ന്യൂയോര്‍ക്ക്: ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കുന്നതിനെതിരെ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സി.ഐ.എ മേധാവിയുടെ മുന്നറിയിപ്പ്. ആണവ കരാര്‍ അവസാനിപ്പിക്കുന്നത് ദുരന്തപൂര്‍ണവും അങ്ങേയറ്റം വിഡ്ഢിത്തവുമായിരിക്കുമെന്ന് സി.ഐ.എ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണന്‍ ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. റഷ്യയുടെ വാഗ്ദാനങ്ങളോട് ജാഗരൂകനായിരിക്കണമെന്നും അദ്ദേഹം ട്രംപിന് ഉപദേശിച്ചു. സിറിയ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതത്തിന് ഏറിയ പങ്കും റഷ്യയാണ് ഉത്തരവാദിയെന്ന് ബ്രണ്ണന്‍ കുറ്റപ്പെടുത്തി.
നാലുവര്‍ഷം സി.ഐ.എക്ക് നേതൃത്വം നല്‍കിയ അദ്ദേഹം ജനുവരിയില്‍ പദവിയൊഴിയുകയാണ്. അമേരിക്കയിലെ പുതിയ ഭരണകൂടം സൂക്ഷ്മതയും അച്ചടക്കവും പാലിക്കേണ്ട നിരവധി വിഷയങ്ങളുണ്ടെന്ന് ബ്രണ്ണന്‍ പറഞ്ഞു. ഭീകരത സംബന്ധിച്ച ഭാഷാപ്രയോഗം, റഷ്യയുമായുള്ള ബന്ധങ്ങള്‍, ഇറാന്‍ ആണവ കരാര്‍, സി.ഐ.എയുടെ രഹസ്യ രീതികള്‍ എന്നിവ അതില്‍ പെടും. സിറിയന്‍ വിഷയം വിരസമായി വിലയിരുത്തുന്നത് ശരിയല്ല. സിറിയയിലെ സിവിലിയന്‍ കൂട്ടക്കുരുതികള്‍ക്ക് സിറിയന്‍ ഭരണകൂടവും റഷ്യയും സിവിലിയന്‍ കൂട്ടക്കൂരുതിക്ക് ഉത്തരവാദിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിറിയയും ഇറാനും ഹിസ്ബുല്ലയും റഷ്യയും നടത്തുന്ന ഭീകരാക്രമണങ്ങള്‍ തടയാന്‍ വിമതര്‍ക്കുള്ള യു.എസ് പിന്തുണ തുടരേണ്ടതുണ്ടെന്നും ബ്രണ്ണന്‍ കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ബഷാറുല്‍ അസദിനെതിരെ സായുധ പോരാട്ടം നടത്തുന്ന മിതവാദികളായ വിമതര്‍ക്ക് പിന്തുണ നല്‍കുന്ന നയമാണ് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പിന്തുടര്‍ന്നുപോരുന്നത്. സിറിയയില്‍ തന്ത്രപ്രധാന വിജയം നേടുന്നതുവരെ റഷ്യക്കാര്‍ക്ക് അനുകമ്പയുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിറിയന്‍ പ്രശ്‌നമടക്കം നിരവധി വിഷയങ്ങളില്‍ റഷ്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഭീകരവാദ കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ക്കെതിരെ വാട്ടര്‍ബോര്‍ഡിങ് അടക്കമുള്ള ഭീകരമര്‍ദക മുറകള്‍ പുറത്തെടുക്കുമെന്ന ട്രംപിന്റെ നിലപാടിനോടും ബ്രണ്ണന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. വാട്ടര്‍ബോര്‍ഡിങും മറ്റും പുനരാരംഭിക്കുന്നത് അബദ്ധമായിരിക്കുമെന്നും സി.ഐ.എ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും അത്തരം രീതികളോട് യോജിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രോണാക്രമണങ്ങള്‍ അടക്കമുള്ള വിശേഷാധികാരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അമേരിക്കന്‍ സുരക്ഷക്ക് പ്രതികൂല ഫലങ്ങളാണുണ്ടാക്കുകയെന്ന് ബ്രണ്ണന്‍ മുന്നറിയിപ്പുനല്‍കി.
Be the first to write a comment.