ഇയാസ് മുഹമ്മദ്

തിരുവനന്തപുരം: ഇ.അഹമ്മദ് നയതന്ത്ര രംഗത്ത് നടത്തിയ ചടുല നീക്കങ്ങള്‍ ഇന്ത്യയുടെ യശസ് ഏറെ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് വ്യവസായ മന്ത്രിയായിരിക്കെ നടത്തിയ ശ്രീനഗര്‍ ദൗത്യമായിരുന്നു അഹമ്മദിന്റെ നയചാതുരി വെളിവാക്കിയ ആദ്യ സംഭവമെന്നത് രഹസ്യമാണ്. അഹമ്മദിന് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെയ്പു കൂടിയായിരുന്നു അത്.
1983ല്‍ ജമ്മുകാശ്മീരില്‍ വിഘടനവാദം മെല്ലെയെങ്കിലും തല പൊക്കുന്ന കാലം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയും ഫാറൂഖ് അബ്ദുല്ല ജമ്മു കാശ്മീര്‍ മുഖ്യമന്തിയും. ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതയും ശക്തമായി. അന്ന് ഇന്ദിരാഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരില്‍ ഒരാളായിരുന്ന കെ.കരുണാകരനോട് ഇന്ദിരാ ഗാന്ധി അഭിപ്രായം ചോദിച്ചു.

കോണ്‍ഗ്രസുകാരായ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള മന്ത്രിമാര്‍ കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്. ഫാറൂഖ് അബ്ദുല്ലയുമായി സംസാരിക്കുന്നതിന് അവരെ ആരെയെങ്കിലും ഇന്ദിരാഗാന്ധിക്ക് നിയോഗിക്കാമായിരുന്നു. എന്നാല്‍ കെ.കരുണാകരന്റെ നിര്‍ദ്ദേശ പ്രകാരം ഇന്ദിരാഗാന്ധി അതിന് നിയോഗിച്ചത് ഇ.അഹമ്മദിനെയായിരുന്നു.
ഇ.അഹമ്മദ് അന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്.അബ്ദുല്‍ ഖാദറുമായി ഡല്‍ഹിയില്‍ കേരള ഹൗസിലെത്തി. ഇന്ദിരാ ഗാന്ധിയുടെ സെക്രട്ടറി അഹമ്മദ് സാഹിബിനെ കൂട്ടിക്കൊണ്ടു പോകാനെത്തി. ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച.

തിരിച്ചുവന്ന അഹമ്മദ് നാളെ ശ്രീനഗറിലേക്ക് പോകണമെന്ന് മാത്രം പറഞ്ഞു. ശ്രീനഗറില്‍ എത്തിയപ്പോള്‍ ഗംഭീര സ്വീകരണം. വിമാനത്താവളത്തില്‍ നിന്നും റെസ്റ്റ് ഹൗസില്‍ എത്തി ഒന്നു ഫ്രഷായി. അവിടെ നിന്നും നേരെ ഫാറൂഖ് അബ്ദുല്ലയെ കാണാന്‍ തിരിച്ചു. രണ്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് അഹമ്മദ് മടങ്ങിയെത്തിയത്. മുഖത്ത് നല്ല തെളിച്ചമില്ല. ഒന്നും പറയാതെ അബ്ദുല്‍ ഖാദറിനൊപ്പം ശ്രീനഗര്‍ ചൂറ്റിക്കറങ്ങാനിറങ്ങി. പിറ്റേന്ന് വീണ്ടും ഫാറൂഖ് അബ്ദുല്ലയെ കാണാന്‍ പോയി. അന്നും അതു തന്നെ സ്ഥിതി.

ചര്‍ച്ചയുടെ വിവരങ്ങളെല്ലാം ഡല്‍ഹിയിലേക്ക് അറിയിച്ചു. ഇന്ദിരാഗാന്ധിയുമായി മണക്കൂറുകള്‍ നീണ്ട ഫോണ്‍ വിളി. മുന്നാം ദിവസം ഫാറൂഖ് അബ്ദുല്ലയുമായി നടത്തിയ ചര്‍ച്ച വിജയിപ്പിച്ച ശേഷമാണ് അഹമ്മദ് തിരികെ മടങ്ങിയത്. ഡല്‍ഹിയില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ദിരാഗാന്ധി അഹമ്മദിനായി വിരുന്ന് നല്‍കി അഭിനന്ദിച്ചു.. തിരികെ മടങ്ങുമ്പോള്‍ കാറില്‍ കയറുന്നതുവരെ അനുഗമിച്ചെന്നും അബ്ദുല്‍ ഖാദര്‍ സാക്ഷ്യപ്പെടുത്തുന്നു. അഹമ്മദിലെ നയതന്ത്രജ്ഞനെ കണ്ടെത്തിയ ഇന്ദിര പിന്നീട് അഹമ്മദിനെ തന്റെ വിശ്വസ്തനാക്കിയെന്നത് ചരിത്രം.