പാലക്കാട്: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ തുടക്കത്തില്‍ അമ്മ കുറ്റം നിഷേധിക്കുകയായിരുന്നു. പ്രതിയായ മൊയ്തീന്‍ കുട്ടിയെ അറിയില്ലെന്നായിരുന്നു അമ്മ ആദ്യം പൊലീസിനോട് പറഞ്ഞത്. ഒരുമിച്ചല്ല സിനിമക്ക് വന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യം മനസിലാക്കിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടികള്‍ക്കെതിരായ പീഡനം തടയുന്ന പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍ കുട്ടി (60) യാണ് എടപ്പാളിലെ തിയേറ്ററില്‍ വെച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ചത്. ഈ സമയത്ത് പെണ്‍കുട്ടിയുടെ അമ്മയും കൂടെയുണ്ടായിരുന്നു. അമ്മയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന് തെളിഞ്ഞതോടെയാണ് അമ്മയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതിനിടെ പീഡനത്തിന്റെ വീഡിയോ സഹിതം പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറാവാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സി.പി.എം പ്രാദേശിക നേതാക്കളുടെ പിന്തുണയാണ് ഇത്രയും നാള്‍ മൊയ്തീന്‍ കുട്ടിക്കെതിരെ കേസെടുക്കാതിരിക്കാന്‍ കാരണം. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു പൊലീസിന്റെ നടപടി. വിവരമറിഞ്ഞ് കഴിഞ്ഞിട്ടും കേസെടുക്കാന്‍ വൈകിയതിന് ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിയെ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.