കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതിയായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തില്‍നിന്ന് വീണ്ടും രക്ഷപ്പെട്ടു. ശൗചാലയത്തിലെ ചുമര്‍ തുരന്നാണ് പ്രതി പുറത്തേക്കു കടന്നതെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ഒന്‍പതു മണിവരെ വിനീഷ് മുറിയിലുണ്ടായിരുന്നുവെന്നാണ് വിവരം.
ഓരോ മണിക്കൂറിലും പതിവായി പരിശോധന നടത്തുന്ന കേന്ദ്രത്തില്‍, രാത്രി 11 മണിക്ക് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി കണ്ടെത്തിയത്. ഉടന്‍തന്നെ പൊലീസിനെ വിവരം അറിയിച്ചു. നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ തിരച്ചില്‍ തുടരുന്നത്. ഇത് രണ്ടാംതവണയാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെടുന്നത്. 2022ലും ഇയാള്‍ ഇവിടെനിന്ന് ചാടിപ്പോയെങ്കിലും പിന്നീട് പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ഇതിനിടെ കൊതുകുതിരി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
റിമാന്‍ഡിലായിരുന്ന വിനീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 2022ല്‍ ആദ്യമായി കുതിരവട്ടം മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വീണ്ടും ജയിലിലേക്ക് മാറ്റിയ പ്രതിയെ, മാനസികാസ്വാസ്ഥ്യം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ പത്താം തീയതിയാണ് വീണ്ടും കുതിരവട്ടത്തെ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ഇയാള്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണത്തടവുകാരനാണ്. 2021ലാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിനിയായ ദൃശ്യ (21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ട ശേഷം വീട്ടില്‍ അതിക്രമിച്ചുകയറിയാണ് പ്രതി യുവതിയെ കുത്തിവീഴ്ത്തിയത്.