ഹരിപ്പാട് : കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുളള കുടിപകയാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന.
കരുവാറ്റ നോര്‍ത്ത് വിഷ്ണുഭവനില്‍ ഗോപാലകൃഷ്ണന്റെ മകന്‍ ജിഷ്ണു (25) ആണ് മരിച്ചത്. ബൈക്കിലെത്തിയ എട്ട് അംഗ സംഘം ജീഷ്ണുവിനെ പിന്തുടര്‍ന്ന് വെട്ടികൊലപ്പെടുത്തുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സ്വരാജിനെ മാരക മുറിവുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാല്‍ അപകടനില തരണം ചെയ്തിട്ടില്ല. കരുവാറ്റ നോര്‍ത്ത് ഊട്ടുപറമ്പിന് സമീപമുളള റെയില്‍വേ ക്രോസില്‍ ഇന്നലെ രാവിലെ പന്ത്രണ്ടോ ടെയായിരുന്നു സംഭവം. ഹരിപ്പാട് സുബ്രമണ്യ ക്ഷേത്രത്തിലെ തൈപൂയ മഹോല്‍സവത്തില്‍ കാവടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഊട്ടുപറമ്പിന് സമീപം വെച്ച് ജിഷ്ണു ആക്രമിക്കപ്പെട്ടത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജിഷ്ണുവിനെ ക്വട്ടേഷന്‍ സംഘം നേരെത്തെ പിന്തുടരുന്നുണ്ടായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായ ഇവിടെയെത്തിയപ്പോള്‍ ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിഞ്ഞ ജിഷ്ണു ബൈക്ക് നിര്‍ത്തി തൊട്ടിരികിലുളള വീട്ടിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടി കയറി.
പിന്നാലെ എത്തിയ സംഘം നാട്ടുക്കാര്‍ നോക്കിനില്‍ക്കെ വീട്ടുമുറ്റത്തിട്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട ജിഷ്ണു ഏഴോളം കേസുകളിലെ പ്രതിയാണ്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കരുവാറ്റ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.