Connect with us

main stories

ഡെല്‍റ്റ വകഭേദം; അമേരിക്കയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നു

കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിച്ചതോടെ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്‌ക് ഉപയോഗം അമേരിക്ക നിര്‍ബന്ധമാക്കി

Published

on

കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിച്ചതോടെ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്‌ക് ഉപയോഗം അമേരിക്ക നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനം കൂടിയ ലൊസാഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ, ഫ്‌ലോറിഡ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം കര്‍ശനമാക്കിയത്.

നഴ്‌സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണം. ഇപ്പോഴത്തെ രോഗികളില്‍ എണ്‍പതു ശതമാനം പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ അഭ്യര്‍ഥിച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഒരേയൊരു ഫാത്തിമ ബീവി

സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, ഹൈസ്‌കൂള്‍ പഠനകാലത്തേ എന്റെ റോള്‍മോഡലായി ഫാത്തിമാ ബീവി.

Published

on

അഡ്വ. പി കുല്‍സു

‘നീതിയുടെ ധീര സഞ്ചാരം’ എന്നത് ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ആത്മകഥയുടെ പേരാണ്. രാജ്യത്തെ ഒരു വനിതയും സഞ്ചരിക്കാന്‍ ധൈര്യപ്പെടാത്ത വഴികളിലൂടെ പ്രയാണം നടത്തിയ ശാന്തമായൊരു പുഴ കടലാഴങ്ങളില്‍ അലിഞ്ഞിരിക്കുന്നു. തികഞ്ഞ അച്ചടക്ക ജീവിതം, വിശ്വാസം മുറുകെപിടിച്ചുള്ള ചര്യകള്‍, മതാനുഷ്ഠാനങ്ങളില്‍ പോലും വിട്ടുവീഴ്ചയില്ലാത്ത കണിശത, കോടതിയിലെ വിധിന്യായത്തിലും ഗവര്‍ണറുള്‍പ്പെടെയുള്ള പദവി വഹിച്ചപ്പോഴും മനസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്യില്ലെന്ന നിശ്ചയം, ഇതൊക്കെയാണ് ആ ജീവിതത്തെ സ്ഫുടം ചെയ്‌തെടുത്തതെന്നാണ് പലപ്പോഴും അവരുമായി നേരിട്ടും ഫോണിലൂടെയും കത്തിലൂടെയും സംവദിച്ചപ്പോഴും അനുഭവങ്ങള്‍ വായിച്ചപ്പോഴും ബോധ്യപ്പെട്ടത്. സ്ത്രീധന സമ്പ്രദായത്തോടുള്ള കനത്തൊരു സ്വവിധിക്കലായി, നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് പറഞ്ഞ് ഒറ്റയാനായി ജീവിതം തുഴഞ്ഞതുപോലും അത്തരം ദുശ്പ്രവണതകള്‍ക്കെതിരെ രാജിയാവാനാവില്ലെന്ന നിലപാടിന്റെ ഭാഗമായിരുന്നു.
അധികം പ്രതികരിക്കാനോ തന്റെ വാദം സ്ഥാപിക്കാനോ പോവാതെ എല്ലാം കാലത്തിനു വിട്ടു. അതുകൊണ്ടു തന്നെ, വിനയം അലങ്കാരമായി കൊണ്ടുനടന്ന അവരെ ദൂരെ നിന്ന് നോക്കുന്ന പലരും അഹങ്കാരിയെന്ന് തെറ്റിദ്ധരിച്ചു. അതവര്‍ക്കും അറിയാമായിരുന്നു. എല്ലാവിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിതം സാധ്യമാകണമെന്നായിരുന്നു അവരുടെ സ്വപ്‌നം. പലര്‍ക്കും പലതിലും രഹസ്യമായി സഹായങ്ങള്‍ ചെയ്യുന്നതായിരുന്നു രീതി. കാരുണ്യമായിരുന്നു ഹൃദയം മുഴുവന്‍. കര്‍മത്തില്‍ വിശ്വസിച്ച അവരുടെ വാചാലമായ മൗനത്തിന് കൊടുങ്കാറ്റിനെക്കാള്‍ ശക്തിയുണ്ടായിരുന്നു; സഫലമായ ജീവിതം.

ദര്‍ശന പുണ്യം തേടി

എന്നെപ്പോലെ എത്രയോ പേരില്‍ ചെറുപ്രായത്തിലേ നിയമ പഠനം മോഹമാക്കിയതില്‍ പ്രചോദനമായത് ആ ഒരൊറ്റ വ്യക്തിയാണ്. സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, ഹൈസ്‌കൂള്‍ പഠനകാലത്തേ എന്റെ റോള്‍മോഡലായി ഫാത്തിമാ ബീവി. കോളജ് പഠനകാലത്ത് അവരെ പോയി കാണാന്‍ എത്രയോ തവണ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകാതെ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗമായപ്പോള്‍ ഡല്‍ഹിയിലേക്കൊരു യാത്രപോയപ്പോഴാണ് സുപ്രീം കോടതി ജഡ്ജായിരുന്ന അവരെ കാണുന്നത്. വിരമിച്ച ശേഷം കത്തിടപാടുകളും ഫോണ്‍ വിളികളുമായി വല്ലാത്തൊരു അടുപ്പമായി. വിശ്രമ ജീവിതവുമായി പത്തനംതിട്ടയിലെ വീട്ടിലെത്തിയപ്പോള്‍ പലപ്പോഴും നേരിട്ട് കാണാനും സംസാരിക്കാനും അവസരമുണ്ടായി. കുല്‍സു എന്നതിന് പകരം കുല്‍സും ബീവി എന്നാണവര്‍ എന്നെ വിളിച്ചിരുന്നത്. അവരുടെ നേരെ താഴെയുള്ള അനിയത്തിയുടെ പേര് കുല്‍സും ബീവി എന്നായിരുന്നു. എന്നെ വനിതാ കമ്മീഷന്‍ അംഗമാക്കിയപ്പോള്‍ അനുഗ്രഹം തേടണമെന്ന്് ആദ്യം മനസ്സില്‍ വന്ന പേരായിരുന്നു ഫാത്തിമ ബീവി.
മുസ്ലിംലീഗിനെയും വനിതാ ലീഗിനെയും വലിയ ഇഷ്ടമായിരുന്നു അവര്‍ക്ക്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ന്യൂനപക്ഷ ശാക്തീകരണ പദ്ധതികളെ കുറിച്ചുമെല്ലാം സംസാരത്തില്‍ ചോദിക്കും. വടകരയിലൊരു വനിതാലീഗ് പരിപാടിക്ക് വരാമെന്നേറ്റത് ആരോഗ്യകാരണങ്ങളാല്‍ നടക്കാതെപോയി. സീതിസാഹിബിനെയും ശിഹാബ് തങ്ങളെയും സി.എച്ചിനെയും കുറിച്ച് അവര്‍ക്ക് വലിയ മതിപ്പായിരുന്നു. ഇ. അഹമ്മദ് സാഹിബിനോട് ആത്മബന്ധമുണ്ടായിരുന്നു. ‘നീതിയുടെ ധീര സഞ്ചാരം’ എന്ന അവരുടെ ആത്മകഥയില്‍ ഇ. അഹമ്മദ് സാഹിബിനെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരണ സാഹചര്യം എന്ന അധ്യായം വായിക്കുമ്പോള്‍ അത് ബോധ്യപ്പെടും.
1989ലെ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകളായ റൂബിയ സഈദിനെ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തട്ടിക്കൊണ്ടുപോയതിനെതുടര്‍ന്ന് കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളായി. പട്ടാള നടപടികള്‍ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാകിസ്താന്‍ എപ്പോഴും ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി 1992ല്‍ കശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനെ അയക്കാന്‍ തീരുമാനിക്കുകയും ഇന്ത്യ അനുമതി നിഷേധിക്കുകയും ചെയ്തു. ഇത് യൂറോപ്യന്‍ യൂണിയന്റെയും മറ്റു വിദേശ രാജ്യങ്ങളുടെയും വലിയ വിമര്‍ശനത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് 1993ല്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനിലേക്ക് ഇന്ത്യന്‍ സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രി നരസിംഹറാവു തീരുമാനിക്കുന്നത്. എ.ബി വാജ്‌പേയ്, ഇ അഹമ്മദ് എന്നിവരായിരുന്നു സംഘത്തെ നയിച്ചിരുന്നത്. ജനീവയിലെ മനുഷ്യാവകാശ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തിരിച്ചുവന്നതോടുകൂടിയാണ് ഇന്ത്യയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമായത്. അത്തരമൊരു നീക്കം അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യക്കെതിരെയുള്ള വിമര്‍ശനങ്ങളെ ഒരു പരിധിയോളം പ്രതിരോധിക്കാന്‍ സഹായിക്കും എന്ന് അംഗങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാന്‍ കാരണമായത് അന്ന് എം.പി ആയിരുന്ന ഇ.അഹമ്മദ് സാഹിബ് ജനീവയിലെ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് തിരിച്ചുവന്ന ശേഷം നല്‍കിയ റിപ്പോര്‍ട്ടും തുടര്‍ന്ന് നടത്തിയ ഇടപെടലുമാണ്. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും നിയമമന്ത്രിയായ വിജയഭാസ്‌കര്‍ റെഡ്ഡിയെ കണ്ട് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനും സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും റിട്ടയേര്‍ഡ് ജഡ്ജിമാരും മനുഷ്യാവകാശ പ്രവര്‍ത്തകരും അംഗങ്ങളായും കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്തുലമാണ്. ജസ്റ്റിസ് ഫാത്തിമ ബീവിയെ ഇന്ത്യയിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനിലെ അംഗമാക്കുന്നതില്‍ അഹമ്മദ് സാഹിബ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരള സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണായിരുന്ന ഫാത്തിമ ബീവിയെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അംഗമാക്കിയതിലും ഇ അഹമ്മദ് സാഹിബിന് പങ്കുണ്ട്.

എന്നും ഒന്നാമത്

ലോകത്താകെയുള്ള വനിതകള്‍ക്ക് ആത്മാഭിമാനത്തിന്റെ പാത വെട്ടിയെന്നതാണ് ജ.ഫാത്തിമ ബീവിയുടെ അമരത്വം. 1927 ഏപ്രില്‍ 30ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെ കണ്‍മണിയായ അവര്‍ എന്നും ഒന്നാമതായി. രൂപീകരണത്തിന്റെ നാല്‍പതു വര്‍ഷത്തിന് ശേഷം സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി കടന്നു ചെന്ന് ‘പുരുഷന്മാരുടെ ക്ലബ്ബ്’ എന്ന ദുഷ്‌പേര് പേറുന്ന ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ പ്രകമ്പനം സൃഷ്ടിച്ച ഫാത്തിമ ബീവി അന്നോളം പിന്നിട്ടതിനും മുന്‍ മാതൃകകളില്ലായിരുന്നു. തിരുവിതാംകൂര്‍ രാജ്യത്തു നിന്ന് നിയമബിരുദം നേടിയ ആദ്യ മുസ്ലിം വനിതയായ അവര്‍ തന്നെയാണ്, മുന്‍സിഫായും മജിസ്‌ട്രേട്ടായും ജില്ലാ ജഡ്ജിയായും ആ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിം വനിത. മുസ്്‌ലിംകളില്‍ നിന്നുള്ള രാജ്യത്തെ ആദ്യ ഹൈക്കോടതി ജഡ്ജി മാത്രമല്ല, സുപ്രീം കോടതിയിലെ ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യ വനിതയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജിയും ഇന്‍കം ടാക്‌സ് അപ്പലേറ്റ്ട്രൈബ്യൂണലില്‍ ജൂഡിഷ്യല്‍ അംഗമായി വന്ന ആദ്യ വനിതയും തമിഴ്‌നാട്ടില്‍ ഗവര്‍ണറായ ആദ്യ വനിതയും മറ്റാരുമല്ല.
പിതാവ് തിരുവിതാംകൂറിലെ രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരനായിരുന്ന മീരാസാഹിബായിരുന്നു അവരുടെ ശക്തി. വിദ്യാഭ്യാസത്തില്‍ പൊതുവെ തല്‍പരരായിരുന്ന തമിഴ് റാവുത്തല്‍ കുടുംബമായിരുന്നു അവരുടേത്. അതുകൊണ്ട് തന്നെ ഫാത്തിമ ബീവിയുടെ സഹോദങ്ങളും അഭ്യസ്ഥവിദ്യരായി. കുല്‍സം ബീവി, റസിയ ബീവി (റിട്ട. ഹെഡ്മിസ്ട്രസ് പത്തനംതിട്ട തൈക്കാവ് സ്‌കൂള്‍), ഡോ. ഫസിയ റഫീഖ് (ശിശുരോഗ വിഭാഗം മുന്‍ മേധാവി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്), പരേതരായ സാറ ബീവി, ഹബീബ് മുഹമ്മദ് (റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍, കൃഷി വകുപ്പ്), ഹനീഫ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്, ഓമല്ലൂര്‍ ഹൈസ്‌കൂള്‍), മൈതീന്‍ സാഹിബ് (റിട്ട.ഡിവൈഎസ്പി, പത്തനംതിട്ട) തുടങ്ങിയവരെല്ലാം മാതൃകാ വ്യക്തിത്വങ്ങളാണ്.
ഇതൊന്നും വെള്ളിത്താലത്തില്‍ വെച്ച് അവര്‍ക്ക് മുമ്പില്‍ വെച്ചുനീട്ടിയതല്ല. പ്രതികൂല കാലാവസ്ഥയോട് പൊരുതിയാണ് ഓരോ ഘട്ടവും അവര്‍ തരണം ചെയ്തത്. പത്തനംതിട്ട സര്‍ക്കാര്‍ സ്‌കൂള്‍, കാതോലിക്കേറ്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. 1943ല്‍ മട്രിക്കുലേഷന്‍ പാസായ ശേഷമാണ് തിരുവനന്തപുരം വിമന്‍സ് കോളജിലേക്ക് സയന്‍സെടുത്ത് പഠിച്ചതും രസതന്ത്രത്തില്‍ ബിരുദം നേടിയതും. പത്തനംതിട്ടയില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു കോളജുപോലുമില്ലായിരുന്നു. പഠനത്തിന് തിരുവനന്തപുരത്തേക്ക് പോകാനുള്ള അടിസ്ഥാന സൗകര്യവും ഇല്ലായിരുന്നു. പാലം പോലുമില്ലായിരുന്നെന്നും ഇടവപ്പാതിക്ക് കോളജ് തുറക്കുമ്പോള്‍ ആറ് കവിഞ്ഞൊഴുകുമ്പോള്‍ മഴവെള്ളത്തില്‍ കടത്ത് വലിയൊരനുഭവമായിരുന്നുവെന്നുവെന്നും ഫാത്തിമ ബീവി പലതവണ പറയാറുണ്ടായിരുന്നു. ബി.എസ്.സി കെമിസ്ട്രി പാസായ അവര്‍ എം.എസ്.സിക്ക് ചേരുമെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചാണ് തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്നത്. അന്നവിടെ അഞ്ച് പെണ്‍കുട്ടികള്‍ മാത്രമാണ് ചേര്‍ന്നത്. അതില്‍ തന്നെ രണ്ടുപേര്‍ പാതിയില്‍ നിര്‍ത്തി പോയി. ഒന്നാം റാങ്കോടെ സ്വര്‍ണമെഡലോല്‍ നേടി നിയമബിരുദം കരസ്ഥമാക്കിയ ഫാത്തിമ ബീവി പെരെടുത്ത അഭിഭാഷകയാവാന്‍ അധിക സമയം വേണ്ടിവന്നില്ല.
1950ല്‍ സി.പി.പരമേശ്വരന്‍ പിള്ളയുടെ ജൂനിയറായി അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ച അവര്‍ പ്രമാദമായ നിരവധി കേസുകളാണ് കൈകാര്യം ചെയ്തത്. കൊല്ലത്തു പ്രാക്ടീസ് ചെയ്യുമ്പോള്‍ ക്രിമിനല്‍ കേസുകളിലായിരുന്നു ശ്രദ്ധ. ആ ഏഴു വര്‍ഷത്തിനിടെ ശൂരനാട് ലഹള, ചവറ ലഹള തുടങ്ങിയ കേസുകളില്‍ ഹാജരായി നടത്തിയ വാദങ്ങള്‍ വലിയ ശ്രദ്ധ നേടി. നല്ലൊരു ക്രിമിനല്‍ ലോയറായി കത്തിനില്‍ക്കുമ്പോഴാണ് കേരളപിറവിക്ക് ശേഷം ആദ്യമായി കേരള പി.എസ്.സി മുന്‍സിഫ് പരീക്ഷ നടത്തിയത്. ഒന്നാം റാങ്കോടെ വിജയിച്ച് 1958ല്‍ തൃശൂര്‍ മുനിസിഫായി ന്യായാധിപരംഗത്തെത്തി. കരുനാഗപ്പള്ളി, തിരുവനന്തപുരം, പുനലൂര്‍ എന്നിവടങ്ങളില്‍ മുനിസിഫായ ശേഷം 1968ല്‍ സബ് ജഡ്ജിയായി കോട്ടയത്ത് നിയമിതയായ അവര്‍ 1974ല്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജിയായ ശേഷം 1978ല്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ അംഗമായിരിക്കെയാന് 1983ല്‍ കേരള ഹൈക്കോടതി ജഡ്ജിയായത്. കൊളീജിയം രീതി വരും മുമ്പുള്ള ആ നിയമനത്തില്‍, മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വനിത ഉന്നത നീതിന്യായ സംവിധാനത്തിലേക്കു വരണമെന്ന അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ നിലപാട് ഫാത്തിമ ബീവിക്ക് അനുഗ്രമായി. 1989 ഏപ്രിലില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചിരിക്കുമ്പോഴാണ് കെ. കരുണാകരന്‍ വഴി പ്രധാമന്ത്രി രാജീവ് ഗാന്ധിയിലേക്ക് ആ പേരെത്തുന്നത്. അദ്ദേഹത്തിന്റെ കൂടി താല്‍പര്യത്തില്‍ 1989 നവംബറില്‍ സുപ്രീം കോടതി ജഡ്ജിയായി അവരെത്തുമ്പോള്‍ ആദ്യ വനിതാ കാവലാളായി ചരിത്രത്തില്‍ ഇടം പിടിച്ചു. സുപ്രീം കോടതിക്ക് 39 വയസ്സ് തികഞ്ഞ ശേഷമാണ് ഒരു വനിതാ ജഡ്ജി എത്തിയതെന്നതിന്റെ കാലാവസ്ഥക്ക് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള പരമോന്നത കോടതിയില്‍ വനിതാ ജഡ്ജിമാരായി ഇതുവരെ ആറു പേരേ ഉണ്ടായിട്ടുള്ളൂ എന്നതും കൂട്ടിവായിക്കണം.

മനസാക്ഷി കോടതിയിലെ
ഗവര്‍ണര്‍ പദവി

ഗവര്‍ണര്‍ പദവിക്ക് അലങ്കാരം വരുത്തുന്നതായിരുന്നു ജ.ഫാത്തിമ ബീവിക്ക് ആ പദവി ലഭിച്ചത്. ദേവഗൗഡ പ്രധാനമന്ത്രിയായ കാലത്ത് തമിഴ്‌നാട് ഗവര്‍ണറായിരുന്ന ഡോ.ചെന്ന റെഡ്ഢിയുടെ നിര്യാണത്തെത്തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ താല്‍പര്യപ്രകാരമാണ് ഫാത്തിമ ബീവിയെ ഗവര്‍ണറായി നിയമിച്ചത്. 1997 ജനുവരി 25ന് ജ.ഫാത്തിമ ബീവി ഗവര്‍ണറായി ചുമതലയേറ്റ് ആദ്യം ഒപ്പിട്ടത് അനധികൃതമായി സ്വത്തു സമ്പാദിച്ച കേസില്‍ ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ഫയലിലായിരുന്നു. 2001 മെയ്യില്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ അണ്ണാ ഡിഎംകെ നേതാവ് ജയലളിതയെ മുഖ്യമന്ത്രിയാകാന്‍ എതിര്‍പ്പുകളെയും നിയമ വൃത്തങ്ങളെയും ഞെട്ടിച്ച് ക്ഷണിച്ചതും അതേ ഫാത്തിമ ബീവി.
ടാന്‍സി അഴിമതിക്കേസില്‍ കോടതി കുറ്റക്കാരിയായി കണ്ടെത്തിയതിനാല്‍ ജയലളിതക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു. നിയമസഭാ പാര്‍ട്ടി തിരഞ്ഞെടുക്കുന്ന നേതാവിനെയാണ് ഭരണഘടനാപരമായി ഗവര്‍ണര്‍ ക്ഷണിക്കേണ്ടതെന്നായിരുന്നു ഫാത്തിമ ബീവിയുടെ വാദം. ‘സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തിയെ ഭരണഘടന പഠിപ്പിക്കേണ്ടതില്ല’ എന്നു ഗവര്‍ണര്‍ക്ക് പിന്തുണയുമായി ജയലളിത രംഗത്തെത്തിയെന്നു മാത്രമല്ല, 2001 ജൂണ്‍ 30ന് പുലര്‍ച്ചെ നാടകീയമായി മുന്‍ മുഖ്യമന്ത്രി കരുണാനിധി, കേന്ദ്രമന്ത്രിമാരായ മുരശൊലിമാരന്‍, ടി.ആര്‍ ബാലു എന്നിവരെ ചെന്നൈയില്‍ ബലമായി അറസ്റ്റ് ചെയ്ത് പകപോക്കുകയും ചെയ്തു. ക്രമസമാധാന നില തകര്‍ന്നെന്ന റിപ്പോര്‍ട്ട് കാത്തിരുന്ന കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിന് നിരാശയായിരുന്നു ഫലം. സംഭവത്തില്‍ വസ്തുനിഷ്ഠമായ വിവരം നല്‍കിയില്ലെന്നും ജയലളിത സര്‍ക്കാറിനെ സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അവരെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് തിരിച്ചുവിളിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഫാത്തിമ ബീവി ഉടന്‍ നാലുവരി രാജിക്കത്ത് രാഷ്ട്രപതി ഭവനിലേക്കു ഫാക്‌സയച്ചു. പത്തു മിനിറ്റ് കഴിഞ്ഞ് ഗവര്‍ണറെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള കാബിനറ്റ് തീരുമാനം രാഷ്ട്രപതി ഭവനിലെത്തിയപ്പോഴേക്കും അവര്‍ ആ സ്ഥാനം വിട്ടിരുന്നു.
ഝാന്‍സിറാണി, സരോജിനി നായിഡു, മദര്‍തെരേസ, ഇന്ദിരാഗാന്ധി, പ്രതിഭാ പാട്ടീല്‍, കല്‍പന ചൗള, ലതാമങ്കേഷ്‌ക്കര്‍, എം.എസ് സുബ്ബലക്ഷ്മി, ദൗര്‍പ്രതി മുര്‍മു, കിരണ്‍ബേദി തുടങ്ങിയ മികച്ച പത്ത് ഇന്ത്യന്‍ വനിതകളുടെ പട്ടികയില്‍ ഇടംനേടിയ ഫാത്തിമ ബീവി ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ കൂടി പ്രചോദനമാണ്. പക്ഷെ, ആ മഹാ പ്രതീകത്തെ മാന്യമായി യാത്രയാക്കാന്‍ പോലും ഭരണകൂടങ്ങള്‍ ശ്രമിച്ചില്ല. ഒരു പ്രാദേശിക അവധിപോലും നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒരു മന്ത്രിയെ പോലും പറഞ്ഞുവിട്ടില്ല. പത്തനംതിട്ട ജില്ലയിലെ മന്ത്രിയൊരു സ്ത്രീയായിട്ടുകൂടി ഈ അപമാനകരമായ അവഗണന വലിയ വേദനയാണ്. ഇതുകൊണ്ടൊന്നും മങ്ങുന്നതല്ല വഴികാട്ടിയ ആ മഹാ നക്ഷത്രത്തിന്റെ ശോഭ. തലമുറകള്‍ക്ക് അവര്‍ വഴികാട്ടുകതന്നെ ചെയ്യും.

Continue Reading

kerala

പാറുക്കുട്ടിയമ്മ വീണ്ടും പാണക്കാട് എത്തി; ഇത്തവണ പരാതികളില്ല

Published

on

ഷഹബാസ് വെള്ളില 

മലപ്പുറം: പാണക്കാട് കുടുംബവുമായിട്ട് പതിറ്റാണ്ടുകളായിട്ടുള്ള ബന്ധമാണ് തൂതയിലെ പാറുകുട്ടി അമ്മക്ക്. മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്ളകാലത്ത് തുടങ്ങിയതാണ് പാറുകുട്ടിയമ്മയുടെ തൂത ടു പാണക്കാട് സര്‍വീസ്. സ്വന്തം ആവശ്യങ്ങള്‍ക്കപ്പുറം മറ്റുള്ളവരുടെ പ്രയാസങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഗഹാരം തേടിയാണ് പാറുകുട്ടിയമ്മ എന്നും പാണക്കാട് എത്തിയിട്ടുള്ളത്. പഞ്ചായത്ത് മെമ്പര്‍ തൊട്ട് എംപിമാരെ വരെ പാണക്കാട് നിന്നും വിളിപ്പിക്കും. പാറുകുട്ടി അമ്മയുടെ പരാതികളില്‍ വേഗത്തിലാണ് പാണക്കാട് നിന്നും നടപടിയുണ്ടായിട്ടുള്ളത്. വയസ്സ് എണ്‍പതിനോടടുത്തിട്ടുണ്ട്.

പഴയ പോലെ ബസ്സ് കയറി പാണക്കാട് വരാനുള്ള ആരോഗ്യസ്ഥിതിയില്ല. കുറച്ചായി പാണക്കാട് വന്നിട്ട്. പാണക്കാട് എത്താന്‍ കഴിയാത്ത വിഷമം പാറുകുട്ടിയമ്മ ഇടക്കിടക്ക് പലരോടും പറയാറും ഉണ്ടായിരുന്നു. ഇടവേളകളില്‍ പാണക്കാടെത്തുന്ന പാറുകുട്ടിയമ്മയെ കാണാതായതോടെ സാദിഖലി തങ്ങളും അന്വേഷിച്ചു. ഇങ്ങനെയാണ് ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സല്‍ അലി കെ.ടിയുടെ നേതൃത്വത്തില്‍ പാറുകുട്ടിയമ്മ പാണക്കാട്ടേക്ക് വീണ്ടും എത്തുന്നത്. ഇന്നലെ ഉച്ചക്കാണ് പാറുകുട്ടിയമ്മ പാണക്കാടെത്തിയത്. ഏറെ കാലത്തിന് ശേഷം പാറുകുട്ടിയമ്മയെ കണ്ടതോടെ തങ്ങള്‍ക്കും വലിയ സന്തോഷം. തങ്ങളെ കണ്ടതും പാറുകുട്ടിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ചെറുപ്പം മുതലേ കണ്ടു തുടങ്ങിയതാണെന്നും ഇവിടെ വന്നാല്‍ എല്ലാത്തിനും പരിഹാരം കണ്ടേ മടങ്ങാറൊളളുവെന്നും പാറുകുട്ടിയമ്മ പറഞ്ഞു.

വലിയ സാമൂഹ്യ പ്രവര്‍ത്തകയാണ് പാറകുട്ടിയമ്മയെന്നും മറ്റുള്ളവരുടെ വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം തേടിയാണ് അവര്‍ പാണക്കാട് വരാറുള്ളതെന്നും തങ്ങള്‍ പറഞ്ഞു. ഒരുപാട് കാലം കാണാതെയായപ്പോള്‍ പലരോടും അന്വേഷിച്ചു. കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഏറെ നേരം ഇരുവരും സംസാരിച്ചിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തിയാണ് പാറുകുട്ടിയമ്മ മടങ്ങിയത്. ആലിപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ടീച്ചര്‍, അംഗം സി.എച്ച് ഹമീദ്, അബ്ബാസ് തുളിയത്ത്, ഹസീന കെ.പി എന്നിവരോടൊപ്പമാണ് ഇവര്‍ പാണക്കാടെത്തിയത്.

Continue Reading

Indepth

സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസില്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിന് ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂരമര്‍ദനം

അമ്പലപ്പുഴ കരൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറി അന്‍സറിനെയാണ് അമ്പലപ്പുഴ ഏരിയ സെന്റര്‍ അംഗം എ പി ഗുരുലാല്‍ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളുകയും അസഭ്യം പറയുകയും ചെയ്തത്

Published

on

സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസില്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിന് ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദനം. അമ്പലപ്പുഴ കരൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറി അന്‍സറിനെയാണ് അമ്പലപ്പുഴ ഏരിയ സെന്റര്‍ അംഗം എ പി ഗുരുലാല്‍ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളുകയും അസഭ്യം പറയുകയും ചെയ്തത്. തനിക്ക് നേരിട്ട ദുരനുഭവം സുഹൃത്തിനോട് വിശദീകരിക്കുന്ന അന്‍സറിന്റെ ശബ്ദരേഖ പുറത്തായി.എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു എ പി ഗുരുലാലിന്റെ പ്രതികരണം.

കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് സി.പി.എം കരൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറിയും െ്രെഡവിംഗ് തൊഴിലാളിയുമായ അന്‍സര്‍ ഉച്ച ഭക്ഷണത്തിനായി അമ്പലപ്പുഴ ഏരിയാ കമ്മറ്റി ഓഫീസില്‍ എത്തുന്നത്. വിളമ്പിവെച്ച ആഹാരം കഴിക്കാനെടുത്തപ്പോഴാണ് പാര്‍ട്ടി ഓഫീസിലെ ചോറുണ്ണുന്നോടാ എന്നാക്രോശിച്ച് ഏരിയാ സെന്റര്‍ അംഗം എ പി ഗുരുലാല്‍ കുത്തിന് പിടിച്ച് ഓഫീസിന് പുറത്തേക്ക് തന്നെ തള്ളിയതെന്നാണ് പരാതി. പാര്‍ട്ടിയെ ബഹുമാനിക്കുന്നതിനാലാണ് പ്രതികരിക്കാതെ കണ്ണീരോടെ ഇറങ്ങിയതെന്ന് ബ്രാഞ്ച് സെക്രട്ടറി പറയുന്നു.

വിശ്വസിച്ച പ്രസ്ഥാനത്തിന്റെ അഭയ കേന്ദ്രത്തില്‍ തനിക്കുണ്ടായ ദുരനുഭവം കണ്ണീരോടെ സിപിഎം സംസ്ഥാന സെക്രട്ടറിയെ എം വി ഗോവിന്ദനെ വിളിച്ചറിയിച്ചു. എംവി ഗോവിന്ദന്റെ നിര്‍ദ്ദേശാനുസരണം ജില്ലാ സെക്രട്ടറി ആര്‍ നാസറിനെ സമീപിച്ചു.സംഭവം വിവാദമായതോടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അമ്പലപ്പുഴ ഏരിയാ സെന്റര്‍ യോഗം തത്ക്കാലം വിഷയം ചര്‍ച്ചയാക്കേണ്ടെന്ന നേതാക്കളുടെ നിര്‍ദ്ദേശത്താല്‍ ഒതുക്കി തീര്‍ക്കാനായിരുന്നു തീരുമാനം.

വിയോജിപ്പ് ഉയര്‍ന്നതോടെ കമ്മറ്റി അലസിപ്പിരിഞ്ഞു. പാര്‍ട്ടി നേതൃത്വം ബോധപൂര്‍വ്വമായ മൗനം തുടര്‍ന്നതോടെ ആരോപണ വിധേയനായ എ.പി ഗുരു ലാലിനെതിരെ പരസ്യ പ്രതിഷേധവുമായി പാര്‍ട്ടി അംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.

സജീവ സംഘടനാ പ്രവര്‍ത്തനത്തിന് പുറമെ രക്തദാനം അടക്കം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഒരു സാധാരണ സി.പി.എം പ്രവര്‍ത്തകനുണ്ടായ ദുരവസ്ഥയും , നേതാക്കന്‍മാരുടെ മൗനവും കടുത്ത അമര്‍ഷമാണ് അമ്പലപ്പുഴയിലെ പ്രവര്‍ത്തകരില്‍ ഉണ്ടാക്കുന്നത്.എന്നാല്‍ സംഭവം അറിഞ്ഞിട്ടു പോലുമില്ലെന്നാണ് ആരോപണ വിധേയനായ എ.പി ഗുരു ലാലിന്റെ പ്രതികരണം.

Continue Reading

Trending