പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അത്യന്തം ഗൗരവതരമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് പാക്കിസ്താനില്‍നിന്നുള്ള തീവ്രവാദികളുടെയും നുഴഞ്ഞുകയറ്റക്കാരുടെയും ഭീഷണിയാണ് സംസ്ഥാനം നേരിടുന്നതെങ്കില്‍, മറുവശത്ത് ഇന്ത്യയുടെ സൈനിക വിഭാഗങ്ങളില്‍ നിന്നും സംസ്ഥാന പൊലീസില്‍ നിന്നുമുള്ള കനത്ത സുരക്ഷാവലയത്തില്‍ വീര്‍പ്പുമുട്ടുകയാണ് പകുതിയോളം പ്രദേശങ്ങള്‍. വിശേഷിച്ചും കശ്മീര്‍ താഴ്‌വരയിലാണ് അശാന്തിയുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് മാത്രം ഇരുപതോളം പേരാണ് കശ്മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ മരണമടഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി നിറഞ്ഞാടുന്ന കശ്മീരിലെ അരക്ഷിതത്വം രാജ്യത്തെയും ലോകത്തെയും സമാധാന കാംക്ഷികളുടെ മനസ്സുകളില്‍ വലിയ മുറിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍, അനന്തനാഗ് പ്രദേശങ്ങളില്‍ സൈന്യം നടത്തിയ പ്രത്യേക ഓപറേഷനിലാണ് പത്തൊമ്പത് യുവാക്കള്‍ വെടിയേറ്റു മരിച്ചുവീണത്. ഇതില്‍ ഏഴുപേരും സാധാരണ യുവാക്കളായിരുന്നു. മജ്ജയും മാംസവുമുള്ള കശ്മീരി യുവാക്കളുടെ മരണം താഴ്‌വരയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഭീതിയും ആശങ്കയും തിരിച്ചറിയുന്നില്ലെന്ന ്മാത്രമല്ല, ഓരോ ദിവസവും കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ്. ഏപ്രില്‍ ഒന്നിന് കൊല്ലപ്പെട്ടവരില്‍ 12 പേര്‍ തീവ്രവാദികളാണെന്നാണ് സൈനിക വൃത്തങ്ങള്‍തന്നെ അറിയിച്ചത്. എങ്ങനെയാണ് ഇവരെ തീവ്രവാദികളായി തിരിച്ചറിഞ്ഞതെന്നത് വ്യക്തമല്ല. മരിച്ചവരില്‍ മൂന്നുപേര്‍ സൈനികരുമാണ്. മൊത്തം 22 പേരാണ് ഒറ്റദിവസത്തെ ശസ്ത്രക്രിയകൊണ്ട് മരിച്ചുവീണത്.
2016 ജൂലൈ എട്ടിന് വിമത നേതാവും ഹിസ്ബുല്‍ മുജാഹിദീന്‍ തലവനുമായ ബുര്‍ഹാന്‍വാനി കൊല ചെയ്യപ്പെട്ടതുമുതല്‍ തുടങ്ങിയ അശാന്തിയിലും വെടിവെപ്പിലും കലാപത്തിലുമായി നിരവധി കശ്മീരികള്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. സൈനികര്‍ക്കും പൊലീസിനും തല്‍സമയംതന്നെ ജീവന്‍ നഷ്ടമായി. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഇതിനിടെതന്നെ സൈനിക കേന്ദ്രങ്ങളുടെ നേര്‍ക്കുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയും ഇരുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു. സൈന്യത്തിനും പൊലീസിനും അക്രമികളായ യുവാക്കളെ വെടിവെക്കാന്‍ യഥേഷ്ടം അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍. സംസ്ഥാന ഭരണത്തില്‍ കേന്ദ്രത്തിലെയും കശ്മീരിലെയും പാര്‍ട്ടികളാണുള്ളത് എന്നത് ഇതിന് സൈനികര്‍ക്ക് സൗകര്യമാകുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം അഞ്ഞൂറോളം പേരാണ് കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും പൊലീസിന്റെയും വെടിയുണ്ടകള്‍ക്ക് ഇരയായിരിക്കുന്നത്. അതിര്‍ത്തിയില്‍നിന്ന് നുഴഞ്ഞുകടന്നുവരുന്ന പാക് ഭീകരരാണ് അക്രമങ്ങള്‍ക്കും സൈനികരുടെ നേര്‍ക്കുള്ള കല്ലേറിനും വെടിവെപ്പിനും നേതൃത്വം നല്‍കുന്നതെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പക്ഷം. എന്നാല്‍ സത്യത്തില്‍ നമ്മുടെ സ്വന്തം പൗരന്മാരുടെ ഇക്കാര്യത്തിലുള്ള പങ്ക് എന്തുകൊണ്ട് സര്‍ക്കാരുകള്‍ കൂലങ്കഷമായി പരിശോധിക്കുന്നില്ല.
ബുര്‍ഹാന്‍വാനിയുടെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലും ഖബറടക്കചടങ്ങിലും പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തപ്പോള്‍ തന്നെ കശ്മീരികളുടെ പ്രശ്‌നത്തെക്കുറിച്ച് വ്യക്തമായ ചില സൂചകങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് നല്‍കിയിരുന്നു. കശ്മീരികളെ വിശ്വാസത്തിലെടുക്കാതെയുള്ള നടപടികളാണ് മോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ സൈന്യത്തിന്റെയും ബി.ജെ.പി-പി.ഡി.പി മുന്നണി സര്‍ക്കാരിന്റെയും കീഴില്‍ താഴ്്‌വരയില്‍ നടന്നുകൊണ്ടിരിക്കുന്നത്. കശ്മീരി യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജീവസന്ധാരണത്തിനും പഠനത്തിനും വേണ്ട സൗകര്യം പോലും നിത്യേന നിഷേധിക്കപ്പെടുന്നത് ഒരു നിലക്കും അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. അവരെ വിശ്വാസത്തിലെടുക്കാനോ അവരുടെ വിശ്വാസം നേടാനോ എന്തുകൊണ്ട് ഭരണകൂടങ്ങള്‍ക്കും സൈന്യത്തിനും കഴിയുന്നില്ലെന്നതിന് ഉത്തമ തെളിവാണ് യുവാവിനെ മിലിട്ടറി വാഹനത്തില്‍ കെട്ടിയിട്ട് ഉപതെരഞ്ഞെടുപ്പിനിടെ സൈന്യം അക്രമ ബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഭവം. കല്ലുകള്‍ നിറച്ച തോക്കുകള്‍ ഉപയോഗിച്ചതും അന്താരാഷ്ട്ര പ്രതിഷേധത്തിനിടയാക്കി. പക്ഷേ അതെല്ലാം വേണ്ടിവരുമെന്ന തികച്ചും ഏകപക്ഷീയവും നിരുത്തരവാദപരവുമായ നിലപാടാണ് സൈന്യവും മോദി-മെഹബൂബ സര്‍ക്കാരുകളും സ്വീകരിച്ചത്. ഇതിന് സുല്ലിടാന്‍ കേന്ദ്രത്തിലെ മോദിയോ പ്രതിരോധമന്ത്രിയോ തയ്യാറായില്ലെന്നു മാത്രമല്ല, ഓപറേഷന്‍ എന്ന ഓമനപ്പേരില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതാകട്ടെ തികച്ചും കാടത്തംനിറഞ്ഞ നടപടികളുമാണ്. ഇതാണോ ഒരു ജനാധിപത്യരാഷ്ട്രത്തിനകത്ത് പ്രത്യേകിച്ചും വളരെയധികം വൈകാരികപരമായി കൈകാര്യം ചെയ്യപ്പെടേണ്ട വിഷയത്തില്‍ ഉത്തരവാദിത്തബോധമുള്ള ഭരണകൂടം ചെയ്യേണ്ടിയിരുന്നത്.
കശ്മീരികളുടെ വൈകാരികതലങ്ങളെ തൊട്ടറിഞ്ഞുകൊണ്ടേ ഭൂമിയിലെ പറുദീസയായ കശ്മീരിന്റെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകൂ. അവര്‍ക്ക് തീരെ വിശ്വാസമില്ലാത്ത ഒരു ഐ.ബി മുന്‍ ഉദ്യോഗസ്ഥനെ വിട്ട് വ്യക്തികളോടും സംഘടനകളോടും വിവരം ആരായാന്‍ അടുത്തിടെ കേന്ദ്രം കാട്ടിയ പരിശ്രമത്തെ വിവരക്കേടെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. കഴിഞ്ഞ കാലങ്ങളിലും സമാനമായ പ്രശ്‌നം നിലനിന്നിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ നയത്തെ വെടക്കാക്കി തനിക്കാക്കലെന്നല്ല, കുളംകലക്കി മീന്‍പിടിക്കലായാണ് വിശേഷിപ്പിക്കേണ്ടത്. ഒന്നേകാല്‍ കോടിയോളം വരുന്ന ജനതയെ അനിശ്ചിതകാലത്തേക്ക് വഴിയോരത്തിട്ട് വെടിവെച്ചുകൊല്ലുന്നതുകൊണ്ട് ചിലരുടെ ലക്ഷ്യം എന്നെന്നേക്കുമായി താഴ്‌വരയെ നെരിപ്പോടിലേക്ക് വലിച്ചെറിയുകയായിരിക്കാം. അതിന് കൂട്ടുനില്‍ക്കുന്ന രീതിയില്‍ സംസ്ഥാനത്തെ സംഘടനകളും വ്യക്തികളും സര്‍ക്കാര്‍ തന്നെയും നിന്നുകൊടുക്കുന്നതും കശ്മീരിയത്തും ഇന്‍സാനിയത്തും പുലരാന്‍ സാധ്യമാകുന്ന നടപടികളാവില്ല. ദീര്‍ഘവും സുതാര്യവുമായ പാതയിലൂടെ മാത്രമേ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ എന്ന തിരിച്ചറിവാണ് മുമ്പുണ്ടായിരുന്നതും ഇപ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകേണ്ടതും. അതിനുള്ള സുശക്തവും വ്യക്തവുമായ നടപടിയുടെ തുടക്കം കശ്മീരിലെ വ്രണിത ഹൃദയരുടെ വേദന മനസ്സിലാക്കി അവരുടെ തോളില്‍ കയ്യിടുകയാണ്. അതിനാണ് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെയും ബി.ജെ.പിയുടെ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെയും നേതൃത്വത്തില്‍ സംസ്ഥാനം സന്ദര്‍ശിച്ച വ്യത്യസ്ത സംഘങ്ങള്‍ നല്‍കിയ ക്രിയാത്മകനിര്‍ദേശങ്ങള്‍. തീവ്രവാദ സംഘടനകളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാന്‍ കഴിയാതെ ഒരുവിധ ചര്‍ച്ചകളും ഫലം കാണില്ലെന്ന് തീര്‍ച്ചയാണ്. ഹുര്‍രിയത്ത് നേതാക്കളെ ഉപയോഗപ്പെടുത്തി താഴ്‌വരയില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ പാക്‌സൈന്യം നടത്തുന്ന നീക്കത്തെയും അംഗീകരിച്ചുകൊടുക്കാനാകില്ല. ശാന്തിക്ക് വേണ്ട അടിയന്തിരമായ നടപടികള്‍ കേന്ദ്രം എടുത്തേതീരൂ. സമൂഹത്തിനിടയില്‍ നിന്ന് സൈനികപരമായ മേഖലകളിലേക്ക് സൈന്യത്തെ പിന്‍വലിക്കുകയാണ് അടിയന്തിരമായി കേന്ദ്രം ചെയ്യേണ്ടത്. മനുഷ്യാവകാശ വിഷയങ്ങളിലെ ഇന്ത്യയുടെ യശസ്സിന് നിരക്കാത്ത രീതിയില്‍ കശ്മീര്‍പ്രശ്‌നത്തില്‍ ഉരുക്കുമുഷ്ടിനയവുമായി ഇനിയും നമുക്ക് മുന്നോട്ടുപോകാനാകില്ലതന്നെ.