കലിതുള്ളിയെത്തിയ മഴയും വെള്ളപ്പൊക്കവും കേരളത്തെ വീണ്ടും കണ്ണീരിലാഴ്ത്തിയിരിക്കുന്നു. അപ്രതീക്ഷിത മഴയും ഉരുള്‍പൊട്ടലും ഇരുപത്തിമൂന്ന് ജീവനുകളാണ് കവര്‍ന്നത്. കോട്ടയത്തെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലും ഉരുള്‍പൊട്ടലിലും ഒഴുക്കില്‍പ്പെട്ടും കുട്ടികളടങ്ങുന്ന രണ്ട് കുടുംബങ്ങള്‍ ഒന്നടങ്കം ദുരത്തിനിരയായതിന്റെ സങ്കടഭാരം താങ്ങാവുന്നതിനപ്പുറമാണ്. കാണാതായ രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്. മധ്യ-തെക്കന്‍ കേരളം മഴക്കെടുതിയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. സൈന്യവും ദുരന്ത നിവാരണ സേനയും കര്‍മരംഗത്തുണ്ട്. പത്തനംതിട്ടയില്‍ ഇപ്പോഴും മഴ കനത്ത് പെയ്യുന്നു. പുരയിടങ്ങളും കൃഷിയിടങ്ങളും നഷ്ടപ്പെട്ട് ജീവിതത്തിന്മുന്നില്‍ പകച്ചുനില്‍ക്കുകയാണ് പലരും. അനവധി വീടുകളില്‍ വെള്ളം കയറി വാസയോഗ്യമല്ലാതായിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നത്. വെള്ളമിറങ്ങുന്നതോടെ തിരിച്ചെത്തിയാല്‍തന്നെ ജീവിതം രണ്ടാമത് തുടങ്ങേണ്ട അവസ്ഥയിലാണ്. വീടും സാമഗ്രികളും തീര്‍ത്തും ഉപയോഗശൂന്യമായി. അനേകം റോഡുകളും പാലങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. ആഘാതം മറികടക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായങ്ങളിലാണ് അവരുടെ പ്രതീക്ഷ. കോരിച്ചൊരിഞ്ഞ മഴക്ക് ശമനമായെന്ന് ഉറപ്പിക്കാനായിട്ടില്ല. നിരവധി ജില്ലകളില്‍ മഴ തുടരുന്നുണ്ട്. വരും ദിവസങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ്.

സംസ്ഥാനത്തിന്റെ ചുമലില്‍ വീണ്ടും ഭാരിച്ച ഉത്തരവാദിത്തം കെട്ടിവെച്ചാണ് ഇത്തവണയും കാലവര്‍ഷം പിന്‍വാങ്ങുന്നത്. 2018ല്‍ തുടങ്ങിയ മഴക്കെടുതികള്‍ സംസ്ഥാനത്തെ വിടാതെ പിന്തുടരുകയാണ്. കാലവര്‍ഷം കനം തൂങ്ങുന്നതോടെ ആശങ്കയും ഉരുണ്ടുകൂടുന്ന അവസ്ഥാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷവും സംസ്ഥാനം മഴക്കെടുതികള്‍ക്ക് സാക്ഷിയായി. കോവിഡ് പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിനില്‍ക്കുമ്പോഴാണ് മറ്റൊരു ദുരന്തമുഖംകൂടി തുറന്നിരിക്കുന്നത്. ആദ്യ പ്രളയങ്ങളുടെ കഷ്ട നഷ്ടങ്ങളില്‍നിന്ന് സംസ്ഥാനം പൂര്‍ണമായി കരകയറിയിട്ടുമില്ല.
ആഗോള താപനത്തെ തുടര്‍ന്നുള്ള കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രധാന ഇരയായി കേരളം മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്വാറികള്‍ എത്രയാണ് നമ്മുടെ നാട്ടില്‍. കുറച്ചു വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ കാലാവസ്ഥയില്‍ പ്രകടമായ വ്യതിയാനങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങേണ്ട സയമാണിത്. പക്ഷേ, കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. ഒക്ടോബറില്‍ തുടങ്ങുന്ന വടക്കുകിഴക്കന്‍ കാലവര്‍ഷക്കാലത്ത് ഇത്ര വലിയ മഴ ഉണ്ടാകാറുമില്ല. ഓരോ വര്‍ഷവും കാലാവസ്ഥാനിരീക്ഷകര്‍ പ്രളയ സാധ്യതയെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് തരുന്നുണ്ട്. മേഘവിസ്‌ഫോടനത്തിന് സമാനമായ സാഹചര്യം കേരളത്തില്‍ ഉണ്ടാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്തും ഇടുക്കിയിലും അനുഭവപ്പെട്ട മഴയുടെ കാര്യത്തില്‍ അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല. മഴപ്പെയ്ത്തിന്റെ പ്രകൃതത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കാലവര്‍ഷക്കാലത്ത് മൊത്തം ലഭിക്കേണ്ട മഴ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിശക്തമായി പെയ്തിറങ്ങുന്ന പ്രണതയാണ് ദുരന്തമായി മാറുന്നത്. 2019ല്‍ ഓഗസ്റ്റ്ഒന്നിനും ഏഴിനുമിടക്ക് പെയ്ത കനത്ത മഴയാണ് നിലമ്പൂരിലെ പുത്തുമലയിലും കവളപ്പാറയിലും ഉരുള്‍പൊട്ടലിനും മരണങ്ങള്‍ക്കും കാരണമായത്.

പ്രകൃതിയുടെ അവസ്ഥാന്തരങ്ങളെ കാലേക്കൂട്ടി പ്രവചിക്കാന്‍ മനുഷ്യന് സാധിക്കില്ല. ഏറെ വര്‍ഷങ്ങളായി മഴക്കമ്മി നേരിട്ടിരുന്ന കേരളം പെട്ടെന്നാണ് പ്രളയാന്തരീക്ഷത്തിലേക്ക് എത്തിയത്. ഏതാനും വര്‍ഷംമുമ്പ് കാലവര്‍ഷം പെയ്യാന്‍ മടിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നു. അതിപ്പോള്‍ മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ മഴയുടെ ഗതി പരമ്പരാഗത പ്രവചനത്തിന് വഴങ്ങുന്നില്ല. തിരിമുറിയാതെ മഴ പെയ്യുന്ന കാലത്തെക്കുറിച്ച് പഴമക്കാര്‍ പറഞ്ഞിരുന്ന ഭൂതകാലത്തില്‍നിന്ന് വ്യത്യസ്തമായി ചുരുങ്ങിയ സമയംകൊണ്ടുള്ള അതിരൂക്ഷ മഴപ്പെയ്ത്ത് പ്രളയമായിമാറുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ഇനിയുള്ള വര്‍ഷങ്ങളില്‍ കാലവര്‍ഷത്തെ നേരിടാന്‍ യുദ്ധകാല മുന്നൊരുക്കങ്ങളും കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങളും അനിവാര്യമാണ്. കാലാവസ്ഥയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ പ്രകടമാണെന്നിരിക്കെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ സര്‍ക്കാരും ജനങ്ങളും തയാറെടുപ്പ് നടത്തേണ്ടതുണ്ട്. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച് പ്രളയത്തിനിരയാകുന്നവരുടെ എണ്ണം കുറക്കുന്നതിനെക്കുറിച്ച് ഇതുവരെ അധികൃതര്‍ ചിന്തിച്ചുതുടങ്ങിയിട്ടില്ല.

കനത്ത മഴ മാത്രമല്ല ദുരന്തങ്ങള്‍ക്ക് കാരണം. അതിനപ്പുറം നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍കൂടി പ്രളയങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണവും പരിപാലനവും നിസ്സാരമല്ലെന്ന് വൈകിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. മഴയുടെ അളവ് കുറഞ്ഞിരുന്ന കാലത്ത് പ്രളയ സാധ്യത മുന്നില്‍കാണാതെ വ്യാപക നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നിരുന്നത്. ഇത്രയും ഭീകരമായ അവസ്ഥിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് അധികപേരും ആലോചിച്ചിരുന്നില്ല. പ്രകൃതിയെ ഗൗനിക്കാതെ നടത്തിയ നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ദുരന്തങ്ങളായി തിരിച്ചടിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ കെട്ടിപ്പൊക്കുകയും അതിന് അനുമതി നല്‍കുകയും ചെയ്തപ്പോള്‍ വരാനിരിക്കുന്ന അപകടങ്ങള്‍ ആരും മുന്നില്‍കണ്ടില്ല. ചെറിയ തോതിലുള്ള ഇടപെടല്‍ പോലും വലിയ തകര്‍ച്ചക്ക് കാരണമാകുമെന്നിരിക്കെയാണ് കുന്നുകള്‍ ഇടിച്ചുനിരത്തിയും കാലുകള്‍ കയ്യേറിയും പണമുണ്ടാക്കാന്‍ അത്യാര്‍ത്തി കാട്ടിയത്. അതിന്റെ ഇരകളാകുന്നത് സാധാരണക്കാരും. പ്ലീസ്, പ്രകൃതിയെ ദ്രോഹിക്കാതിരിക്കുക… ക്വാറികളെ നിയന്ത്രിക്കുക.