Connect with us

Video Stories

കനല്‍പഥങ്ങളിലെ വന്‍മതില്‍

Published

on

ലുഖ്മാന്‍ മമ്പാട്

1997 നവംബറിലെ അവസാന ദിനങ്ങള്‍; കോയമ്പത്തൂര്‍ കത്തിയെരിയുകയാണ്. അവിടെ ട്രാഫികിലെ പൊലീസുകാരന്‍ ശെല്‍വരാജ് കൊല്ലപ്പെട്ടതാണ് തീപൊരി. അല്‍ ഉമ്മ പ്രവര്‍ത്തകരാണ് കൊലക്കു പിന്നിലെന്ന് ആരോപിച്ച് തെരുവീഥികള്‍ കയ്യടക്കിയവര്‍ മുസ്്‌ലിം ഭവനങ്ങളും ഫ്‌ളാറ്റുകളും കടകളും തിരഞ്ഞുപിടിച്ച് കൊള്ളയും കൊള്ളിവെപ്പും നടത്തുന്നു. പൊലീസും അക്രമികളും ഒരേ മനസ്സോടെ മുസ്‌ലിം വേട്ടയുടെ തേര്‍വാഴ്ചയിലാണ്. ആക്രമണങ്ങളിലും പൊലീസ് വെടിവെപ്പിലും 18 ജീവനുകള്‍ പൊലിഞ്ഞിരിക്കുന്നു.

നഗരമധ്യത്തില്‍ വൈകിട്ട് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിക്കാന്‍ പോലും പ്രാണഭയത്താല്‍ ഒരു മുസ്‌ലിമും പുറത്തിറങ്ങുന്നില്ല. രാത്രി പെയ്ത മഴയില്‍ കുതിര്‍ന്ന് മയ്യത്തുകളും നിസ്സഹായതയുടെ ഇരുട്ടുമുറികളില്‍ കണ്ണീരില്‍ കുതിര്‍ന്ന് ഉറ്റവരും.
പുലര്‍ച്ചെ പട്ടാളബൂട്ടിന്റെ ചവിട്ടടി ശബ്ദം കേട്ടാണ് കോയമ്പത്തൂര്‍ ഉണര്‍ന്നത്. ഭയപ്പാടോടെ ജാലകപ്പഴുതിലൂടെ പുറത്തേക്ക് കണ്ണയക്കുമ്പോള്‍ പട്ടാളക്കാരുടെ മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ശിരസുമായി ഒരാള്‍ കടന്നുവരുന്നു. തലേന്ന് ജീവന്‍ നഷ്ടപ്പെട്ട് മഴയില്‍ കുതിര്‍ന്ന മയ്യിത്തുകള്‍ക്ക് മുമ്പിലെത്തിയപ്പോള്‍ രോഷവും കണ്ണീരും കലര്‍ന്ന ഭാവം ഗര്‍ജ്ജനമായി.

‘ഐ ആം ഇ അഹമ്മദ്, മെമ്പര്‍ ഓഫ് പാര്‍ലമെന്റ്, ജനറല്‍ സെക്രട്ടറി ഓഫ് ഐ.യു.എം.എല്‍. വേര്‍ ഇസ് ഡിസ്റ്റിട്രിക് കലക്ടര്‍…’ ആ ചങ്കൂറ്റത്തിന് അരികിലേക്ക് പ്രാണ രക്ഷാര്‍ത്ഥം ഓടിയൊളിച്ചവര്‍ ഒരാളായി, രണ്ടാളായി വന്ന് വന്ന് ചുറ്റിലും നിറഞ്ഞു. അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. ഇന്ദ്രപ്രസ്ഥത്തിലേക്ക് വിളിച്ച് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുന്നു. ഓടിയെത്തിയ ജില്ലാ കലക്ടറര്‍ നിന്നു പരുങ്ങി. ”ഇവര്‍ എന്റെ ആളുകളാണ്. മണിക്കൂറുകളായി മയ്യിത്തുകള്‍ നടുറോഡില്‍ കിടക്കുന്നു. നിങ്ങള്‍ക്ക് എന്താണിവിടെ ജോലി…’ ഇ അഹമ്മദിന് മുമ്പില്‍ ആലിലപോലെ വിറച്ച ജില്ലാകലക്ടറില്‍ നിന്ന് അവര്‍ക്ക് നീതി ലഭ്യമാക്കി, മുസ്‌ലിം രാഷ്ട്രീയത്തിന്റെ അസ്ഥിത്വം അടയാളപ്പെടുത്തിയാണ് ഇ അഹമ്മദ് മടങ്ങിയത്.

വര്‍ഗീയകോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന കനല്‍പഥങ്ങളിലൂടെ മനുഷ്യത്വത്തിന്റെ സംരക്ഷണകവചമായി മൂന്നു പതിറ്റാണ്ടോളം അദ്ദേഹം സാന്ത്വനത്തിന്റെ കുളിര്‍തെന്നലായി ഒഴുകി. ഗുജറാത്ത് വംശഹത്യകാലത്ത് എല്ലാ വിലക്കുകളെയും വെല്ലുവിളികളെയും അതിജീവിച്ച് അവിടെ ഓടിയെത്തി മുഖ്യമന്ത്രി നരേന്ദ്രമോദിയോട് പൊട്ടിത്തെറിച്ചത് 54 ഇഞ്ച് നെഞ്ചളവിനെയും തോല്‍പ്പിക്കാനുള്ള നെഞ്ചൂക്കുമായായിരുന്നു. ഗുജറാത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇഹ്‌സാന്‍ ജിഫ്രിയെ വരെ ചുട്ടുകൊന്ന വറച്ചട്ടിയിലേക്ക് പോകാനുള്ള ആ മനോധൈര്യം ഏതു മാപിനികൊണ്ടാണ് അളക്കാനാവുക.

ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ഒന്നിച്ചു നില്‍ക്കേണ്ടവരെ ഭിന്നിപ്പിക്കാന്‍ പെടാപാട് പെടുകയായിരുന്നു സമുദായ ലേബലിലെ പലരും. എന്നാല്‍, ബാബരി മസ്ജിദ് ധ്വംസനാന്തര കലാപങ്ങളില്‍ അതിലേറെ നഷ്ടം സഹിച്ച് വെന്തുരുകയായിരുന്നു രാജ്യത്തെ മുസ്‌ലിംകള്‍. കാണ്‍പൂരിലും മീററ്റിലും മുംബൈയിലുമൊക്കെ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അത്താണിയായി ആദ്യം ഓടിയെത്തിയ അദ്ദേഹമായിരുന്നു. കേന്ദ്രമന്ത്രി പദവിയിലെത്തിയപ്പോഴും ഭരണകൂട ചെയ്തികളോട് സമരസപ്പെട്ട് സമുദായത്തിന്റെ വേദനകള്‍ക്ക് നേരെ ഒരിക്കല്‍പോലും അദ്ദേഹം കണ്ണടച്ചില്ല.

വ്യാജ ഏറ്റുമുട്ടല്‍ കൊലളുടെ ആദ്യ എപ്പിസോഡുകളിലൊന്നായ ബട്‌ലഹൗസ് സംഭവത്തിന് ദേശീയ പ്രാധാന്യവും ശ്രദ്ധയും ലഭിച്ചത് കേന്ദ്രമന്ത്രിയായ ഇ അഹമ്മദ് സാഹിബിന്റെ സന്ദര്‍ശനത്തോടെയായിരുന്നു. ന്യൂനപക്ഷ-ദളിത് വേട്ടയുടെയും മനുഷ്യാവകാശ ധ്വംസനത്തിന്റെയും വാര്‍ത്തകള്‍ പലപ്പോഴും പുറം ലോകം അറിഞ്ഞത് പോലും ചോരകിനിയുന്ന ഭൂമികയില്‍ ഇ അഹമ്മദ് സന്ദര്‍ശിക്കുമ്പോഴായിരുന്നു.അനീതിക്കെതിരെ കൊടുങ്കാറ്റായും വിമോചനത്തിന്റെ പോരാളിയായും വിശ്വാത്തര ഖ്യാതിയാണ് അദ്ദേഹത്തിനുള്ളത്.

ഇ അഹമ്മദ് കേന്ദ്രവിദേശകാര്യ സഹമന്ത്രിയായത് ചങ്കില്‍കുത്തലോടെ എതിരേറ്റവര്‍ വീഴ്ചകള്‍ക്ക് ഭൂതകണ്ണാടി വെച്ച് കാത്തിരുന്ന ആദ്യ നാളുകളിള്‍ ഇറാഖിലെ കലാപഭൂമിയിലെ സാന്ത്വന ദൗത്യം രാജ്യം ഏല്‍പിച്ചത് ആ കൈകളിലായിരുന്നുവെന്നത് കാവ്യനീതിയായി. ലോകത്തെവിടെയും നേരിട്ടെത്തി അടിച്ചമര്‍ത്തപ്പെടുന്നവരോടൊപ്പം അദ്ദേഹം കൈകോര്‍ത്തു. ഇറാഖില്‍ അല്‍ഖാഇദയുടെ തടവിലായ ഇന്ത്യന്‍ െ്രെഡവര്‍മാരെ സുരക്ഷിതമായി തിരിച്ചെത്തിച്ച് രാജ്യത്തിന്റെ ‘ഖാണ്ഡഹാര്‍ ചരിത്രത്തിന്’ മറുകുറിയുടെ ഇതിഹാസം തീര്‍ത്തു അദ്ദേഹം. ലിബിയന്‍ കലാപ ഭൂമിയിലും ഇന്ത്യക്കാര്‍ക്ക് രക്ഷകനായി. ഇസ്രാഈല്‍ ബോംബ് വര്‍ഷത്തെ വകവെക്കാതെ പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവും സഹായ ധനവുമായി യാസര്‍ അറഫാത്തിന്റെ ചാരത്തെത്തി അദ്ദേഹം.

ആണവായുധങ്ങളുടെ പേരില്‍ അമേരിക്കയുടെ കപ്പല്‍പട ഇറാനിലേക്ക് കുതിക്കുമ്പോഴാണ് പ്രസിഡന്റ് അഹമ്മദ് നെജാദിനെ പോയി ഇ അഹമ്മദ് കാണുന്നത്. ചേരി ചേരാ നയത്തില്‍ നിന്ന് അമേരിക്കന്‍ വിധേയത്വത്തിലേക്ക് ഇന്ത്യ മാറിയെന്നും ലോകത്തെ അറുകൊലകളുടെ ചാലകശക്തിയായ യാങ്കികള്‍ക്ക് മുമ്പില്‍ നമ്മുടെ അഭിമാനം പണയപ്പെടുത്തിയെന്നുമുള്ള ആക്ഷേപം അതോടെ ചാരമായി.

1982 മുതല്‍ തുടര്‍ച്ചയായ ആറു വര്‍ഷം ഉള്‍പ്പെടെ 10 തവണ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലും 1993ല്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സിലും 2000ല്‍ ജോര്‍ദാന്‍ ലോക പാര്‍ലമെന്ററി കോണ്‍ഫറന്‍സിലും നാലു തവണ അറബ് ലീഗിലും ജി-77 സമ്മേളനത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചപ്പോഴെല്ലാം ഇന്ത്യന്‍ മുസ്‌ലിം എന്ന സ്വത്വവും പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവരുടെ അവകാശവും ഉയര്‍ത്തിപ്പിടിച്ചുവെന്നത്, അവിടങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഒരാവര്‍ത്തി വായിച്ചാല്‍ മതി.

ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്്‌ലിംകളുള്ള രാജ്യമാണ് തന്റേതെന്ന് പാക്കിസ്ഥാനോടും ലോക രാജ്യങ്ങളോടും അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. അറബ് രാജ്യങ്ങളുമായി സൗഹൃദത്തിന്റെ പാലം ദൃഢമാക്കാനും അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും ഉപകാരപ്പെട്ടപ്പോഴും തന്റെ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷ ദളിത് വിഭാഗങ്ങളുടെ സുരക്ഷിതത്വവും ജീവനക്കാളേറെ അദ്ദേഹം ദൗത്യമായെടുത്തു. യുദ്ധവും വര്‍ഗീയതയും കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം തീര്‍ക്കുന്ന മനംമടുപ്പിക്കുന്ന അന്തരീക്ഷത്തിലേക്ക് ആദ്യം ഓടിയെത്താന്‍ ഒരാള്‍ ഉണ്ട് എന്നത് എത്ര വലിയ ആശ്വാസമായിരുന്നു.

എല്ലാ കനല്‍പഥങ്ങളിലും ജനാധിപത്യത്തിന്റെ മൂല്ല്യങ്ങളാണ് അദ്ദേഹം ആയുധമാക്കിയത്. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍, രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്ത സമ്മേളനത്തില്‍ ഉപരാഷ്ട്രപതി- പ്രധാനമന്ത്രി തുടങ്ങി പാര്‍ലമെന്റംഗങ്ങള്‍ മുഴുവന്‍ സന്നിഹിതരായ യോഗത്തെ രാഷ്ട്രപതി അഭിസംബോധനം ചെയ്തു കൊണ്ടിരിക്കെ അവസാനശ്വാസം വരെ ‘പോരാടി’ അദ്ദേഹം. കൊന്നും കൊല്ലിച്ചും സംഹാരതാണ്ഡവമാടുന്ന ഫാഷിസം അദ്ദേഹത്തിന്റെ മരണം പോലും ഭയപ്പെടുന്നത് വെറുതെയല്ല.

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

Trending