പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി. 20 മണ്ഡലങ്ങളിലെയും വോട്ട് പെട്ടിയില്‍. ഇനി ഫലമറിയാനായി ഒരു മാസത്തെ കാത്തിരിപ്പ്. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ അന്തിമ വിജയം ആര്‍ക്കാവും ?. പ്രതീക്ഷയിലാണ് മതേതര മനസുകള്‍. അഞ്ചു വര്‍ഷത്തെ ദുരിതപര്‍വത്തിന് അറുതിയാവണം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയൊരു ഇന്ത്യ പിറക്കണം. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനതയെ വേര്‍തിരിച്ച മോദിക്കും കൂട്ടര്‍ക്കും ആശങ്കയുടെ നിമിഷങ്ങളാണ്. ഒപ്പം ജനദ്രോഹ നയങ്ങളും അക്രമ രാഷ്ട്രീയവും മുഖമുദ്രയാക്കിയ പിണറായിക്കും സംഘത്തിനും. രാഹുല്‍ ഗാന്ധിയെന്ന പ്രതീക്ഷകള്‍ക്ക് മുകളില്‍ കറങ്ങുകയാണ് ഇപ്പോള്‍ രാജ്യം. ഇന്ത്യ ഇന്ത്യയായി തുടരണമെങ്കില്‍ മോദിയെന്ന കാര്‍മേഘത്തെ ഒഴിവാക്കണം. മതേതര കേരളത്തിന്റെ മനസറിഞ്ഞ് രാഹുല്‍ വയനാടന്‍ മണ്ണില്‍തന്നെ അങ്കം കുറിക്കാനെത്തി. ഇടതുപാര്‍ട്ടികളുടെയും ബി.ജെ.പിയുടെയും നെഞ്ചില്‍ തീപ്പൊരി പാറിയ നിമിഷങ്ങള്‍. തെരഞ്ഞെടുപ്പു ഗോദയില്‍ യു.ഡി.എഫിന് മേല്‍ക്കൈ നേടാന്‍ സമയമേറെ വേണ്ടിവന്നില്ല. കേരളമാകെ രാഹുല്‍ തരംഗം ആഞ്ഞടിക്കുമെന്നതില്‍ എതിരാളികള്‍ക്കും രണ്ടഭിപ്രായമില്ലെന്ന് ചുരുക്കം. വോട്ടര്‍മാരിലും ആവേശം പ്രകടം. യുവത്വത്തിന്റെ പ്രസരിപ്പുമായി രാഹുലിന് പിന്നാലെ പ്രിയങ്കാഗാന്ധിയുമെത്തിയപ്പോള്‍ നാട് ഇളകി മറിഞ്ഞു. അഞ്ചു ലക്ഷത്തിലേറെ കന്നി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് വലിയ വിഭാഗം ജനതയേയും കയ്യിലെടുക്കാന്‍ രാഹുല്‍-പ്രിയങ്ക സഹോദരങ്ങള്‍ക്ക് കഴിഞ്ഞു.
രാഹുല്‍ തരംഗത്തില്‍ 1977 ആവര്‍ത്തിക്കാമെന്ന കണക്ക് കൂട്ടലിലാണ് യു.ഡി.എഫ്. അന്ന് 20ല്‍ 20 സീറ്റും നേടിയതുപോലെ ഇത്തവണയും വിജയക്കൊടി പാറിക്കാം. അതിന്റെ ലക്ഷണങ്ങളെല്ലാം വോട്ടെടുപ്പില്‍ ദൃശ്യമായി. പ്രചാരണ മേഖലയിലെല്ലാം എണ്ണയിട്ട യന്ത്രം പോലെ ചടുലമായിരുന്നു യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍. ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ഇടതുമുന്നണിയുടെയും ബി.ജെ.പിയുടെയും നീക്കങ്ങളൊന്നും വിലപ്പോയില്ലെന്നതാണ് വാസ്തവം. അടുത്ത പ്രധാനമന്ത്രി കേരളത്തില്‍ നിന്നെന്ന ചരിത്ര നേട്ടത്തിനരികിലാണ് നാം. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതോടെ മതേതര വിശ്വാസികള്‍ കൂട്ടത്തോടെ യു.ഡി.എഫിന് പിന്നില്‍ അണിനിരന്നു. സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടില്ലായ്മക്കും ഇരട്ടത്താപ്പിനും ഇതില്‍ക്കൂടുതല്‍ പ്രഹരമേല്‍ക്കാനില്ല.
തിരുവനന്തപുരവും പത്തനംതിട്ടയും ഉള്‍പ്പെടെയുള്ള സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലങ്ങള്‍ കൈപ്പിടിയിലൊതുക്കാനും രാഹുലിന്റെ വരവ് നിമിത്തമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. ത്രസിപ്പിക്കുന്ന നേട്ടത്തിനായി രാജ്യത്തെ മതേതര കക്ഷികള്‍ക്ക് മുഴുവന്‍ ആവേശത്തോടെ കാത്തിരിപ്പിലാണ്. ഫീനികിസ് പക്ഷിയെ പോലെ കോണ്‍ഗ്രസ് പറന്നുയരും. ബി. ജെ.പിക്കും സി.പി.എമ്മിനും കനത്ത പ്രഹരം തീര്‍ക്കും. എന്നാല്‍ ബി.ജെ.പി യെ പോലെ തന്നെയോ അവരേക്കാള്‍ ഒരു പടികൂടി കടന്നുകൊണ്ടോ ഇങ്ങനെയൊരു വിധി ഉണ്ടാകരുതേയെന്ന പ്രാര്‍ത്ഥനയിലാണ് സി.പി.എം. ജനവിധി എതിരായാല്‍ തങ്ങളുടെ നിലനില്‍പ്പ് തന്നെ അപ്രസക്തമാകുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സി.പി.എമ്മിന്റെ ഉറക്കം കെടുത്തും എന്നു മാത്രമല്ല അവരുടെ സമനില തെറ്റിക്കുകയും ചെയ്യും. സംസ്ഥാനത്ത് അധികാരത്തിലേറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എടുത്തുപറയത്തക്ക ഒരു നേട്ടവും പിണറായിക്കും കൂട്ടര്‍ക്കുമുണ്ടായിട്ടില്ല. ഇതുതന്നെയാണ് അവരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചതും. ഈ തെരഞ്ഞെടുപ്പിലും നാടിന്റെ വികസനമോ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളോ ചര്‍ച്ചയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച സി.പി.എമ്മിന്റെ കയ്യിലെ ആയുധങ്ങള്‍ വര്‍ഗീയ ധ്രുവീകരണവും അതു മറച്ചുപിടിക്കാനുള്ള ചില പൊടിക്കൈകളും മാത്രമായിരുന്നു. ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഭൂരിപക്ഷ വര്‍ഗീയതയെ കുറിച്ചും ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ വര്‍ഗീയതയെ കുറിച്ചും അവര്‍ നടത്തിയ കുപ്രചാരണങ്ങള്‍ ചില ഇടങ്ങളിലെങ്കിലും ആഘാതമുണ്ടാക്കുമെന്നുറപ്പ്. ശബരിമല സ്ത്രീ പ്രവേശനവും വനിതാ മതിലും കൈകാര്യം ചെയ്ത രീതി ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമായിരുന്നില്ല. ഇതിനെല്ലാം മറുപടി നല്‍കാന്‍ കാത്തിരുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് ലോക്‌സഭാ തെരഞ്ഞെടുപ്പെത്തിയത്. അവര്‍ യു.ഡി.എഫിന്റെ ചിറകിനടിയിലേക്ക് ചേക്കേറിയെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ കേരളം. മറുഭാഗത്ത് ബി.ജെ.പിയും ആശങ്കയുടെ കരിനിഴലിലാണ്. ശബരിമലയുടെ പേരില്‍ കലാപമഴിച്ചുവിട്ട് സംസ്ഥാനം കുരുതിക്കളമാക്കി. മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളൊന്നും പറയാനില്ലാത്തതില്‍ പച്ചക്ക് വര്‍ഗീയത പറഞ്ഞായിരുന്നു അവരുടെ പ്രചാരണം. അതിനായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പോലും വിമാനം പിടിച്ച് ഇവിടെയത്തി. പ്രബുദ്ധരായ മലയാളി വോട്ടര്‍മാര്‍ക്കിയില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങളൊന്നും ഏശില്ലെന്ന് സുവ്യക്തമാണ്. നോട്ട് നിരോധനം, ജി.എസ്.ടി, ഇന്ധന വില വര്‍ധന തുടങ്ങി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളോടെല്ലാം പൂര്‍ണമായും മുഖംതിരിച്ചു. വര്‍ഗീയതയുടെ വക്താക്കളെ ജനം വാഴിക്കില്ലെന്നതിന് ഇതില്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ വേണ്ട.
കഴിഞ്ഞ അഞ്ച് വര്‍ഷം മതേതര മനസുകള്‍ മറക്കാന്‍ ആഗ്രഹിക്കുന്നതാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ കിരാത ഭരണത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ മതേതര സ്വഭാവം തന്നെ തകര്‍ക്കപ്പെട്ടു. അക്രമങ്ങളിലും അനിഷ്ട സംഭവങ്ങളിലും രാജ്യം വിറങ്ങലിച്ച് നിന്നു. ന്യുനപക്ഷ വിഭാഗങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. അസഹിഷ്ണുതയുടെ വിളനിലമായി സര്‍ക്കാര്‍ മാറി. ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്ത ഭരണകൂടം ചോദ്യം ചോദിക്കുന്നവരെ പീഢിപ്പിച്ചു. പ്രധാനമന്ത്രി പോലും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത അവസ്ഥ കൈവന്നു. ആ ഭരണത്തിന് അന്ത്യമിടാനാണ് ഇത്തവണ രാജ്യം ശക്തമായി രംഗത് വരുന്നത്. കേരളത്തില്‍ എല്ലായിടത്തും പോളിംഗ് വര്‍ധിച്ചു. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ഇത് വഴി ജനങ്ങള്‍ പ്രകടിപ്പിച്ചത്. കേരളത്തിലെ സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ പലവിധമായിരുന്നു. പ്രളയവും പകര്‍ച്ച വ്യാധികളും സംസ്ഥാനത്തെ വേട്ടയാടിയപ്പോള്‍ പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. ഇതിലുള്ള പ്രതിഷേധവും ഇത്തവണ വോട്ടായി മാറിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് മതേതര ജനാധിപത്യ സര്‍ക്കാര്‍ വരുന്നത് കാണാനാണ് രാജ്യവും സംസ്ഥാനവും ആഗ്രഹിക്കുന്നത്. രാഹുല്‍ ഇതാദ്യമായി കേരളത്തില്‍ മല്‍സരിച്ചതിന്റെ ശക്തിയാണ് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ദൃശ്യമായത്. തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചിട്ടില്ല. മെയ് 19 വരെ ദീര്‍ഘിക്കുന്ന വിവിധ ഘട്ടം തെരഞ്ഞെടുപ്പുകളിലുടെ മെയ് 23ന് പ്രഖ്യാപിക്കുന്ന മല്‍സരഫലങ്ങള്‍ മതേതര രാജ്യത്തിന്റെ വിജയമായി മാറട്ടെ.