സംസ്ഥാനത്തെ കൊടും വരള്‍ച്ചാ കെടുതിയുടെ നിജസ്ഥിതി നേരിട്ടറിയാന്‍ കേന്ദ്ര സംഘം കേരളത്തില്‍ പരിശോധന തുടരുകയാണ്. കേന്ദ്ര കൃഷി മന്ത്രാലയം ജോ. സെക്രട്ടറി അശ്വനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തീക്ഷ്ണ വരള്‍ച്ചയുടെ തീച്ചുഴിയില്‍ വെന്തുരുകുന്ന മുഴുവന്‍ പ്രദേശങ്ങളും കണ്ടെത്തി കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള പരിഹാര മാര്‍ഗങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ വരള്‍ച്ചാ ബാധിത പ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റു ഏഴു സംസ്ഥാനങ്ങളോട് സാമ്യപ്പെടുത്തിയുള്ള പരിശോധനയും വിലയിരുത്തലുമായാല്‍ കേരളത്തിനു അര്‍ഹിച്ച ദുരിതാശ്വാസ തുക നഷ്ടമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിയല്ല കേരളത്തിലേതെന്ന് വസ്തുതാപരമായി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിനും ഉദേ്യാഗസ്ഥര്‍ക്കും സാധ്യമായാല്‍ മാത്രമേ വരള്‍ച്ചാ കെടുതിയെ അതിജയിക്കാനുള്ള കേന്ദ്ര സഹായം ലഭ്യമാവുകയുള്ളു. പതിനഞ്ചു ദിവസം മുമ്പാണ് കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളെ വരള്‍ച്ചാ ബാധിത പ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിനും കര്‍ണാടകത്തിനും പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളാണ് രാജ്യത്ത് കൂടുതല്‍ വരള്‍ച്ച അനുഭവിക്കുന്നത്. ഇവിടങ്ങളിലേക്ക് കേവലം 24,000 കോടി രൂപ മാത്രമാണ് നഷ്ടപരിഹാരമായി കേന്ദ്രം കനിഞ്ഞത്. 50 തൊഴിലുറപ്പ് പ്രവൃത്തി ദിവസങ്ങള്‍ അധികമായി നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ താത്കാലികാശ്വാസങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ് നിലവില്‍ സംസ്ഥാനത്തെ മാത്രം സ്ഥിതി. രണ്ടു ദിവസങ്ങളിലായി കേന്ദ്ര സംഘത്തിനു മുമ്പിലെത്തിയ കെടുതിയുടെ കണക്കുകള്‍ ഇത് തെളിയിക്കുന്നുണ്ട്.
വറ്റിവരണ്ട ജല സ്രോതസുകള്‍, വരണ്ടുണങ്ങിയ നെല്‍പ്പാടങ്ങള്‍, കത്തിക്കരിഞ്ഞ കാര്‍ഷിക വിളകള്‍, മണല്‍പ്പരപ്പുകള്‍ മാത്രമായ നദികളും പുഴകളുമെല്ലാം പ്രത്യക്ഷ ഉദാഹരണങ്ങളാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം കാരണം ജനങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കുമുള്ള പ്രയാസങ്ങള്‍ വേറെയും. ഇതേ സ്ഥിതി തുടര്‍ന്നാലുള്ള കേരളത്തിന്റെ ഭാവി അങ്ങേയറ്റം ഭയാനകമാണ്. കാലവര്‍ഷക്കാലത്തിന് കണക്കു പ്രകാരം ഇനിയും ഒരു മാസം അകലെയാണ്. ഈ വര്‍ഷം 90 ശതമാനത്തിനു മുകളില്‍ മഴ ലഭിക്കുമെന്നാണ് രണ്ടു ദിവസം മുമ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. ദക്ഷിണേന്ത്യയിലും മഴ സുലഭമായി ലഭിക്കുമെന്നതാണ് നിരീക്ഷണം. ഇത് യാഥാര്‍ത്ഥ്യമായാല്‍ അടുത്ത വര്‍ഷം വലിയ തോതില്‍ വരള്‍ച്ചക്ക് സാധ്യതയില്ലെന്ന നിഗമനത്തിലാണ് കാലാവസ്ഥാ പഠന കേന്ദ്രം. എങ്കിലും കണ്‍മുമ്പിലെ കൊടും വരള്‍ച്ചക്കുള്ള പരിഹാരമാണ് കേരളം തേടുന്നത്.
വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കുക എന്നത് ഒരുതരം വികസനപദ്ധതി എന്ന മട്ടിലാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനം മുഴുവന്‍ വരള്‍ച്ചാ ബാധിതമായി നിയമസഭയില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി, കൃത്രിമ മഴ വര്‍ഷിപ്പിക്കുന്നതിനെ കുറിച്ചു ചിന്തിക്കുകയാണെന്ന് വ്യക്തമാക്കിയതും ഈ മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാറുണ്ടായിരുന്ന കേരളത്തില്‍ ഇത്തവണ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 34 ശതമാനം കുറവാണുണ്ടായത്. തുലാവര്‍ഷം ചതിച്ചുവെന്നു പറയാം. വര്‍ഷം 3000 മില്ലീ മീറ്റര്‍ മഴ ലഭിക്കുന്ന ജലസമൃദ്ധ നാടെന്ന് മേനി നടിച്ചിരുന്ന നമുക്ക് ഇത്തവണ രണ്ടോ മൂന്നോ വേനല്‍ മഴ മാത്രമാണ് ലഭിച്ചത്. പശ്ചിമഘട്ടത്തില്‍ പെയ്യുന്ന മഴ രണ്ടു മണിക്കൂര്‍ കൊണ്ട് അറബിക്കടലില്‍ പതിക്കുന്ന കേരളത്തില്‍ തുച്ഛം മഴ കൊണ്ട് പ്രയോജനം ലഭിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. അതിവര്‍ഷം പെയ്തിറങ്ങിയ കാലങ്ങളില്‍ പോലും നമ്മുടെ സംസ്ഥാനം വരള്‍ച്ച അഭിമുഖീകരിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. വേനല്‍ ചുട്ടുപൊള്ളുന്ന സാഹചര്യത്തില്‍ ഭൗമതലങ്ങളില്‍ വെള്ളം സംരക്ഷിക്കാനുള്ള ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ കാര്യങ്ങള്‍ കേന്ദ്ര സംഘത്തെ കൃത്യമായി ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് സാധ്യമാകണം. ഉത്തരേന്ത്യയിലെ വരള്‍ച്ചയെ പോലെയല്ല കേരളത്തിലേത്. വിണ്ടു കീറിയ നിലങ്ങളാണ് ഉത്തരേന്ത്യയിലെ വരള്‍ച്ചയുടെ അടയാളങ്ങളെങ്കില്‍ പച്ചയില്‍ പൊതിഞ്ഞ പ്രകൃതിയില്‍ ഒരിറ്റ് ദാഹജലം പോലും കരുതിവെക്കാനിടമില്ലാത്ത ജലസംഭരണികളാണ് കേരളത്തിലേത്. ദൂരക്കാഴ്ചയിലും ആകാശക്കാഴ്ചകളിലുമൊന്നും ഇവിടത്തെ വരള്‍ച്ചയെ പൂര്‍ണമായും ദര്‍ശിക്കാനാവില്ല. ഓരോ പ്രദേശങ്ങളിലൂടെയും നടന്നു നീങ്ങിയാല്‍ മാത്രമേ വരള്‍ച്ചാ കെടുതിയുടെ നീറുന്ന കാഴ്ചകളിലേക്ക് ദൃഷ്ടി പതിയുകയുള്ളൂ. കുടിവെള്ള ക്ഷാമത്തിന്റെയും കാര്‍ഷിക നഷ്ടത്തിന്റെയും കദനകഥകള്‍ വിവരിച്ചവരില്‍ നിന്നു കേന്ദ്ര സംഘത്തിന് ഇതു ബോധ്യമായാല്‍ പ്രത്യാശക്കു വകയുണ്ടെന്നര്‍ഥം.
കഴിഞ്ഞ ആറു പതിറ്റാണ്ടിന്റെ കണക്കെടുത്തപ്പോള്‍ വര്‍ഷംതോറും കേരളത്തില്‍ ശരാശരി 1.43 മില്ലിമീറ്റര്‍ മഴ കുറയുന്നതായി കണ്ടെത്തിയിരുന്നു. ഭൂഗര്‍ഭ ജലനിരപ്പ് ചില വര്‍ഷങ്ങളില്‍ 10 സെന്റീ മീറ്റര്‍ വരെ കുറയുന്നതായും തെളിയിക്കപ്പെട്ടിരുന്നു. ഈ മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ചതാണ് ഇന്നത്തെ ദുരവസ്ഥക്കു കാരണമെന്ന തിരിച്ചറിവിലേക്ക് ഓരോ മലയാളിയും എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജലസംരക്ഷണം ഇപ്പോഴും ശീലമാക്കാത്ത സമൂഹമാണ് മലയാളികള്‍ എന്ന യാഥാര്‍ഥ്യം ഇനിയും ആവര്‍ത്തിച്ചുകൂടാ. 44 നദികളും ആയിരക്കണക്കിന് ജലാശയങ്ങളും നീര്‍ത്തടങ്ങളുമുള്ള നമ്മുടെ സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക് നടന്നുനീങ്ങിയത് യാദൃച്ഛികമല്ല, മനുഷ്യകരങ്ങളുടെ പ്രവര്‍ത്തന ഫലം തന്നെയാണ്. എക്കാലത്തും വരള്‍ച്ചാ പ്രഖ്യാപനത്തിനും അതുവഴിയുണ്ടാകുന്ന താത്കാലിക സമാശ്വാസത്തിനും വേണ്ടി കാത്തിരിക്കുന്നത് ശുഭകരമല്ല. ശാദ്വല സമൃദ്ധി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അതീവ ജാഗ്രതയോടെ ഇക്കാര്യം ഏറ്റെടുത്താല്‍ മാത്രമേ ഇനിയുള്ള ജനതക്ക് ആപത്കരമായ ജല ദൗര്‍ലഭ്യതയില്‍ നിന്ന് മോചനം ലഭിക്കുകയുള്ളൂ.