Video Stories
നീതിപുലരുന്ന നാളും പ്രതീക്ഷിച്ച്
ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയില്‍പെടുന്ന അയോധ്യയില്‍ പ്രഥമ മുഗള്‍ചക്രവര്‍ത്തി ബാബറിന്റെ നിര്‍ദേശപ്രകാരം 1528ല്‍ മീര്‍ ബാഖ്വി നിര്‍മിച്ച ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട ദേശീയ ദുരന്തത്തിന് 26 വര്‍ഷം പൂര്‍ത്തിയാകുന്ന ദിനമാണിന്ന്. ദേശീയപ്രസ്ഥാനകാലം മുതലിങ്ങോട്ട്് സങ്കുചിതവ്യക്തിത്വങ്ങളിലൂടെ പടര്‍ത്തിവിട്ട തീവ്രഹിന്ദുത്വത്തിന്റെ ആധുനികവക്താക്കളും പ്രയോക്താക്കളും ചേര്‍ന്ന് ഗൂഢാലോചനയിലൂടെ തകര്‍ത്ത ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള തീവ്രപരിശ്രമത്തിലാണിപ്പോള്‍ അക്കൂട്ടര്‍. 1992 ഡിസംബര്‍ ആറിനുശേഷം ഇന്നുവരെയും പള്ളി പുനര്‍നിര്‍മിക്കുകയോ അവിടേക്ക് പ്രവേശനം അനുവദിക്കുക പോലുമോ ചെയ്യപ്പെടാത്ത മുസ്്ലിം സമുദായവും മതേതരവിശ്വാസികളുമാകട്ടെ രാജ്യത്തിന്റെ നീതിപീഠങ്ങളിലേക്കും ജനാധിപത്യസംവിധാനത്തിലേക്കും നീതിക്കുവേണ്ടി കണ്ണുംനട്ടിരിപ്പാണ്. പുരാതന ആരാധനാലയത്തിന്റെ സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട അധികാര കേന്ദ്രങ്ങള്‍ ഭരണഘടനാപരമായ നടപടിയെടുത്തില്ലെന്ന ആരോപണമാണ് ഇന്നും ഉയര്ന്നുനില്ക്കുന്നത്. എങ്കിലും വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കാനുള്ള പടപ്പുറപ്പാടിലാണ് നമ്മുടെ ഭരണകൂടങ്ങള്‍. ഇന്ത്യന്‍ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ് അയോധ്യയില്‍ കാണാന്‍ കഴിഞ്ഞതെങ്കില്‍ രാജ്യത്തെ നിയമങ്ങളെയൊന്നും വകവെക്കാതെ മറ്റൊരു ‘അയോധ്യാസംഭവ’ ത്തിന് ഒരിക്കല്‍കൂടി ഒരുക്കൂട്ടുകയാണ് സംഘപരിവാരം. രാമക്ഷേത്രപ്രക്ഷോഭം എന്ന പേരില്‍ രഥയാത്രനടത്തുകയും രാജ്യത്താകമാനം ഹിന്ദുത്വവികാരം ഉണര്‍ത്തുകയും ചെയ്ത് വോട്ടുതട്ടാന്‍ ശ്രമിച്ചവരുടെ തന്ത്രങ്ങള്‍ ഫലംകണ്ടുവെന്നതാണ്, സ്വാതന്ത്ര്യാനന്തരകാലത്ത് ഒരിക്കലും അധികാരത്തിന്റെ ഏഴയലത്തുപോലും എത്താതിരുന്ന ഹിന്ദുത്വശക്തികള്‍ക്ക് അയോധ്യാപ്രക്ഷോഭത്തിനുശേഷം രാജ്യാധികാരം കൈപ്പിടിയിലാക്കാന്‍ സാധിച്ചതിലൂടെ പ്രകടമായത്. വീണ്ടും അവര്‍ അതേസിദ്ധാന്തം പ്രയോഗിക്കുന്നുവെങ്കില്‍ അതുകൊണ്ടുതന്നെ അത്ഭുതത്തിന് ഒരു വകയുമില്ല.
ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം സ്ഥലത്ത് താല്‍ക്കാലിക ക്ഷേത്രം നിര്‍മിച്ച് പൂജാദി കര്‍മങ്ങള്‍ നടന്നുവരികയാണ്. മസ്ജിദിന് ചുറ്റുമുള്ള 67.7 ഏക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാരിനെ റിസീവറാക്കി ഏറ്റെടുക്കുന്ന1993ല്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കുകയുണ്ടായി. 1991ല്‍ യു.പി സര്‍ക്കാരും രാമഭക്തരുടെ ആവശ്യാര്‍ത്ഥം എന്ന പേരില്‍ ഈ ഭൂമി ഏറ്റെടുക്കുകയുണ്ടായി. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം പ്രസ്തുത ഭൂമി ഇപ്പോള്‍ ആരുടെയും കൈവശത്തിലല്ല. നിലനില്‍ക്കുന്ന കേസ് മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ കോമ്പൗണ്ടിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചാണ്. മസ്ജിദ് തകര്‍ത്തകേസില്‍ എല്‍.കെ. അഡ്വാനി, ഉമാഭാരതി, കല്യാണ്‍സിംഗ് അടക്കമുള്ളവര്‍ക്കെതിരായ കേസും പൂര്‍ണതീര്‍പ്പുകല്‍പിക്കാതെ കിടക്കുന്നു. 1994ലെ ഇസ്മയില്‍ഫറൂഖി കേസിലെ അപ്പീലില്‍ നമസ്കാരത്തിന് മസ്ജിദ് അനിവാര്യമല്ല എന്ന വിധിയാണ് വിയോജനക്കുറിപ്പോടെ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച പ്രധാനകേസില്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നത് 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ വിധിയിന്മേലുള്ള അപ്പീലാണ്. സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖോഡക്കും അയോധ്യാട്രസ്റ്റിനുമായി മൂന്നായി ഭൂമി വീതിച്ചുനല്‍കണമെന്ന വിധിയെയാണ് സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരിക്കുന്നത്. ഇതിന്മേല് 2019 മേയിലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് വിധി വരുത്തണമെന്നും അതുവഴി ക്ഷേത്രം പണിയാമെന്നുമായിരുന്നു ബി.ജെ.പിയുടെയും മറ്റും കണക്കുകൂട്ടല്‍. ഈ ദുരുദ്ദേശ്യത്തെ കഴിഞ്ഞ ഒക്ടോബര്‍ 29ലെ വിധിയിലൂടെ സുപ്രീംകോടതി പൊളിച്ചടുക്കുകയുണ്ടായി. അയോധ്യ പോലെ വൈകാരികമായൊരു ദേശീയപ്രാധാന്യമുള്ള വിഷയത്തെ കേവലരാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗിക്കുന്നത് മുന്‍കൂട്ടിക്കണ്ട ചീഫ്ജസ്റ്റിസ് അടക്കമുള്ള ഉന്നതജഡ്ജിമാര്‍ കേസില്‍ വിചാരണ ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ പ്രധാനമന്ത്രി പോലും പരസ്യമായി രംഗത്തുവന്നുവെന്നതിനെ ഗൗരവമായി കാണേണ്ടതുണ്ട്. സുപ്രീംകോടതിയെ കോണ്‍ഗ്രസ് ഭയപ്പെടുത്തിയാണ് വിചാരണ നീട്ടിവെപ്പിച്ചതെന്നാണ് മോദി രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പുപ്രചാരണവേദിയില്‍ ആരോപിച്ചത്. അതിനര്‍ത്ഥം പ്രധാനമന്ത്രിയും രാജ്യഭരണകൂടവും പോലും ഈ വിഷയത്തെ പരസ്യ രാഷ്ട്രീയകാര്യ സാധ്യത്തിനുപയോഗപ്പെടുത്തുകയാണ് എന്നാണ്.
2014ല്‍ അധികാരത്തിലേറും മുമ്പ് ബി.ജെ.പി ഇറക്കിയ പ്രകടനപത്രികയില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന ്പറഞ്ഞുവെന്നും അത് ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നുമുള്ള ആവശ്യമാണ് സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയിലെ ഏതാനും നേതാക്കളും കേന്ദ്രമന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ മോദി സര്‍ക്കാര്‍ കുംഭകര്‍ണ ഉറക്കത്തിലായിരുന്നുവെന്ന് ശിവസേനയെപോലുള്ളവര്‍ ആക്ഷേപിക്കുന്നുണ്ട്. സത്യത്തില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ മുറിവില്‍ മുളകുപുരട്ടലും രാജ്യശരീരത്തെ വീണ്ടുംവീണ്ടും സാമൂഹികമായി വിഭജിക്കലുമാണിത്. സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും യു.പി സര്‍ക്കാരിന്റെയും ഒക്കെ പരസ്യമായ ആവശ്യം പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരോക്ഷമായി ഉന്നയിക്കുന്നതാണിതെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഹൈന്ദവരിലെ നിഷ്കളങ്കരായ സാധാരണക്കാര്‍ ഇതും വിശ്വസിച്ച് അയോധ്യയിലേക്കും ബി.ജെ,പിയിലേക്കും ഒഴുകുമെന്നും അതുവഴി ജീവല്‍പ്രശ്നങ്ങളില്‍നിന്ന് അവരെ സമര്‍ത്ഥമായി ശ്രദ്ധതിരിപ്പിക്കാമെന്നുമാണ് മോദിയുടെയും ബി.ജെ.പിയുടെയും കണക്കുകൂട്ടല്‍.
നവംബര്‍ 25ന് അയോധ്യയിലേക്ക് ധര്‍മസഭ എന്ന പേരില്‍ പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച വിശ്വഹിന്ദു പരിഷത്ത് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന ്സമാനമാണ്. ഡല്‍ഹിയിലും അവരിത് നടത്തി. ലോകത്തെ ഏറ്റവും കൂടുതല്‍ യുവജനസംഖ്യയുള്ള രാജ്യമായ ഇന്ത്യക്ക് അവരുടെ ഊര്‍ജം ദുര്‍വ്യയമാക്കി ഈ ആധുനികകാലത്ത് മുന്നോട്ടുപോകാനും കഴിയില്ല. രാജ്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുക എന്നത് ന്യൂനപക്ഷത്തിന്റെ മാത്രം കടമയല്ല. സര്‍വമതേതരവിശ്വാസികള്‍ക്കും അതില്‍ തുല്യമായ ഉത്തരവാദിത്തമുണ്ട്. അക്രമത്തെ അക്രമം കൊണ്ട് നേരിടുകയെന്ന സമീപനം ആത്മഹത്യാപരമാണ് എന്ന് ഇതിനകം പാഠമായതാണ്. അതിലേക്ക് മതന്യൂനപക്ഷത്തെകൂടി വലിച്ചിഴച്ച് കൊണ്ടുപോകാനുള്ള ശ്രമങ്ങെള തടയിടലുമാകണം വീണ്ടുമെത്തുന്ന ഡിസംബര്‍ ആറിന്റെ സ്മരണ. ഇന്ന് മുസ്്ലിംലീഗ് നടത്തുന്ന മതേതതരത്വ സംരക്ഷണദിനാചരണം നീതി നടപ്പാക്കാനും ജനങ്ങള്‍ക്കും രാജ്യത്തിന്റെ മഹിത സംസ്കാരത്തിനും സംരക്ഷണം നല്‍കാനും ഭരണകൂടം ബാധ്യസ്ഥമാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
ബാബരി മസ്ജിദ് വിഷയത്തില്‍ നീതി പുലരുന്ന നാളും കാത്തിരിക്കുകയാണ്, രാജ്യത്തെ ന്യൂനപക്ഷ ജനതയും മതേതര വിശ്വാസികളും. ഭരണഘടന നല്കുന്ന മൗലികാവകാശത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാണ് അധികാരം ജനങ്ങള്‍ക്കുള്ളതാണെന്ന തത്വത്തില്‍ വിശ്വാസമര്‍പ്പിച്ച ഇന്ത്യന്‍ ജനകോടികളുടെ മുറവിളികള്‍. ഇത് ഭരണകൂടം കാണാതെ പോകരുത്.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
Film
ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍
ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..
ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.
എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന് ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരം കിഷ്കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന് രഞ്ജിത മേനോന്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്, അഭിലാഷ് ശങ്കരനാരായണന് എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്, ചീഫ് അസോസിയേറ്റ് ക്യാമറാമാന് ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര് കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.
Video Stories
പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം
ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

