Connect with us

Video Stories

മതമില്ലാകണക്കല്ല,വേണ്ടത് വിശ്വാസികളുടെ മന:ശാന്തി

Published

on

 

ജാതിയും മതവും രേഖപ്പെടുത്താതെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പ് അധ്യയനവര്‍ഷം 1,23,630 കുട്ടികള്‍ പ്രവേശനം നേടിയതായി കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പുമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിക്കുകയുണ്ടായി. വിവിധ വിദ്യാലയങ്ങളുടെ പേരുവെച്ച കണക്കുകള്‍ സഹിതമായിരുന്നു മന്ത്രിയുടെ ഈ ‘അഭിമാനകരമായ’ പ്രഖ്യാപനം. കേരളത്തില്‍ മതമില്ലാത്തവരും ജാതിയില്ലാത്തവരുമായി വളരുന്നവരുടെ എണ്ണം കൂടുന്നുവെന്ന് കാണിക്കലായിരുന്നു മന്ത്രിയുടെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ഈ കണക്കെടുപ്പിനുപിന്നിലെ ഗൂഢലക്ഷ്യം. ഇത്തരത്തിലൊരു വെളിപ്പെടുത്തലില്‍ പലരും അന്നുതന്നെ സംശയം പൂണ്ടിരുന്നു. ഇതിനിടെയാണ് പട്ടികയില്‍ ഉള്‍പ്പെടുന്ന വിദ്യാലയ അധികൃതര്‍ മന്ത്രി പറഞ്ഞ കണക്കുകള്‍ ശരിയല്ലെന്ന് സമൂഹത്തോട് വിളിച്ചുപറഞ്ഞത്. മതത്തിലും ജാതിയിലും ഉള്‍പ്പെടുന്ന നാട്ടിലെ പൗരന്മാരെ മത-ജാതിയില്ലാത്തവരെന്ന് മുദ്രകുത്തുകയായിരുന്നു ഭരണകൂടം. എങ്ങനെയാണ് വിദ്യാഭ്യാസ വകുപ്പിന് ഈ അധികാരം ലഭിച്ചത്. എന്തിനായിരുന്നു ഈ പൊറാട്ടുനാടകം?
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെ സംഖ്യ കൂടുതലാണെന്നാലും അവരെല്ലാം ദൈവമില്ലെന്ന് വിശ്വസിക്കുന്നവരും ജാതികോളം പൂരിപ്പിക്കാത്തവരുമാണെന്ന് ധരിക്കുന്നത് ശരിയല്ല. കമ്യൂണിസ്റ്റ്-നിരീശ്വരവാദ സംഘടനകളില്‍ വിശ്വസിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണെന്നതാണ് യാഥാര്‍ഥ്യം. ഉന്നത കമ്യൂണിസ്റ്റ് നേതാക്കളുടെ കുടുംബാംഗങ്ങള്‍ മതാചാരങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നതും പരസ്യമാണ്. മതത്തെയും ജാതിയെയും ഉപരിപ്ലവമായി വിമര്‍ശിക്കുന്ന കപടകമ്യൂണിസ്റ്റ്-നിരീശ്വരവാദികളെ നിക്ഷിപ്ത തല്‍പരരായ ഭിംക്ഷാംദേഹികളെന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. മതത്തെ എതിര്‍ക്കുകയല്ല, അതിനെയും അതിലെ ധാര്‍മികതയെയും നിലവിലെ പൊതു-രാഷ്ട്രീയ സാമൂഹിക ഘടനക്കകത്ത് പ്രതിഷ്ഠിച്ചുകൊണ്ടുമാത്രമേ മതനിരപേക്ഷത ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിയൂ. ഇന്ത്യയെ പോലുള്ള ബഹുമത സമൂഹത്തില്‍ വിശേഷിച്ചും. ഇന്ത്യാരാജ്യവും ഭരണഘടനയും അത്തരത്തിലുള്ള മതേതരത്വത്തെയാണ് അംഗീകരിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും.
രാഷ്ട്രമഹാരഥന്മാര്‍ മതന്യൂനപക്ഷങ്ങള്‍ക്കും ജാതി-ഉപജാതികള്‍ക്കും സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ സംവരണം ഭരണഘടനാപരമായിത്തന്നെ നിര്‍ബന്ധമാക്കിയത് മതവിശ്വാസവും ജാതീയതയും അതിലെ തീണ്ടാരങ്ങളും യാഥാര്‍ത്ഥ്യമാണെന്ന അടിയുറച്ച വിശ്വാസത്തിലായിരുന്നു. സഹസ്രാബ്ദങ്ങളായി ഉച്ചനീചത്വത്തിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും കരാളകരങ്ങളില്‍പെട്ട് ശ്വാസംവിടാന്‍ പോലും കഴിയാതെവന്ന വലിയൊരു ജനതതിയോട് ചെയ്ത പശ്ചാത്താപമാണത്. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കമ്യൂണിസ്റ്റുകള്‍ പക്ഷേ മതത്തെയും ജാതിയെയും അതിന്റെ യാഥാര്‍ഥ്യത്തില്‍നിന്ന് അടര്‍ത്തിമാറ്റി വര്‍ഗീയതയുടെ മേലങ്കി ചാര്‍ത്താനാണ് വൃഥാപരിശ്രമം നടത്തിയത്. മത വിശ്വാസികളുടെമേല്‍ കുതിരകയറുന്നതും അവരെ പഴയ നൂറ്റാണ്ടിന്റെ വക്താക്കളെന്ന് ആക്ഷേപിക്കുന്നതുമൊക്കെ സി.പി.എമ്മിന്റെ ശൈലിയാകുന്നതിന് കാരണം മറ്റൊന്നല്ല. സത്യത്തില്‍ മതത്തെ വിമര്‍ശിക്കുമ്പോള്‍ തന്നെ നിരീശ്വരതയെ സ്വയംമതമാക്കി പുന:പ്രതിഷ്ഠിക്കുകയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മതമില്ലാത്തവരെന്നഹങ്കരിച്ചവര്‍ ലോകത്ത് കൊന്നു തള്ളിയവരുടെ എണ്ണമെത്രയാണ്! സ്റ്റാലിനും പോള്‍പോട്ടും മാവോയും എന്നുവേണ്ട, ജന്മിത്വവും മുതലാളിത്തവും ഇന്ത്യയിലെ നവഫാസിസവും ഇതുതന്നെയാണ് മറ്റൊരു രീതിയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നാസിസത്തെയും ഫാസിസത്തെക്കാളുമധികം നിരപരാധികളെ കൊലചെയ്തതും മതവിരുദ്ധതയുടെ ഈ പ്രത്യയശാസ്ത്രക്കാരായിരുന്നു. മതവും ധാര്‍മികതയുമാണ് അവരുടെ ശത്രുക്കള്‍. ഇവര്‍ തമ്മില്‍ സന്ധിക്കുന്ന ബിന്ദുവിലാണ് മതവിരുദ്ധമായ ഏക സിവില്‍കോഡ് ആവശ്യവാദവും. ക്യാമറക്കുമുന്നില്‍ നിലവിളക്ക് കൊളുത്താനായി ഇടിച്ചുകൂടുന്നതും ഈ മതവിരുദ്ധര്‍ തന്നെ. ജ്വലിക്കുന്ന സൂര്യനെ പാഴ്മുറംകൊണ്ട് മറയക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് പാഴായ കമ്യൂണിസ്റ്റാശയങ്ങളുടെ പിന്‍ഗാമികള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മതവിരുദ്ധതയുടെ മസ്തിഷ്‌കപ്രക്ഷാളനം. ഇതൊന്നും വിശ്വസിക്കാന്‍ സ്വന്തം അണികളെപോലും കിട്ടുന്നില്ലെന്നതിനു തെളിവാണ് ശബരിമലയിലേക്കും മറ്റും പോകുന്ന സഖാക്കളുടെ സംഖ്യാവര്‍ധന. കിട്ടാത്ത മുന്തിരി പുളിക്കുമെന്നുപറഞ്ഞ പഴയ കുറുക്കന്റെ നിരാശാബോധമാണ് കമ്യൂണിസ്റ്റ് ഭരണക്കാരെക്കൊണ്ട് മതമില്ലാപട്ടിക ഉണ്ടാക്കിക്കുന്നതും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കുതിര കയറുന്നതും. ഇവരത്രെ വടക്കേന്ത്യയില്‍ ഗോവാദികളുടെ കൊലക്കത്തികള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നവരെ ഉയര്‍ത്തിക്കാട്ടി ബാലറ്റുപെട്ടിയിലെ വോട്ടെണ്ണം കൂട്ടാന്‍ മുതലയുടെ കണ്ണീര്‍കൗശലം പുറത്തെടുക്കുന്നതും. ഇത്തരം മതവിരുദ്ധരുടെ സ്വാഭാവിക പരിണാമമാണ് കേരളത്തിലെ മതവിശ്വാസികളോടുള്ള അവരുടെ സമീപനം.
ഇടതുപക്ഷ സര്‍ക്കാരുടെ കീഴില്‍ മതന്യൂനപക്ഷങ്ങള്‍ വിശിഷ്യാ മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനത്തെക്കുറിച്ച് കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളും ഒരേ മേശക്കുചുറ്റുമിരുന്ന് വേവലാതി പങ്കുവെക്കാന്‍ മുന്നോട്ടുവന്നത് ഈ സാഹചര്യത്തില്‍ ആലോചനാമൃതമാണ്. സാധാരണവിശ്വാസിയെ മാത്രമല്ല, മുസ്‌ലിം മതപണ്ഡിതരെപോലും പള്ളിയിലെയും മത സദസ്സുകളിലെയും പ്രഭാഷണങ്ങളുടെയും അവരുടെ പാഠപുസ്തകങ്ങളുടെയും പേരില്‍ കല്ലറക്കുള്ളിലിടുക, ഭരണഘടന ഉറപ്പുപറയുന്ന സാമൂഹിക സംവരണം ഒരൊറ്റ രാത്രികൊണ്ട് ചര്‍ച്ചയേതും കൂടാതെ എടുത്തുമാറ്റി സാമ്പത്തിക സംവരണം നടപ്പിലാക്കുക, മുസ്‌ലിം പള്ളികളുമായി ബന്ധപ്പെട്ട വഖഫ്‌ബോര്‍ഡിലെ നിയമനം പി.എസ്.സിക്ക് വിടുക, മതപ്രബോധനം നടത്തുന്നവരെ ആര്‍.എസ്.എസ്സുകാരുടെ ഒത്താശയോടെ ജയിലിലാക്കുക, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ തീരുമാനിച്ചവരെ ആര്‍.എസ്.എസ്സിനെയും പൊലീസിനെയും വിട്ട് നിരന്തരം പീഡിപ്പിക്കുക, തല്ലിക്കൊന്ന് പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുക എന്നിത്യാദി പീഡനമുറകളാണ് ഇടതുമുന്നണി സര്‍ക്കാരില്‍നിന്ന് കേരളത്തിലെ മുസ്‌ലിംമതവിശ്വാസികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അറബി-ഉര്‍ദുഭാഷാ പഠനം തടയാന്‍ സി.പി.എം സര്‍ക്കാര്‍ മുമ്പിറക്കിയ ഉത്തരവിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ മൂന്നുചെറുപ്പക്കാരെ വെടിവെച്ചുകൊന്ന ഭരണക്കാരുടെ പിന്മുറക്കാരാണ് ഇപ്പോഴത്തെ പിണറായി വിജയനും കൂട്ടുകാരുമെന്നത് മറക്കാനാവില്ല. ജനാധിപത്യഭരണത്തില്‍ ഭരണീയരുടെ തൃപ്തിയും സൈ്വര്യവുമാണ് ഭരണത്തലപ്പത്തിരിക്കുന്നവരുടെ ലക്ഷ്യമാകേണ്ടത്. അതിനാണ് പൊതുജനം അവര്‍ക്ക് ചെലവ് നല്‍കുന്നത്. എന്നാല്‍ ഇവിടെ മതവിശ്വാസികളെയും എതിരാശയക്കാരെയും തലക്കടിച്ചുകൊല്ലാനും അതിന് കൂട്ടുനില്‍ക്കാനും ഒരുഭരണകൂടം തന്നെ തയ്യാറാകുന്നിടത്താണ് കോഴിക്കോട്ട് ബുധനാഴ്ചയുയര്‍ന്നുകേട്ട വിശ്വാസികളുടെ വിലാപം. തരാതരംപോലെ പകല്‍ ചുവപ്പും രാത്രി കാവിയും എടുത്തണിയുന്നവര്‍ ഭരണചക്രങ്ങള്‍ തിരിക്കുമ്പോള്‍ ഏറ്റവും ജനസംഖ്യയുള്ളതും സ്വച്ഛസുന്ദരവുമായ മലപ്പുറത്തിന്റെ മുഖത്തുനോക്കി വര്‍ഗീയതയുടെ ഉള്ളടക്കമാണതെന്ന് വിളിച്ചുകൂവാന്‍ തോന്നിയ മന്ദമന്ത്രിയുടെ സര്‍ക്കാരിന്റെ പള്ളനിറയെ കാളകൂടവര്‍ഗീയതയാണെന്ന് തിരിച്ചറിയാന്‍ മതവിശ്വാസികള്‍ക്കും കഴിയുമെന്നുകൂടി സവിനയം ഉണര്‍ത്തട്ടെ.

kerala

കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍

കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

Published

on

കൊച്ചി: നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കാറുണ്ടെന്നും പലവട്ടം പീഡനത്തിനിരയായിട്ടുണ്ടെന്നും കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയെ വൈദ്യപരിശോധനക്കും മേല്‍ചികിത്സക്കും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending