിയിലെ കാളിന്ദി കുഞ്ജിലുള്ള ‘ദാറുല്‍ ഹിജ്‌റത്ത്’ ക്യാമ്പിലാണ് മൂന്നരയോടെ തീ പടര്‍ന്നത്. 15 മിനുട്ടിനുള്ളില്‍ ക്യാമ്പാകെ തീ പടര്‍ന്നു. തീപിടുത്തം തുടക്കത്തിലേ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അഭയാര്‍ത്ഥികള്‍ സുരക്ഷിതരായി പുറത്തിറങ്ങി. അഗ്നിശമന വിഭാഗം രംഗത്തെത്തുന്നതിനു മുമ്പു തന്നെ ക്യാമ്പ് കത്തിയമര്‍ന്നിരുന്നു.

ഡല്‍ഹിയിലെ ഏക റോഹിങ്ക്യ അഭയാര്‍ത്ഥി ക്യാമ്പില്‍ 46 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ തല്‍ക്കാലത്തേക്ക് സജ്ജമാക്കിയ മറ്റൊരു ക്യാമ്പിലേക്ക് മാറ്റി.

അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി സന്നദ്ധ സംഘടനകള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഡല്‍ഹി, കേന്ദ്ര സര്‍ക്കാറുകള്‍ എത്രയും പെട്ടെന്ന് അഭയാര്‍ത്ഥികള്‍ക്കു വേണ്ടി നടപടി സ്വീകരിക്കണമെന്ന് ആംനസ്റ്റി ഇന്ത്യ അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയില്‍ ഡല്‍ഹി, ഹൈദരാബാദ്, കശ്മീര്‍, വെസ്റ്റ് ബംഗാള്‍, തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് അഭയാര്‍ത്ഥികള്‍ കഴിയുന്നത്. വിവിധ സംസ്ഥാനങ്ങളിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സംബന്ധിച്ച ഒരു ‘സമഗ്ര സ്ഥിതിവിവര കണക്ക്’ തയ്യാറാക്കാന്‍ സുപ്രീം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളിലെ അവസ്ഥ വളരെ ദയനീയവും വൃത്തിയില്ലാത്തതുമാണെന്നു കാണിച്ച് സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സ്ലേവ്‌സ് നല്‍കിയ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുമടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.