മുംബൈ: കോവിഡ് ബാധിച്ചുമരിച്ച ഡോക്ടറുടെ കുറിപ്പ് നൊമ്പരമാകുന്നു. സെവ്‌രി ടിബി ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മനിഷ ജാദവ് (51) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. ‘ഒരുപക്ഷേ അവസാനത്തെ സുപ്രഭാതമായിരിക്കാം. എനിക്ക് ഈ സാഹചര്യത്തില്‍ നിങ്ങളെ കാണാന്‍ സാധിക്കില്ല. എല്ലാവരും ജാഗരൂകരാകൂ. ശരീരം മരിക്കും. എന്നാല്‍ ആത്മാവ് മരിക്കില്ല. ആത്മാവ് അനശ്വരമാണ്’ മനിഷ സമൂഹമാധ്യമത്തില്‍ കുറിച്ചു.

കുറിപ്പ് പോസ്റ്റ് ചെയ്ത് 36 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മനിഷ മരണത്തിന് കീഴടങ്ങി. നിരവധി ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കുറിപ്പ് പങ്കുവെച്ച് അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ആശങ്ക അറിയിച്ചു. മുംബൈയില്‍ നിന്നുതന്നെയുള്ള മറ്റൊരു ഡോക്ടറുടെ വിഡിയോയും വൈറലായിരുന്നു. ‘ഞങ്ങള്‍ നിസഹായരാണ്. ഇതുപോലൊരു സാഹചര്യം മുന്‍പ് ഉണ്ടായിട്ടില്ല. ജനങ്ങള്‍ പരിഭ്രാന്തിയിലാണ്’ വിഡിയോയിലൂടെ അവര്‍ പറഞ്ഞിരുന്നു.