ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്ന നിര്‍ദേശവുമായി ഡോ. ആന്റോണി എസ്. ഫൗച്ചി. ബൈഡന്‍ ഭരണകൂടത്തിന്റെ ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവാണ് ഫൗച്ചി.

ഇന്ത്യ പോലൊരു രാജ്യത്ത് മുഴുവന്‍ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് ഇതു വരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് വളരെ ഗുരുതരമായൊരു സാഹചര്യമാണെന്നും കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും ഡോ. ആന്റോണി എസ്. ഫൗച്ചി പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ് അഭിമുഖത്തിലാണ് അഭിപ്രായ പ്രകടനം.

വാക്സിന്‍ വിതരണത്തിന് ഉള്‍പ്പെടെ സഹായം തേടാമെന്നും യുദ്ധകാലത്ത് ആശുപത്രികള്‍ നിര്‍മ്മിക്കാറുള്ളതു പോലെ ഇപ്പോഴും വളരെ പെട്ടെന്ന് ആശുപത്രികള്‍ നിര്‍മിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.