Video Stories
ചുവപ്പു നാടകളില്‍ കുരുങ്ങിയ ജീവിതം
വിവാദങ്ങളും വിഴുപ്പലക്കലുകളും വിട്ടുമാറാത്ത ഇടതു സര്‍ക്കാറിന്റെ ഭരണ വൈകല്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് 65 വകുപ്പുകളുടെ നിശ്ചലാവസ്ഥ. തീര്‍പ്പുകല്‍പ്പിക്കാത്ത നാലു ലക്ഷത്തോളം ഫയലുകള്‍ സുപ്രധാന വകുപ്പുകളിലാണെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിഞ്ഞിട്ടുണ്ടെങ്കിലും രണ്ടാഴ്ചയായി പരിഹാരമില്ലാതെ കിടക്കുന്നത് കനത്ത അനാസ്ഥയാണ്. ഫയലുകളുടെ മെല്ലെപ്പോക്ക് പരിശോധിക്കുമെന്നു നിയമസഭയില്‍ ഉറപ്പു പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിന് പഴയ ചാക്കിന്റെ വില പോലുമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ മുതല്‍ ഉന്നതതല തീരുമാനം ആവശ്യമായ വികസന പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ഫയലുകളാണ് സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നത്. കടുത്ത വരള്‍ച്ചയെ നേരിടാന്‍ ജില്ലാ ഭരണകൂടങ്ങളും ജനപ്രതിനിധികളും നിര്‍ദേശിച്ച നടപടികളത്രയും ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടക്കുന്നുവെന്നത് ഗുരുതരമായ കൃത്യവിലോപമാണ്. തങ്ങളുടെ മേശപ്പുറത്തു എത്തുന്ന ഫയലുകളില്‍ നാമമാത്രമാണ് ഉദ്യോഗസ്ഥര്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്. ഇത്രയധികം ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കുന്നുകൂടി കിടക്കുന്ന അവസ്ഥ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധക്കുറവും വകുപ്പ് മന്ത്രിമാരുടെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ നിസ്സംഗതയും ഒരുപോലെ കാരണമാണ്. ഭരണ സിരാകേന്ദ്രത്തില്‍ ഇത്രയധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നതിലെ ഗുരുതരമായ പ്രതിസന്ധികള്‍ സര്‍വ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്നു പറഞ്ഞു അധികാരത്തിലെത്തിയ ഇടതു സര്‍ക്കാറിന്റെ വാഗ്ദത്തം പൊള്ളയായിരുന്നുവെന്ന് പിന്നിട്ട വര്‍ഷങ്ങള്‍ തെളിയിക്കുന്നു. പിണറായി സര്‍ക്കാര്‍ ഭരണമേറ്റെടുത്തതു മുതലുള്ള ഓരോ വര്‍ഷവും തീര്‍പ്പാക്കാന്‍ ബാക്കിയുള്ള ഫയലുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.
പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ കൃത്യമായി പറഞ്ഞാല്‍ 3,94,728 ഫയലുകളാണ് സെക്രട്ടറിയേറ്റിലെ വിവിധ മേശപ്പുറങ്ങളില്‍ നിര്‍ജീവമായി കിടക്കുന്നത്. മൂന്നു വര്‍ഷമായി ഒരു നോട്ടവുമെത്താത്ത മുക്കാല്‍ ലക്ഷത്തോളം ഫയലുകള്‍ ഇതിലുണ്ട്. മോട്ടോര്‍ വാഹന വകുപ്പിലും വാണിജ്യ നികുതി വകുപ്പിലുമായി അര ലക്ഷത്തിലേറെ ഫയലുകള്‍ പൊടിപിടിച്ച് ശ്വാസംമുട്ടിക്കിടക്കുന്നു. 36,289 എണ്ണം മോട്ടോര്‍ വാഹന വകുപ്പിലും 79,784 എണ്ണം വാണിജ്യ നികുതി വകുപ്പിലും തീര്‍പ്പാക്കാനുണ്ട്. കാര്‍ഷിക വികസന വകുപ്പിലുമുണ്ട് 29,464 ഫയലുകള്‍ പരിശോധനക്കെടുക്കാന്. ജനജീവതവുമായി നിത്യബന്ധമുള്ള വകുപ്പുകളിലാണ് പ്രധാനമായും ഫയലുകള്‍ കെട്ടിക്കിടക്കുന്നത് എന്നത് സര്‍ക്കാറിന്റെ ജനവിരുദ്ധതയുടെ പ്രകടമായ തെളിവാണ്. ആരോഗ്യം, കുടുംബ ക്ഷേമം, പഞ്ചായത്ത്, തൊഴില്‍ വകുപ്പുകളുടെ സ്ഥിതിയും അതിദയനീയമാണ്. പതിനായിരക്കണക്കിന് ഫയലുകള്‍ ഈ വകുപ്പുകളിലും കെട്ടിക്കിടക്കുന്നുണ്ട്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നടപടികളില്‍ സര്‍ക്കാറിന്റെ അനുമതിയും സഹായവും ലഭ്യമാകുന്നതിന് നല്കിയ അപേക്ഷകളിലേക്ക് ഒന്നു കണ്ണെത്തിക്കാന്‍ പോലും വകുപ്പ് മന്ത്രിമാര്‍ സമയം കണ്ടെത്തുന്നില്ല. നിരന്തരം വിവാദങ്ങളില്‍ കുരുങ്ങുകയും ആരോപണങ്ങളില്‍ അകപ്പെടുകയും ചെയ്യുന്ന മന്ത്രിമാരുടെ വകുപ്പുകളില്‍ തന്നെയാണ് ഒച്ചിനെ പോലും നാണിപ്പിക്കും വിധത്തില്‍ ഫയലുകള്‍ ഇഴയുന്നത്. നാഥനില്ലാ പടയായതിനാല്‍ വകുപ്പ് സെക്രട്ടറിമാരും ഉദ്യോഗസ്ഥരും അതിനനുസരിച്ചുള്ള ആത്മാര്‍ത്ഥതയേ പ്രകടിപ്പിക്കുന്നുള്ളൂവെന്ന് ഫയലനക്കങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഫിഷറീസ്, വനം, സാംസ്കാരികം, പാര്‍ലമെന്ററികാര്യ വകുപ്പുകളും ഫയലുകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ പിന്നിലാണ്. ഫയല്‍ നീക്കം മന്ദഗതിയിലാണെന്ന ആക്ഷേപങ്ങളെ തുടര്‍ന്നാണ് പൊതുഭരണ വകുപ്പ് സീക്രട്ട് സെക്ഷന്‍ എല്ലാ വകുപ്പുകളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ റിപ്പോര്‍ട്ടും പരിഗണിക്കപ്പെടാതെ ചുവപ്പുനാടയില്‍ കുരുങ്ങിയതിനാലാണ് സെക്രട്ടറിയേറ്റിനകത്തും പുറത്തുമായി ലക്ഷക്കണക്കിനു ഫയലുകള്‍ അനക്കമില്ലാതെ കിടക്കാന്‍ കാരണം. മന്ത്രിതലത്തിലും ഉയര്‍ന്ന ഉദ്യോഗസ്ഥ നിലവാരത്തിലെടുക്കുന്ന എല്ലാ തീരുമാനങ്ങളും സമയക്രമത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന സോഫ്റ്റ്വെയര് സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിലൂടെ ഒരു ഫയല്‍ പോലും ബാക്കിയില്ലാതെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുമെന്ന് വീമ്പു പറഞ്ഞതാണ് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്. ഫയല്‍ നീക്കങ്ങള്‍ കുറ്റമറ്റതും വ്യവസ്ഥാപിതവുമാക്കാനും കാലതാമസമൊഴിവാക്കാനും സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ ചടങ്ങുകളിലെ പ്രസംഗങ്ങളില്‍ ഉപയോഗിക്കുന്ന ആലങ്കാരിക പദങ്ങള്‍ മാത്രമാണെന്നാണ് ഇപ്പോള്‍ ബോധ്യമായിരിക്കുന്നത്. ഹാജര്‍ പുസ്തകവും അവധി പുസ്തകവും കൃത്യമായി കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയെന്നു മേനി നടിക്കുന്ന സര്‍ക്കാറിന് ഇതും പൂര്‍ണാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ പഞ്ചിങ് സിസ്റ്റം നടപ്പാക്കിയെങ്കിലും ഇതൊന്നും ജീവനക്കാരുടെ സേനവക്ഷമത വര്‍ധിപ്പിച്ചുവെന്ന് അവകാശപ്പെടാനുമാവില്ല. ‘മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും’ എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുകയാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും. ഫയല്‍ നീക്കത്തില്‍ വേഗത വര്‍ധിപ്പിക്കണമെങ്കില്‍ അടിസ്ഥാനപരമായി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കണം. ഉദ്യോഗസ്ഥര്‍ സേവന സജ്ജരാകണമെങ്കില്‍ വകുപ്പ് മന്ത്രി സക്രിയമാകണം. ഈ കണ്ണി ബലവത്താകുമ്പോള്‍ മാത്രമാണ് എണ്ണയിട്ട യന്ത്രം പോലെ സെക്രട്ടറിയേറ്റ് പ്രവര്‍ത്തനങ്ങള്‍ സജീവമാകുകയുള്ളൂ. സര്‍ക്കാറും സെക്രട്ടറിയേറ്റും തമ്മിലെ ചാക്രികമായ പ്രക്രിയയുടെ കണ്ണികള്‍ക്ക് ബലക്ഷയം വരുമ്പോഴാണ് സ്വാഭാവികമായും ഫയലുകള്‍ കുന്നുകൂടി പെരുകുക. ഇടതു ഭരണത്തില്‍ ഇതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വേവലാതി പ്രസംഗത്തില്‍ മാത്രമാണെന്നാണ് മനസിലാകുന്നത്. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങള്‍ സെക്രട്ടറിയേറ്റിന്റെ ചുമരുകള്‍ക്കുള്ളില്‍ മോചനം കാത്തു കഴിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത മുഖ്യമന്ത്രി ഇനിയും ഇവ്വിധം പ്രാസമൊപ്പിച്ച് പ്രസംഗിച്ചു കൊണ്ടേയിരിക്കും. അപ്പോഴും ‘ശതലക്ഷം പട്ടിണി വയറ്റിലെ ഘോരമാമിരമ്പക്ക’മെന്ന മഹാകവി വള്ളത്തോളിന്റെ വരികള്‍ പോലെ സെക്രട്ടറിയേറ്റിനകത്തും പുറത്തും ജീവല്‍ഗന്ധിയായ ഫയലുകള്‍ തുടിച്ചുകൊണ്ടേയിരിക്കുമെന്ന കാര്യം തീര്‍ച്ച.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world6 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

