തമിഴ്‌നാട്ടിലെ പ്രമാദമായ 66.65 കോടിയുടെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഇരുപത്തൊന്നുകൊല്ലത്തെ നിയമപോരാട്ടങ്ങള്‍ക്കു ശേഷം രാജ്യത്തെ ഉന്നത നീതിപീഠം അന്തിമവിധി പുറപ്പെടുവിച്ചിരിക്കുന്നു. 1996ല്‍ സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയിന്മേല്‍ ചെന്നൈ കോടതി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നീതി ന്യായ രംഗത്തെയും രാഷ്ട്രീയ അധികാര മേഖലകളെയും സ്വാധീനിക്കാവുന്ന സുപ്രധാനമായ വിധി ഉണ്ടായിരിക്കുന്നത്. അന്തരിച്ച മുഖ്യമന്ത്രി ജെ.ജയലളിത, തോഴി വി.കെ. ശശികല, ജയലളിതയുടെ വളര്‍ത്തു പുത്രന്‍ വി.എന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ജെ. ഇളവരശി എന്നിവരെയാണ് കേസില്‍ കുറ്റവാളികള്‍ തന്നെയെന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ജയലളിതയൊഴികെയുള്ള മൂന്നു പ്രതികള്‍ക്കും നാലു വര്‍ഷത്തേക്ക് തടവും പത്തു കോടി രൂപ വീതം പിഴയുമാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഇന്നലെ ശിക്ഷ വിധിച്ചിരിക്കുന്നത്. 2014ല്‍ നാലു പേരും ശിക്ഷയുടെ ആറുമാസം അനുഭവിച്ചിട്ടുള്ളതിനാല്‍ ബാക്കി ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
ഉന്നത അധികാര പദവികള്‍ കൈയാളുന്നവര്‍ നടത്തുന്ന അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ കര്‍ക്കശ നിലപാടാണ് സ്വീകരിക്കുക എന്ന തോന്നലാണ് വിധി പൊതുവെ സംജാതമാക്കിയിട്ടുള്ളത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടും ജനാധിപത്യ സംവിധാനത്തോടുമെല്ലാം പൗരന്മാര്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരിക്കുന്നു ഈ വിധി. മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന അവസ്ഥയിലാണ് ശശികലക്കെതിരെ നീതിയുടെ ചാട്ട വാറടി ഉണ്ടായിരിക്കുന്നത് എന്നത് തമിഴ്‌നാടിന്റെ ഭാഗ്യമായി വേണം കാണാന്‍. അല്ലായിരുന്നെങ്കില്‍ ഒരു മാഫിയാ കുടുംബത്തിന്റെ കീഴില്‍ അമര്‍ന്നില്ലാതാകുമായിരുന്നു തിളക്കമാര്‍ന്ന ഭരണ പാരമ്പര്യമുള്ള ആ സംസ്ഥാനം. പണവും അധികാരവും ഹുങ്കും ജനാധിപത്യത്തില്‍ താല്‍കാലികമായി മാത്രമേ വിലപ്പോവുള്ളൂ. വിധി ഇപ്പോഴും വന്നില്ലായിരുന്നെങ്കില്‍ കോടികളുടെ അഴിമതിക്കുറ്റവാളിക്ക് മുഖ്യമന്ത്രിക്കസേര പുഷ്പം പോലെ ലഭിക്കുമായിരുന്നുവെന്നു വേണം കരുതാന്‍.
2014 ഏപ്രിലിലാണ് നാലുപേരെയും വിചാരണക്കോടതി ജഡ്ജി മൈക്കിള്‍ കുന്‍ഹ് ശിക്ഷിച്ച് കര്‍ണാടക പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചത്. എന്നാല്‍ ജയയും കൂട്ടരും നല്‍കിയ അപ്പീലില്‍ ഒക്ടോബറില്‍ കര്‍ണാടക ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത് രാജ്യത്തെ കോടതികളിലെ വിശ്വാസ്യതക്കു തന്നെ കോട്ടം തട്ടിച്ചു. കണക്കിലെ കളിയായിരുന്നു ഈ വിധി റദ്ദാക്കലിന് ഹേതു. വരുമാനത്തില്‍ കവിഞ്ഞ സ്വത്തില്‍ വിചാരണക്കോടതിയുടെ നിഗമനങ്ങള്‍ തള്ളിക്കളഞ്ഞായിരുന്നു ജഡ്ജി രാമസ്വാമിയുടെ വിധി. വരുമാനം കാണിച്ചതില്‍ 13 കോടി രൂപ വായ്പയാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. അതായത് പത്തു ശതമാനത്തില്‍ കുറവാണ് അധികൃതസ്വത്തെന്നും തമിഴ്‌നാട്ടില്‍ രാഷ്ട്രീയക്കാര്‍ക്ക് സമ്മാനം ലഭിക്കുന്നത് പതിവാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് കര്‍ണാടക സുപ്രീം കോടതിയെ സമീപിപ്പിക്കുകയായിരുന്നു. 2016 ജൂണ്‍ ഏഴിന് വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പിന്നെയും എട്ടു മാസത്തിലധികം നീണ്ടു. നീതി വൈകുന്നത് നീതി ഇല്ലാതാകുന്നതിന് തുല്യമാണെന്ന ചൊല്ലു കൂടിയാണ് ഇവിടെ പ്രസക്തമാകുന്നത്. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികള്‍ പ്രതീക്ഷകള്‍ക്കൊപ്പം തന്നെ ആശങ്കയാകുന്നതും അതുകൊണ്ടാണ്.
നാലു വര്‍ഷത്തെ ശിക്ഷയും ആറു വര്‍ഷത്തെ അയോഗ്യതയും കണക്കിലെടുത്ത് ശശികലക്ക് പത്തു വര്‍ഷത്തേക്ക് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രവേശിക്കാനാകില്ലെന്നതാണ് വിധിയുടെ രാഷ്ട്രീയം. മുമ്പ് രണ്ടു തവണ തനിക്കു പകരം മുഖ്യമന്ത്രിപദം ഏല്‍പിച്ച ജയലളിതയുടെ തീരുമാനത്തെ തള്ളിക്കളയുന്ന രീതിയില്‍ ഒ. പനീര്‍ശെല്‍വത്തെ മാറ്റി താന്‍ തന്നെ മുഖ്യമന്ത്രിയാകാനുള്ള കഠിന പരിശ്രമത്തിലായിരുന്നു വിധിക്കുമുമ്പേ ശശികല. ശിക്ഷാവിധിയെതുടര്‍ന്ന് വെട്ടിലായിട്ടും പാര്‍ട്ടിയെയും ഭരണത്തെയും കൈപ്പിടിയിലൊതുക്കാനുള്ള തിടുക്കത്തിലാണ് ശശികലയെന്നാണ് എടപ്പാടി പളനിസ്വാമിയെ പുതിയ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തുകൊണ്ടുള്ള ശശികലയുടെ തീരുമാനം വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരി മുപ്പത്തൊന്നിനാണ് ശശികല ധൃതിപ്പെട്ട് എ.ഐ. ഡി.എം.കെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പിന്നിലെ ഉദ്ദേശ്യശുദ്ധി അപ്പോള്‍തന്നെ സംശയിക്കപ്പെട്ടതാണ്. അടുത്തയാഴ്ച കോടതി വിധി വരുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടും മുഖ്യമന്ത്രിയാകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു ശശികല. ഗവര്‍ണറെ വിരട്ടുന്ന പ്രസ്താവനകള്‍ വരെ അവര്‍ നടത്തി. ഇതിലെല്ലാം ‘ഞാന്‍’ എന്നതിനായിരുന്നു മുന്‍തൂക്കം. മുഖ്യമന്ത്രി പദം രാജിവെച്ച് ജയിലില്‍ പോയാല്‍ വി.ഐ.പി സൗകര്യം നേടുകയും അതേ പ്രൗഢിയോടെ തിരിച്ചുവരാമെന്നും അവര്‍ തെറ്റിദ്ധരിച്ചിരിക്കണം. അല്ലെങ്കില്‍ താനിപ്പോള്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ പിന്നീടൊരിക്കലും അതിനു കഴിയില്ലെന്നും. ജയയുടെ മരണത്തിന് തൊട്ടു പിന്നാലെ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യിച്ചത് പാര്‍ട്ടി ഐകകണ്‌ഠ്യേനയായിരുന്നു. എന്നാല്‍ രണ്ടുമാസത്തിനകം തന്നെ മുഖ്യമന്ത്രിയാകാന്‍ ശശികല കാണിച്ച തിടുക്കം ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന വിധത്തിലായി. അതിനിടെ തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി പനീര്‍ശെല്‍വം രംഗത്തുവന്നു. സ്വാഭാവികമായും ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു കഴിഞ്ഞ പത്തുദിവസത്തോളം കോടതി വിധി കാത്തിരുന്നു. 135 നിയമസഭാംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണ തനിക്കാണെന്ന് കാട്ടി ഗവര്‍ണര്‍ക്ക് ശശികല കത്തയച്ചെങ്കിലും ഇതംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. പനീര്‍ശെല്‍വം എന്ന പക്വമതിയില്‍ തമിഴ് ജനത പുതിയ നേതാവിനെ കണ്ടു. മണ്ണാര്‍കുടി മാഫിയയെന്ന് ദുഷ് പേരു കേട്ടിട്ടുള്ള ശശികലയുടെയും ഭര്‍ത്താവ് നടരാജന്റെയും നിയന്ത്രണത്തിലുള്ള ഭരണം തങ്ങള്‍ക്ക് വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു ജനങ്ങള്‍. ശശികല പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടും ദിനമെന്നോണം പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂടുതല്‍ എം.എല്‍.എമാരെത്തിയത് ഇതുകൊണ്ടാണ്.
ജയയുടെ മരണം പോലും ശശികലയുടെ പങ്കാളിത്തത്തോടെയായിരുന്നുവെന്ന വാര്‍ത്തകളുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടക്കണം. ഏതായാലും തമിഴ്‌നാട്ടിലെ രാഷ്ട്രീയ അധികാര അനിശ്ചിതത്വത്തിന് ഇപ്പോഴും ശാശ്വത പരിഹാരം കാണാനായിട്ടില്ല. ഗവര്‍ണറുടെ കോര്‍ട്ടിലാണ് വീണ്ടും പന്തെത്തിയിരിക്കുന്നത്. നിയമസഭ വിളിച്ചുകൂട്ടി ആരാണ് അടുത്ത മുഖ്യമന്ത്രിയെന്ന് ജനാധിപത്യപരമായി തീരുമാനിക്കപ്പെടുകയാണ് വേണ്ടത്. കുതിരക്കച്ചവടത്തിനും രാഷ്ട്രീയ ലാഭത്തിനും ആരുശ്രമിച്ചാലും അത് അനുവദിച്ചുകൊടുക്കരുത്. ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിന്‍ തങ്ങള്‍ കുതിരക്കച്ചവടത്തിനില്ലെന്ന് വ്യക്തമാക്കിയത് ജനാധിപത്യത്തിലെ ശുഭ സൂചനയും മാതൃകാപരവുമാണ്.