കോഴിക്കോട്: വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാദും പ്രചരിപ്പിക്കുന്നതെന്ന് ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമാണ് ഇവര്‍ തകര്‍ക്കുന്നത്. പിശാചുക്കളുടെ ആശയങ്ങള്‍ ഇന്ത്യയില്‍ തകര്‍ന്നടിയും. മനുഷ്യത്വം തിരിച്ചു വരും. മുത്തലാഖ് വിവാദം ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളജില്‍ വിദ്യാര്‍ഥികളുമായുള്ള അഭിമുഖത്തിലും മീറ്റ് ദ പ്രസ്സ് പരിപാടിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.പിയിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ അറുപത്തിമൂന്ന് കുട്ടികള്‍ 2017 ആഗസ്റ്റില്‍ മരിച്ച സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറായിരുന്നു കഫീല്‍ ഖാന്‍. പിന്നീട് മൂഴുവന്‍ കുറ്റങ്ങളും ആരോപിക്കപ്പെട്ട് ഖാനെ ഒമ്പതു മാസത്തോളം ജയിലിലടക്കുകയായിരുന്നു. കുട്ടികള്‍ മരിച്ചതില്‍ ഇദ്ദേഹമല്ല കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ജാമ്യം നല്‍കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും താന്‍ സസ്‌പെന്‍ഷനിലാണെന്ന് ഖാന്‍ പറഞ്ഞു.

നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രിക്കുമെതിരെ പ്രചരണം നടത്തുമെന്ന് ഡോ: ഖാന്‍ പറഞ്ഞു. ഡ്യുട്ടിയിലുണ്ടായിരുന്ന ദിവസം ഓരോ അരമണിക്കൂറിലും അമ്മമാരുടെ മാറത്തടികള്‍ക്കിടയിലും പിഞ്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ തനിക്ക് കഴിഞ്ഞുള്ളൂ. മുഴുവന്‍ അധികാരികളോടും കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ഓക്‌സിജന്‍ സിലിണ്ടര്‍ തരാതെ അഴിമതിക്കു കൂട്ടുനിന്നവര്‍ തന്നെ പ്രതിയാക്കി ജയിലിലടക്കുകയായിരുന്നു. തന്റെ സഹോദരനെ മൂന്ന് തവണ യോഗിയുടെ അനുയായികള്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചു പിതാവ് മരിച്ചിട്ടു പോലും കരച്ചിലടക്കി പിടിച്ച ഉമ്മ തന്നെ ജയിലിലടച്ചപ്പോള്‍ വാവിട്ടു കരഞ്ഞു. ജയിലിലെ അനുഭവങ്ങള്‍ പുസ്തകമാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അഖ്‌ലാഖും ജുനൈദും രോഹിത്‌വെമുലയും ഭരണകൂടത്തിന്റെ ഇരകളാണ്. മോദിയുടെ ആശയങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ആരെയും പേടിച്ച് എവിടെയും പോയി ജീവിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രണ്ട് ദിവസംകൂടി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഖാന്‍ സന്ദര്‍ശനം നടത്തും.