അബ്ദുല്ല വാവൂര്‍

തുടര്‍ പഠന സൗകര്യം എല്ലാവര്‍ക്കും ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരുകളുടെ മുന്തിയ പരിഗണനയില്‍ വരേണ്ട വിഷയമാണ്. എന്നാല്‍ പ്ലസ്‌വണ്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും ആയിരക്കണക്കിന് കുട്ടികള്‍ക്ക് തുടര്‍ പഠന സൗകര്യം ലഭ്യമായിട്ടില്ല എന്ന് നാടൊന്നാകെ ഒരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞിട്ടും നിസ്സംഗത കൈവിടാന്‍ കൂട്ടാക്കാത്ത പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശ നിഷേധം തുടരുക തന്നെയാണ്.

രാജ്യത്ത് ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ ഘട്ടം വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാനത്ത് അടിസ്ഥാന വിദ്യാഭ്യാസം നേടാനുള്ള സൗകര്യം ഉറപ്പ്‌വരുത്തുന്നതില്‍ ഗവണ്മെന്റ് പിറകോട്ട്‌പോകുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കഴിഞ്ഞ സപ്തംബര്‍ ഇരുപതിന് ഇറക്കിയ 4160/21 ഉത്തരവില്‍ പറയുന്നത് സംസ്ഥാനത്ത് ഈ വര്‍ഷം പുതിയ ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുന്നില്ല എന്നാണ്. കാരണമായി പറയുന്നത് സാമ്പത്തിക പ്രതിസന്ധിയും. ഹയര്‍ സെക്കണ്ടറി പുതിയ സ്‌കൂളുകളുടെയും ബാച്ചുകളുടെയും ആവശ്യകതയുമായി ബന്ധപ്പെട്ട് റീജ്യണല്‍ ഡയറക്ടര്‍ മാരുടെ നേതൃത്വത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയെ വെക്കുകയും ആ കമ്മിറ്റി എല്ലാ ജില്ലകളെയും സംബന്ധിച്ചു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ക്രോഡീകരിച്ചു സര്‍ക്കാരിന് നല്‍കുകയും ചെയ്തിരുന്നു. സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവേശനം നേടാനുള്ള കുട്ടികളെകൂടി കണക്കിലെടുത്തായിരുന്നു. പ്ലസ്‌വണ്‍ പ്രവേശനം എല്ലാവര്‍ക്കും ഉറപ്പാക്കണമെങ്കില്‍ 167 ബാച്ചുകളെങ്കിലും അടിയന്തിരമായി അനുവദിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചത് സര്‍ക്കാര്‍ ഈ ഉത്തരവിലൂടെ തള്ളിക്കളയുകയാണുണ്ടായത്.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയ ശതമാനം 99.47ആണ്. 419653 പേരാണ് വിജയിച്ചത.് അതില്‍ 121318 പേര്‍ക്ക് മുഴുവന്‍ എ പ്ലസും. കുട്ടികള്‍ക്ക് ഏറ്റവും ആകര്‍ഷക വിഷയ ബാച്ചായ സയന്‍സിന് സംസ്ഥാനത്ത് മൊത്തമുള്ളത് 120400 സീറ്റാണ്. അതില്‍ സ്‌പോര്‍ട്‌സ് ക്വാട്ട കഴിച്ചാല്‍ 117184 സീറ്റ്. അപ്പോള്‍ മുഴുവന്‍ എ പ്ലസ് നേടിയവര്‍ക്ക്‌പോലും സയന്‍സിന് പ്രവേശനം കിട്ടാത്ത സാഹചര്യമാണ്. മൂന്ന് വിഷയ സ്ട്രീമിലുംകൂടി ആകെ സീറ്റുള്ളത് 306150 ആണ്. അപ്പോഴും പുറത്ത് നില്‍ക്കുന്നവരുടെ എണ്ണം 113503. എല്ലാവര്‍ക്കും പ്രവേശനം നല്‍കാന്‍ സീറ്റില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ സി.പി.എം അംഗങ്ങളായ കെ. പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ഒ.ആര്‍ കേളു, സേവിയര്‍ ചിറ്റിലപ്പിള്ളി, കെ.യു ജനീഷ്‌കുമാര്‍ എന്നിവര്‍ വിദ്യാഭ്യാസ മന്ത്രിയോട് ചോദിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടി വിശകലനം ചെയ്താല്‍ മാത്രം മതി ഇടതു സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിഷേധം വ്യക്തമാകാന്‍. സംസ്ഥാനത്തെ പത്താംതരം പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിക്കാനായതിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിന് ഹയര്‍സെക്കണ്ടറി മേഖലയില്‍ ഉപരിപഠനത്തിന് എല്ലാവര്‍ക്കും അവസരം ഒരുക്കാന്‍ വേണ്ട സൗകര്യം ഏര്‍പെടുത്തുമോ എന്നാണ് ചോദ്യം. മറുപടി പറഞ്ഞ മന്ത്രി ശിവന്‍കുട്ടി മാര്‍ജിനല്‍ സീറ്റ് വര്‍ധന വരുത്താതെതന്നെ പ്ലസ്‌വണ്‍ പ്രവേശനം സാധ്യമാക്കുന്നതിനായി 2015 മുതല്‍ 2020 വരെയുള്ള അഞ്ചു വര്‍ഷത്തെ പ്രവേശനം നേടിയവരുടെ എണ്ണം വിശകലനം ചെയ്യുകയുണ്ടായി. ഈ വിശകലനത്തില്‍ അലോട്ട്‌മെന്റ് കഴിയുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം എല്ലാ ജില്ലകളിലുമുണ്ട്. അത്‌കൊണ്ട്തന്നെ ഒരു ജില്ലയിലും ഹയര്‍ സെക്ക ണ്ടറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനില്‍ക്കുന്നില്ല. എന്നാല്‍ മന്ത്രി മറുപടിയോടൊപ്പം നല്‍കിയ അനുബന്ധ രേഖകള്‍ തന്നെ ഈ വാദഗതിയുടെ മുനയൊടിക്കുന്നതാണ്.

ജില്ല, ലഭ്യമായ സീറ്റ്, 2021ല്‍ എസ്.എസ്.എല്‍. സി പാസ്സായവരുടെ എണ്ണം, അഞ്ചു വര്‍ഷത്തെ പ്രവേശന ശതമാനം (ശരാശരി ) എന്ന ക്രമത്തില്‍. തിരുവനന്തപുരം 24950, 34447, 79.16. കൊല്ലം 22800, 30547, 75.91. പത്തനംതിട്ട 12900, 10341, 96. ആലപ്പുഴ 20800, 21917, 83.5. കോട്ടയം 19150, 19636, 85.55. ഇടുക്കി 10350, 11197, 79.41. എറണാകുളം 26750, 32098, 80.33. തൃശൂര്‍ 27650, 35158, 70.72. പാലക്കാട്, 24150, 38518, 70.88. കോഴിക്കോട് 29200, 44432, 77.2. മലപ്പുറം 41950, 75554, 67.92. വയനാട് 7950, 11518, 77.2. കണ്ണൂര്‍ 25350, 35003, 79.92 കാസര്‍കോട്, 12200, 19287, 70.61. ഇതില്‍ പ്രവേശന ശരാശരി നോക്കിയാണ് പ്ലസ്‌വണ്‍ പ്രവേശനത്തിന് പ്രതിസന്ധി ഇല്ല എന്ന് മന്ത്രി പറഞ്ഞത്. ഈ ശതമാന കണക്ക് വിശകലന വിധേയമാക്കുമ്പോള്‍ ഉയരുന്ന ചോദ്യം പത്തനംതിട്ട ജില്ലയില്‍ 96 ശതമാനം പേര്‍ പ്രവേശനം നേടിയപ്പോള്‍ മലപ്പുറത്ത് എന്തെ 67 ശതമാനമായത്? ലളിതയുക്തിയില്‍ മറുപടി പറഞ്ഞാല്‍ മലപ്പുറത്ത് കുട്ടികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാന്‍ സീറ്റുണ്ടായിട്ടു വെണ്ടേ എന്നാണ്. എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള തുടര്‍പഠന സൗകര്യങ്ങളായ പ്ലസ്‌വണ്‍, വി.എച്ച്.എസ്.ഇ, പോളി, ഐ.ടി.ഐ തുടങ്ങിയവയിലെ സീറ്റുകള്‍ എല്ലാം വിശകലന വിധേയമാക്കിയാല്‍ അവിടെയും മലബാര്‍ ജില്ലകളിലെ അപര്യാപ്തത നിഴലിച്ചുകാണും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ യുള്ള ജില്ലകളില്‍ മൊത്തം പാസ്സായ കുട്ടികളുടെ എണ്ണവും തുടര്‍പഠന സൗകര്യവും നോക്കിയാല്‍ അവിടെ സീറ്റുകള്‍ മിച്ചമാണെന്ന് കാണാം. തിരുവനന്തപുരത്ത് 916, കൊല്ലം 1783, പത്തനംതിട്ട 618, ആലപ്പുഴ 3126, കോട്ടയം 4747, ഇടുക്കി 1942, എറണാകുളം 849 എന്നിങ്ങനെ സീറ്റുകള്‍ ബാക്കിയാവും. അതേസമയം തൃശൂര്‍ 830, പാലക്കാട് 9695, മലപ്പുറം 28804, കോഴിക്കോട് 9513, വയനാട് 1804, കണ്ണൂര്‍ 4607, കാസര്‍കോട് 3352 എന്നിങ്ങനെ മലബാര്‍ ജില്ലകളില്‍ സീറ്റുകളുടെ അപര്യാപ്തത യും പ്രകടമാണ്. ഈ അപര്യാപ്തത പരിഹരിക്കാനാണ് കഴിഞ്ഞ കുറേക്കാലങ്ങളായി മാര്‍ജിനല്‍ വര്‍ധന പ്രഖ്യാപിക്കുന്നത്. ഇത്തരം വര്‍ധന പാടില്ലെന്ന് ഹൈക്കോടതി നിരീക്ഷച്ചതാണ്. അന്‍പത് കുട്ടികള്‍ക്ക്പകരം അറുപത് ആകുമ്പോള്‍ ക്ലാസ്മുറി വലുപ്പം, ലാബ് തുടങ്ങിയ അടിസ്ഥാന സൗകര്യ പ്രശ്‌നമൊക്കെ നിലനില്‍ക്കും. ഇനി മാര്‍ജിനല്‍ വര്‍ധന നടപ്പാക്കിയാലും മലബാര്‍ ജില്ലകളില്‍ പ്രശ്‌നം നിലനില്‍ക്കും. മലപ്പുറത്തിന്റെ കാര്യമെടുത്താല്‍ 75554 കുട്ടികള്‍ തുടര്‍ പഠന യോഗ്യത നേടിയ ഇവിടെ എല്ലാ കോഴ്‌സുകളിലെയും സീറ്റുകള്‍ പരിഗണിച്ചാല്‍ മാര്‍ജിനല്‍ വര്‍ധന ഉള്‍പ്പെടെ 55140 പേര്‍ക്കേ പ്രവേശനം കിട്ടുകയുള്ളൂ. ശേഷിക്കുന്ന 20414 കുട്ടികള്‍ തുടര്‍ പഠനത്തില്‍നിന്ന് പുറത്ത്തന്നെയാണ്. ഈ യാഥാര്‍ഥ്യമാണ് സര്‍ക്കാര്‍ കാണാതെപോകുന്നത്.

1966 ലെ കോത്താരി കമ്മീഷന്‍ ശിപാര്‍ശയില്‍ പ്രധാനമായിരുന്നു മെട്രിക്കുലേഷന് ശേഷമുള്ള പഠനം സ്‌കൂള്‍ അന്തരീക്ഷത്തിലാവണമെന്നത്. പിന്നീട് 1986ലെ ദേശീയ വിദ്യാഭ്യാസ നയം ഈ കാഴ്ചപ്പാട് ശക്തമായി മുന്നോട്ട്‌വെച്ചു. അതിനെ തുടര്‍ന്നാണ് പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയം വന്നത്. കേരളത്തില്‍ 1990-91ലാണ് ആദ്യമായി കോളജുകളില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തി പരീക്ഷണാടിസ്ഥാനത്തില്‍ 31 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹയര്‍സെക്കണ്ടറി ആരംഭിച്ചത്. 1991-96ല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ മന്ത്രിയായിരുന്നപ്പോള്‍ അത് 85 ആയി എയ്ഡഡ് സ്‌കൂളുകളിലും പ്ലസ്ടു തുടങ്ങി. പി.ജെ ജോസഫിന്റെ സമയത്ത് ഹയര്‍സെക്കണ്ടറികളുടെ എണ്ണം 524 ആയി ഉയര്‍ന്നു. 2001ല്‍ യു.ഡി.എഫ് വന്നപ്പോള്‍ എന്‍ സൂപ്പിയുടെയും ഇ.ടിയുടെയും കാലത്ത് സ്‌കൂളുകള്‍ 1656ല്‍ എത്തി. കേരളത്തില്‍ ഹയര്‍സെക്കണ്ടറി വ്യാപനം കൂടുതലായി നടന്നത് ഈ ഘട്ടത്തിലാണ.് 2006-11ല്‍ എം.എ ബേബിയുടെ സമയത്ത് സ്‌കൂളുകളുടെ എണ്ണം 1907ല്‍ എത്തി. 2011-16 കാലയളവില്‍ പി.കെ അബ്ദുറബ്ബ് മന്ത്രിയായപ്പോള്‍ മലബാര്‍ ജില്ലകളില്‍ അടക്കമുള്ള സീറ്റിന്റെ അപര്യാപ്തത പരിഹരിക്കാന്‍ 2013ല്‍ ആദ്യം 552 ബാച്ചുകള്‍ അനുവദിച്ചു. പിന്നീട് ഹയര്‍സെക്കണ്ടറി ഇല്ലാത്ത മുഴുവന്‍ പഞ്ചായത്തുകളിലും അത് ലഭ്യമാക്കിയും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പ്രവേശന പ്രശ്‌നം പരിഹരിക്കാനായി 232 പുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും 189 അഡീഷണല്‍ ബാച്ചുകളും അനുവദിച്ചു. അക്കാലത്തെ പ്രവേശന പ്രതിസന്ധിക്ക് അയവ്‌വരുത്താന്‍ ഇതുകൊണ്ട് കഴിഞ്ഞിരുന്നു. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരും ഇപ്പോഴത്തെ തുടര്‍ സര്‍ക്കാരും ഒരു ബാച്ച്‌പോലും അനുവദിക്കാതെ കുട്ടികളുടെ തുടര്‍പഠന അവകാശത്തെ നിഷേധിച്ചു കൊണ്ടേയിരിക്കുകയാണ്.