ഡല്‍ഹി; രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വളരെ കുറവെന്ന് ഐസിഎംആര്‍. കോവിഷീല്‍ഡിന്റെയോ കോവാക്‌സിന്റെയോ രണ്ടുഡോസും സ്വീകരിച്ചവരില്‍ ആകെ 5709 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്‌സിനെടുത്തവരുടെ ആകെ എണ്ണവുമായി താരതമ്യംചെയ്യുമ്പോള്‍ ഇത് നിസ്സാരമാണെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറയുന്നത്.

കോവാക്‌സിന്റെ രണ്ടുഡോസുകളും സ്വീകരിച്ചവരില്‍ 0.04 ശതമാനത്തിനും കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ 0.03 ശതമാനത്തിനും ആണ് പിന്നീട് കോവിഡ് ബാധിച്ചത്. കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ച 21,000ത്തിലധികം ആളുകള്‍ക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 17,37,178 പേരാണ് കൊവാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചത്. കോവിഷീല്‍ഡ് കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണം 1,57,32,754 ആണ്.

വാക്‌സിന്‍ സ്വീകരിച്ചാല്‍ കോവിഡിന്റെ അപകടം കുറയുകയും മരണത്തില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യുമെന്ന് ഡോ. ഭാര്‍ഗവ വിശദീകരിച്ചു. കുത്തിവെപ്പിനുശേഷം രോഗം വരുന്നതിനെ ‘ബ്രെയ്ക്ക് ത്രൂ ഇന്‍ഫെക്ഷന്‍’ എന്നാണ് പറയുക. പതിനായിരത്തില്‍ രണ്ടുമുതല്‍ നാലുവരെ ആളുകള്‍ക്കാണ് ഇങ്ങനെ സംഭവിക്കുന്നത്.