മലപ്പുറം പറപ്പൂരില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടക്കൊല. ക്രൂരമായ മര്‍ദ്ദനത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. പറപ്പൂര്‍ സ്വദേശി സ്വദേശി പൂവലവളപ്പില്‍ കോയയാണ് മരിച്ചത്. ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ എം.ജബ്ബാര്‍ അടക്കം അഞ്ചു പേര്‍ക്കെതിരെ വേങ്ങര പൊലീസ് കേസെടുത്തു.

പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ രാവിലെയാണ് കോയക്ക് മര്‍ദനമേറ്റത്. ലോറിയില്‍ നിന്ന് ചരക്കിറക്കുമ്പോള്‍ മറ്റു വാഹനങ്ങള്‍ക്ക് ഗതാഗത തടസമുണ്ടായതാണ് അടിപിടിക്ക് കാരണമായത്. മര്‍ദനത്തില്‍ പരുക്കേറ്റ കോയയെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നാലെ ഗുരുതരാവസ്ഥയിലായി. ഹൃദയത്തിനും കരളിനും മര്‍ദ്ദനത്തില്‍ ക്ഷതമേറ്റിരുന്നു. കരളില്‍ നിന്ന് രക്തം വാര്‍ന്നതോടെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പിന്നാലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.