കൊല്ലം: വിവാഹത്തിനിടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. ആര്യങ്കാവില്‍ നടന്ന വിവാഹത്തില്‍ സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കൂട്ടത്തല്ലില്‍ സ്ത്രീകള്‍ക്കടക്കം പരിക്കേറ്റു.

കറി വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംസാരമാണ് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കളാശിച്ചത്. ആര്യങ്കാവ് പൊലീസെത്തിയാണ് ഇരുകൂട്ടരെയും മാറ്റിയത്. മദ്യപിച്ച് വിവാഹത്തിനെത്തിയവരാണ് വഴക്കുണ്ടാക്കിയതെന്നാണ് ആരോപണം. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ആര്യങ്കാവ് സ്വദേശിനിയാണ് വധു. വരന്‍ കടയ്ക്കല്‍ സ്വദേശിയും. ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും ഒന്നിച്ചു ജീവിക്കാനാണ് ഇവരുടെ തീരുമാനം. ഇരുവരും വരന്റെ വീട്ടിലേക്ക് പോയി.