മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി എം.കെ. മുനീര്‍ എം.എല്‍.എ. ലീഗ് എന്ത് ചെയ്യണം എന്നതിന് എ.കെ.ജി സെന്ററിലെ തിട്ടൂരം വേണ്ടെന്നും മുസ്‌ലിം ലീഗ് മിണ്ടണ്ട എന്ന് പറഞ്ഞാല്‍ സഭയില്‍ ഇടപെടേണ്ട എന്നാണോയെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചു. തരംതാണ രാഷ്ട്രീയമാണ് മുഖ്യമന്ത്രി കളിക്കുന്നതെന്നും മുനീര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട. അത് സ്വന്തം വീട്ടില്‍ മതിയെന്നും ലീഗ് ഓടിളക്കിയല്ല നിയമസഭയിലെത്തിയതെന്നും മുനീര്‍ തുറന്നടിച്ചു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ ലീഗ് സമരം ഇനിയും ശക്തമാക്കുമെന്നും ലീഗ് രാഷ്ട്രീയ സംഘടന തന്നെയാണെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മുനീര്‍ മറുപടി നല്‍കി.