തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് നടന്ന ലഹരി വേട്ടയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് പിടികൂടി. പ്രതികളില്‍ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. കണിയാപുരം തോപ്പില്‍ ഭാഗത്ത് ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ആറ്റിങ്ങല്‍-നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.
നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂര്‍ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോക്ടര്‍ വിഗ്‌നേഷ് ദത്തന്‍ (34), പാലോട് സ്വദേശിനി അന്‍സിയ (37), കൊട്ടാരക്കര സ്വദേശിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായത്. ഇവരില്‍ അസിം, അജിത്ത്, അന്‍സിയ എന്നിവര്‍ മുന്‍പ് നിരവധി ലഹരി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുവന്ന് പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വില്‍പ്പന നടത്തിവരികയായിരുന്നു സംഘമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ, പൊലീസ് ജീപ്പില്‍ കാറിടിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് കണിയാപുരം ഭാഗത്ത് സംഘം ഒളിവില്‍ കഴിയുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെളുപ്പിന് ഡാന്‍സാഫ് സംഘം വാടകവീട് വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളില്‍ നിന്ന് 4 ഗ്രാം എംഡിഎംഎ, 1 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.