വാസുദേവന്‍ കുപ്പാട്ട്‌

കലയോടും സാഹിത്യത്തോടും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ചില്ലറ അടുപ്പമൊക്കെയുണ്ട്. സഖാവ് ഇ.എം.എസ് പാര്‍ട്ടിയെ നയിക്കുന്ന കാലത്തും അതിന്മുമ്പ് പി. കൃഷ്ണപ്പിള്ള പ്രത്യയശാസ്ത്രം കരുപിടിപ്പിക്കുന്ന സമയത്തും കലയും കലാകാരന്മാരും കലാകാരികളും പാര്‍ട്ടിയുമായി തോളോടുതോള്‍ ചേര്‍ന്നുനിന്നിരുന്നു. കഥകളി, കൂടിയാട്ടം തുടങ്ങിയ വരേണ്യകലകളെ സംശയദൃഷ്ടിയോടെയാണ് സഖാക്കള്‍ നോക്കിയിരുന്നത്. എങ്കിലും നാടകം, നാടോടിഗാനം എന്നിവയോട് വളരെ ഹൃദയാലുത്വം തന്നെ സഖാക്കള്‍ വെച്ചു പുലര്‍ത്തിയിരുന്നു എന്നുള്ളത് ചരിത്രരേഖകളില്‍ തെളിഞ്ഞുകാണാം. ഒരു നാടകത്തിന്റെ പേരു തന്നെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നാണല്ലോ. കാര്യങ്ങള്‍ അങ്ങനെയെല്ലാമാണെങ്കിലും തിരുവാതിരക്കളിയോട് പ്രസ്ഥാനത്തിന് ആഭിമുഖ്യം ഉണ്ടായിരുന്നുവോ എന്നാരാഞ്ഞാല്‍ പാര്‍ട്ടി രേഖകളില്‍ ഉത്തരം കിട്ടിയെന്നുവരില്ല. അതും ഒരു സവര്‍ണ കേളിയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. ജന്മിമാരുടെയും മറ്റും വീടുകളിലെ സ്ത്രീകള്‍ നേരമ്പോക്കിന് ഉണ്ടാക്കിയതാണ് ആ കളി. കൈകൊട്ടിക്കളി എന്നും അതിന് പേരുണ്ട്. ഏതായാലും കൊട്ടും കളിയും നിര്‍ബന്ധം എന്ന് ചുരുക്കം.

തിരുവാതിരയെ അങ്ങനെ പടിപ്പുറത്ത് നിര്‍ത്തേണ്ടതില്ലെന്നും പടിക്കകത്ത് പാടിയും ആടിയും തകര്‍ക്കട്ടെ എന്നും തിരുവനന്തപുരത്തെ ചില സഖാക്കള്‍ക്ക് തോന്നിയത് തികച്ചും യാദൃച്ഛികം. അതിന് കുറ്റം പറയാനൊന്നുമില്ല. എന്നാല്‍ കോവിഡിന്റെ രണ്ടാംവരവില്‍ മറ്റൊരു അടച്ചുപൂട്ടലിന്റെ തരംഗം എത്തുമെന്ന ഘട്ടത്തില്‍ ഇതു വേണ്ടിയിരുന്നുവോ എന്നാണ് ചോദ്യം. വിവാഹത്തിനും മരണാന്തര ചടങ്ങുകള്‍ക്കും 50 പേരില്‍ കൂടുതല്‍ പാടില്ല എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വീണ്ടും വീണ്ടും ഉണര്‍ത്തിക്കുന്നതിന്റെ ഇടക്കാണ് തലസ്ഥാനനഗരിയില്‍ 500 വീരാംഗനകള്‍ ചുവട്‌വെച്ച് തിരുവാതിരപ്പാട്ട് പാടിയത്! പിന്നെ എന്തിനാണ് മന്ത്രി ഇങ്ങനെയൊക്കെ ബോധവത്കരണ മന്ത്രവുമായി രംഗത്ത്‌വരുന്നത് എന്ന ചോദ്യം മാലോകരാകെ ഉന്നയിച്ചതില്‍ തെറ്റു പറയാന്‍ പറ്റുമോ? സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മുന്‍മന്ത്രി എം.എ ബേബിയും മറ്റും ഈ കലാപരിപാടി ആപാദചൂഢം രസിച്ചുവത്രേ. പാട്ടില്‍ മുഴുവന്‍ പിണറായി വിജയന്‍ സ്തുതിയായിരുന്നു. പിന്നെ എങ്ങനെ രസിക്കാതിരിക്കും? സ്വരലയം തുടങ്ങിയ സാംസ്‌കാരിക പരിപാടികളുമായി ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ച എം.എ ബേബിക്ക് തല്‍ക്കാലം പണിയൊന്നുമില്ല. പിന്നെ എന്ത് ചെയ്യും? തിരുവാതിരകളുടെ പൊരുളും പുണ്യവും അന്വേഷിക്കുക തന്നെ! അതാണ് സഖാവ് ചെയ്തത്. ആനാവൂര്‍ നാഗപ്പന്‍ അത്രക്കങ്ങട്ട് ആസ്വദിച്ചിട്ടുണ്ടാവില്ല. ഏതായാലും തിരുവനന്തപുരത്തിന്റെ കേളി എല്ലാവരും ഒന്നറിയട്ടെ എന്ന് മാത്രം കരുതിക്കാണും.

ഏതായാലും കോവിഡ് മാത്രമായിരുന്നില്ല പ്രശ്‌നം. ഇടുക്കിയില്‍ കൊല്ലപ്പെട്ട ധീരജിന്റെ മൃതദേഹം സ്വദേശമായ കണ്ണൂരില്‍ ചിതയിലേക്ക് വെക്കുന്നതിന് മുമ്പാണത്രെ തിരുവനന്തപുരത്ത് തിരുവാതിരകളി ആവേശഭരിതമായത്. സഖാക്കള്‍ പല വഴി ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടും പാര്‍ട്ടി നേതൃത്വത്തിന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. മാസ്‌ക് ഇല്ലാത്തതിന്റെ പേരില്‍, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ എല്ലാം പാവപ്പെട്ട ജനങ്ങളെ പൊലീസ് എടുത്തു പെരുമാറുന്ന സന്ദര്‍ഭത്തിലാണ് മാസ്‌ക്കില്ലാതെ 500 പേര്‍ ചുവട് വെച്ചത്. സംഭവിച്ചത് എന്റെ പിഴ! എന്റെ പിഴ!! എന്റെ വലിയ പിഴ!!! എന്നു പറഞ്ഞുകൊണ്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തുകയുണ്ടായി. ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ശിവന്‍കുട്ടിക്ക് അറിയാം. പറ്റിപ്പോയി എന്നാണ് ആ നേതാവിന്റെ ആത്മരോദനം!

തിരുവാതിരക്കളി കേവലം ഒരു കലാപ്രകടനം മാത്രമായിരുന്നുവോ എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. അതില്‍ മുഴുവന്‍ പിണറായി സ്തുതിയായിരുന്നില്ലേ? ഇങ്ങനെ ഒരു മുഖ്യമന്ത്രിയെ സ്തുതിക്കാമോ? സ്തുതി മുഖ്യമന്ത്രിക്കല്ല, പാര്‍ട്ടി നേതാവിനാണ് എന്ന് സമാധാനിക്കാമെങ്കിലും ഇങ്ങനെ അതിരുവിടാമോ സഖാക്കളെ. സ്തുതിയുടെ കാര്യം പറഞ്ഞപ്പോഴാണ് വടക്കന്‍ കേരളത്തിലെ ചില സ്തുതിചിത്രങ്ങള്‍ സ്മൃതിയില്‍ വന്നത്. നമ്മുടെ പി. ജയരാജന്‍ എത്ര ശക്തമായാണ് സ്തുതിഗീതങ്ങളെ നേരിട്ടത്. ഇങ്ങനെ തന്നെ സ്തുതിച്ചു നശിപ്പിക്കരുത് എന്ന് കട്ടായം പറഞ്ഞു. എന്നാല്‍, സഖാക്കള്‍ വിടുമോ? അവര്‍ സ്തുതിക്കല്‍ നിര്‍ബാധം തുടര്‍ന്നു. പി.ജെ ബ്രിഗേഡിയര്‍ എന്നെല്ലാം പറഞ്ഞ് ആകെ ബഹളമാക്കി. ഫലമോ? ജയരാജന്‍ ഇപ്പോള്‍ ഖാദി മുണ്ടിന്റെ ചന്തം നോക്കിയിരിപ്പാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം അടക്കം നഷ്ടമായി. അതുകൊണ്ടാണ് സഖാക്കളെ സ്തുതി പാടില്ല എന്ന് പറയുന്നത്. സ്തുതിയാല്‍ നിന്ദ, നിന്ദയാല്‍ സ്തുതി എന്നെല്ലാം കാവ്യാലങ്കാരത്തില്‍ പറയാറുണ്ട്. സ്തുതിച്ചുകൊണ്ട് ഒരാളെ നിന്ദിക്കാം. നിന്ദിച്ചുകൊണ്ട് സ്തുതിക്കുകയുമാവാം. പി. ജയരാജന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയില്ല. തിരുവനന്തപുരത്ത് മറ്റൊരു സ്തുതിയാണ് നടന്നതെന്ന് നേരത്തെ പറഞ്ഞുവല്ലോ. പിണറായി സ്തുതി. ഏറെ സമയമെടുത്ത തിരുവാതിരക്കളിയില്‍ പിണറായി വിജയന്റെ ഭരണമാണ് പ്രകീര്‍ത്തിക്കപ്പെട്ടത്. ജയരാജന്റെ നേരെയുണ്ടായ പ്രോട്ടോക്കോള്‍ പ്രശ്‌നം പിണറായിയുടെ കാര്യത്തില്‍ ഉണ്ടാവില്ലേ എന്നാരും ചോദിക്കരുത്. അത് കാര്യം വേറെ.

ഏതായാലും വിശ്വാസികളാരും എ.കെ.ജി സെന്ററില്‍ എത്തിയില്ല എന്നാണ് സൂചന. വിശ്വാസത്തിന്റെ പൂമൂടല്‍ നടത്തിയ കോടിയേരിക്ക് അങ്ങനെയൊക്കെ പറയാം. എന്നാല്‍ വിശ്വാസികള്‍ക്ക് അത് ഉള്‍ക്കൊളളാന്‍ പറ്റുമോ? അവിശ്വാസത്തിന്റെ ബാലപാഠം പഠിക്കുവാന്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കോടിയേരി. ഈ സാഹചര്യത്തില്‍ തിരുവാതിരക്കളി മാത്രമല്ല, മറ്റു കലാരൂപങ്ങളും പാര്‍ട്ടി ലൈനില്‍ അവതരിപ്പിച്ചു കൂടായ്കയില്ല എന്നാണ് ജനങ്ങള്‍ പറയുന്നത്. ശ്രീകൃഷ്ണ ജയന്തി വരെ ആഘോഷിക്കാന്‍ ആഹ്വാനം നല്‍കിയ പ്രസ്ഥാനം തിരുവാതിരയെ ഒഴിവാക്കാന്‍ ആഹ്വാനം ചെയ്യുമോ. ഒരിക്കലും ഇല്ല. സ്തുതിഗീതങ്ങള്‍ ഇനിയും അന്തരീക്ഷത്തില്‍ മുഴങ്ങുക തന്നെ ചെയ്യും. വ്യക്തിപൂജ പാര്‍ട്ടിയില്‍ ഇല്ല എന്നൊക്കെ ഭംഗിവാക്കിന് പറയാം. വ്യക്തികളെയല്ലാതെ ഈശ്വരന്‍ ഇല്ലാത്തവര്‍ ആരെയാണ് പൂജിക്കുക?