കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സുനിയോടു നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന് പോലീസ്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. നടിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ നഗ്‌നചിത്രം എടുത്തുതരാമെന്നു സുനില്‍കുമാര്‍ ദിലീപിനോടു പറയുകയായിരുന്നു. മോര്‍ഫ് ചെയ്ത ദൃശ്യങ്ങളല്ല എന്നു തെളിയിക്കാനായി കഴുത്തിന്റെ ഭാഗം കൂടുതലായി ചിത്രീകരിക്കണമെന്ന് ദിലീപ് അങ്ങോട്ട് ആവശ്യപ്പെട്ടു. നടി പരാതി നല്‍കില്ല എന്ന ധാരണയിലാണ് പദ്ധതി തയാറാക്കിയതെന്നും പൊലീസിന് വിവരം ലഭിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നിസഹകരണം തുടരുന്ന ദിലീപിനെ ചോദ്യങ്ങളില്‍ കുടുക്കി പൊലീസ്. കേസില്‍ അറസ്റ്റിലായ ഒന്നാംപ്രതി പള്‍സര്‍ സുനി നടിയുടെ നഗ്‌നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പൊലീസിന് ലഭിച്ചെന്നാണു വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്‌തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ലെന്നും മൊഴി നല്‍കിയതായാണ് സൂചന.

നടിയുമായി ഉറ്റബന്ധത്തിലാണെന്ന് സുനി ധരിപ്പിച്ചിരുന്നു. എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്ന് സുനി ചോദിച്ചിരുന്നു. ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു പറയണമെന്ന് ധാരണയുണ്ടാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ദിലീപ് നിസഹകരിക്കുമ്പോഴും കൃത്യമായ ചോദ്യങ്ങളില്‍ കുടുക്കിയെന്നാണു പൊലീസ് നല്‍കുന്ന സൂചന.

അതേസമയം, കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിനു പിന്നാലെയാണ് എബിന്‍ കസ്റ്റഡിയിലായത്.