കോവിഡിന്റെ രണ്ടാം വരവ് മിക്ക സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെയും സ്തംഭിപ്പിച്ചിരിക്കുകയാണ്. വടക്കെ ഇന്ത്യയിലെ മിക്ക ആശുപത്രികളിലെയും കാഴ്ചകള്‍ ദയനീയമാണെന്നാണ് ഡോക്ടര്‍മാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നത്. ഇത്തരം നിരവധി വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും സര്‍ക്കാര്‍ പറയുന്ന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കരഞ്ഞുകൊണ്ട് പറയുന്ന ഡോക്ടറുടെ വിഡിയോ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും കാണാം. ഈ പ്രതിസന്ധിയെ മറികടക്കാന്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നുണ്ട്.

ഞാന്‍ ഇതുപോലൊന്ന് കണ്ടിട്ടില്ല, ഞങ്ങള്‍ നിസ്സഹായരാണ്. പല ഡോക്ടര്‍മാരെയും പോലെ ഞാനും അസ്വസ്ഥനാണ്. എന്തുചെയ്യണമെന്ന് അറിയില്ല. ദയനീയ കാഴ്ചകള്‍ കണ്ട് ഹൃദയം തകര്‍ന്നിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായിക്കാന്‍ കഴിയുന്നതിനേക്കാള്‍ മുകളിലാണ് ഈ പ്രതിസന്ധിയെന്നും വിഡിയോയിലൂടെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വേണ്ടത്ര കിടക്കകളില്ല, ഓക്‌സിജനില്ല, മരുന്നുകളും കുറവ്. ഇതിനാല്‍ തന്നെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും വീട്ടില്‍ കിടത്തേണ്ട സാഹചര്യമാണെന്നും അവര്‍ പറഞ്ഞു.