Connect with us

Video Stories

വാഹനമോടിക്കുന്ന വിശ്വാസികള്‍ പാലിക്കേണ്ട മുറകള്‍

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

മനുഷ്യന്‍ ഇന്ന് യാത്രക്കായി എന്തെല്ലാം വാഹനങ്ങള്‍ ഉപയോഗിക്കുന്നു. കരയിലും കടലിലും മനുഷ്യരെ വാഹനത്തില്‍ കയറ്റികൊണ്ട് പോകുന്നതിനെ ദൈവം ചെയ്ത ഒരു വലിയ അനുഗ്രഹമായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നു. പൂര്‍വ്വ കാലത്ത് കരയാത്രക്ക് ഒട്ടകം, കുതിര, കഴുത, കോവര്‍ കഴുത തുടങ്ങിയ മൃഗങ്ങളാണ് വാഹനമായി ഉപയോഗിക്കപ്പെട്ടിരുന്നത്. കാലികളെ യാത്രക്കും ചരക്കുകള്‍ ദൂര ദിക്കുകളിലേക്ക് കൊണ്ടുപോകുന്നതിനും നിങ്ങള്‍ക്ക് ഒരുക്കിത്തന്നത് അല്ലാഹുവാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. സമുദ്ര സഞ്ചാരത്തിന് പൂര്‍വ്വിക കാലം മുതല്‍ക്കേ മനുഷ്യന്‍ കപ്പല്‍ ഉപയോഗിക്കുന്നു. കപ്പലില്‍ അവന്‍ നിങ്ങളെ വഹിച്ചുകൊണ്ടുപോകുന്നു-ഖുര്‍ആന്‍.
ഇന്ന് ദൈവം മനുഷ്യന് നല്‍കിയ ബുദ്ധി ഉപയോഗിച്ചും അവന്‍ ഒരുക്കിത്തന്ന പ്രകൃതി വസ്തുക്കളെ കൂട്ടിയിണക്കിയും യാത്ര സുഗമവും ദൂരം വളരെ വേഗത്തില്‍ മുറിച്ചുകടക്കുന്നതുമായ പല പുതിയ യാത്രാ വാഹനങ്ങളും മനുഷ്യന്‍ കണ്ടുപിടിച്ചിരിക്കുന്നു. വാഹനത്തെ പറ്റി വിവരിക്കുമ്പോഴൊക്കെയും ഇവയൊക്കെ ദൈവത്തിന്റെ അനുഗ്രഹമാണെന്നും അവനു നന്ദികാണിക്കേണമെന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. വാഹനത്തില്‍ കയറിയാല്‍ നിങ്ങള്‍ ഇങ്ങനെ പറയുക: ഇത് ഞങ്ങള്‍ക്ക് അധീനപ്പെടുത്തി തന്നവന്‍ എത്ര പരിശുദ്ധന്‍. ഞങ്ങള്‍ക്ക് അവന്റെ സഹായമില്ലെങ്കില്‍ ഇതിന് കഴിയുമായിരുന്നില്ല. വാഹനത്തില്‍ കയറുന്ന ഏത് മനുഷ്യനും- വിശേഷിച്ച് ഡ്രൈവര്‍ക്ക് ഈ ദൈവവിചാരം അനിവാര്യമാണ്. സുരക്ഷിതമായി വാഹനത്തെയും അതിലുള്ളവരെയും ഉദ്ദിഷ്ട സ്ഥലത്തെത്തിക്കാന്‍ കഴിവുള്ളവന്‍ ദൈവം മാത്രം. ഈ വിചാരത്തോടെ വാഹനത്തില്‍ കയറുന്നവരും അത് ഓടിക്കുന്നവരും എത്ര വിനയാന്വിതരായിരിക്കും. വിനയം വിശ്വാസിയുടെ മുഖമുദ്രയാണ്.
വാഹനാപകടങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഇന്ന് ദിനംപ്രതി കേള്‍ക്കുന്നതും വായിക്കുന്നതും. ജീവഹാനി സംഭവിച്ചവര്‍, മുറിവേറ്റവര്‍, ശരീരം കത്തിക്കരിഞ്ഞവര്‍, സ്വത്തിന് നാശവും നഷ്ടവും പറ്റിയവര്‍- ഇങ്ങനെ കണക്കാക്കാന്‍ കഴിയാത്ത ദുരന്തങ്ങള്‍. അരമണിക്കൂര്‍ മുമ്പ് സന്തോഷപൂര്‍വ്വം മുത്തംതന്ന് വീട്ടില്‍ നിന്നിറങ്ങിയ പ്രിയതമന്റെ ചോരയില്‍ കുളിച്ച ചലനമറ്റ ശരീരമാണ് തിരിച്ചെത്തുന്നത്. മനുഷ്യന്റെ തന്നെ ശ്രദ്ധക്കുറവും പിഴവും സുരക്ഷാനിയമങ്ങളുടെ ലംഘനവുമാണ് അധിക അപകടങ്ങളും വിളിച്ചു വരുത്തുന്നത്. മനുഷ്യന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ സ്വന്തത്തെ ദൈവത്തെ ഏല്‍പിച്ചു തവക്കല്‍തു അലല്ലാ എന്നു പറയേണ്ടതുണ്ട്. വാഹനത്തില്‍ കയറുമ്പോഴും പ്രാര്‍ത്ഥിക്കണം. ദൈവത്തെ ഏല്‍പിക്കുന്നതിനര്‍ത്ഥം ഇനി തനിക്ക് തോന്നിയപോലെ പ്രവര്‍ത്തിക്കാം, എല്ലാം ദൈവം നോക്കിക്കൊള്ളും എന്നല്ല. മനുഷ്യസാധ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ച ശേഷം ബാക്കി കാര്യങ്ങള്‍ക്ക് അല്ലാഹുവിന്റെ സഹായം തേടുകയാണ് ഉദ്ദേശ്യം. ഒട്ടകത്തെ അഴിച്ചുവിട്ടല്ല, കെട്ടിയിട്ടാണ് തവക്കുല്‍ ചെയ്യേണ്ടതെന്ന് പ്രവാചകന്‍ അനുയായികളെ പഠിപ്പിക്കുന്നു. യാത്ര പുറപ്പെടുംമുമ്പ് വാഹനത്തിന്റെ സുരക്ഷാ പരിശോധന നടത്തണം. ‘നിങ്ങള്‍ സ്വന്തം കൈകളെ നാശത്തിലേക്ക് വലിച്ചിടരുത്’ എന്ന് ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു. മദ്യപിച്ചു വാഹനം ഓടിക്കുന്നതിന്റെ ദുഷ്ഫലങ്ങള്‍ ഇന്ന് എത്രയാണ് മനുഷ്യര്‍ അനുഭവിക്കുന്നത്. അതുപോലെ ഉറക്കം, ക്ഷീണം, രോഗം, ശേഷിക്കുറവ് തുടങ്ങിയ ദൗര്‍ബല്യങ്ങളുണ്ടാകുമ്പോഴും വാഹനമോടിക്കുന്നത് തെറ്റാണ്. പ്രവാചകന്‍ പറയുന്നു: നിങ്ങളുടെ ജീവനും സ്വത്തിനും അല്ലാഹു സംരക്ഷണം നല്‍കിയിരിക്കുന്നു. അവക്ക് നാശം വരുത്തുന്നത് നിരോധിക്കുകയും ചെയ്തിരിക്കുന്നു. ഈ സംരക്ഷണ നിരോധന ക്രമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പാടില്ല.
അമിത വേഗത, മറ്റൊരു വാഹനത്തെ മറികടന്ന് മുമ്പിലെത്താനുള്ള വ്യഗ്രത, ദിശ ലംഘിച്ചുള്ള ഓട്ടം തുടങ്ങിയവയാണല്ലോ പലപ്പോഴും റോഡപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ധൃതി പിശാചില്‍ നിന്നാണെന്ന് നബി വചനം. വാഹനമോടിക്കുന്ന ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ടതാണ്. ‘ക്ഷമയേക്കാള്‍ വിശാലവും ഉത്തമവുമായ ഒരു ദാനവും മനുഷ്യന് ലഭിക്കാനില്ല’ എന്ന തിരുവചനത്തിന്റെ പൊരുളനുസരിച്ച് ഡ്രൈവര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എത്ര അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു. മറ്റൊരു വാഹനത്തിന്റെ പിറകില്‍ പോകുന്നതില്‍ അഭിമാന പ്രശ്‌നം കാണുന്നവരാണ് ചിലരെങ്കിലും. അതേ അവസരം തന്റെ വാഹനം വളരെ പതുക്കെയാണ് നീങ്ങുന്നതെങ്കിലും മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതില്‍ കുറ്റകരമായ ലുബ്ധത കാണിക്കുന്നവരാണ് ചിലര്‍. ‘പിശുക്കില്‍ നിന്ന് രക്ഷപ്പെടുന്നവരാണ് വിജയം നേടുന്നവര്‍. സ്വാര്‍ത്ഥതയുപേക്ഷിച്ച് മറ്റുള്ളവരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള വിശാല മനസ്‌കതയാണ് വിശ്വാസിയുടെ സ്വഭാവ ഗുണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വാഹനമോടിക്കുന്നവന്റെ ശ്രദ്ധ മറ്റു ഭാഗങ്ങളിലേക്ക് തിരിയുന്നതാണ് അപകടങ്ങള്‍ സംഭവിക്കുന്നതിന്റെ മറ്റൊരു കാരണം. അയാള്‍ ശ്രദ്ധ മുഴുവന്‍ വാഹനത്തിലും റോഡിലുമായി പരിമിതപ്പെടുത്തേണ്ടതുണ്ട്. ചുറ്റുപാടുമുള്ള കാഴ്ചകള്‍ കാണുക. ഫോണ്‍ ചെയ്യുക, തീറ്റയിലും കുടിയിലും ഏര്‍പ്പെടുക തുടങ്ങിയവയെല്ലാം ശ്രദ്ധ തിരിച്ചുവിടും. ഒരു പ്രവൃത്തി ചെയ്യുകയാണെങ്കില്‍ ശ്രദ്ധ മുഴുവന്‍ അതില്‍ കേന്ദ്രീകരിച്ച് മികവ് നേടുന്നതാണ് അല്ലാഹുവിനിഷ്ടം എന്ന് പ്രവാചകന്‍ പ്രസ്താവിക്കുന്നു.
വിശാല മനസ്‌കത, അവശതയനുഭവിക്കുന്നവരോടുള്ള അനുകമ്പ, അന്യര്‍ക്ക് താന്‍ കാരണമായി ഒരു ബുദ്ധിമുട്ടും അനുഭവിക്കാന്‍ പാടില്ലെന്ന സ്‌നേഹവിചാരം തുടങ്ങിയവയെല്ലാം വിശ്വാസിയുടെ സദ്ഗുണങ്ങളാണല്ലോ. റോഡ് മുറിച്ചു കടക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം വാഹനം നിര്‍ത്താന്‍ സന്മനസ്സ് കാണിക്കാത്ത എത്ര പേരുണ്ട്. അതുപോലെ സ്ത്രീകള്‍, വൃദ്ധന്മാര്‍, രോഗികള്‍ കുട്ടികള്‍ തുടങ്ങിയവര്‍ക്ക് വാഹനത്തില്‍ കയറാന്‍ സൗകര്യം ചെയ്യാത്തവരും റോഡില്‍ കാല്‍നടയാത്രക്കാരുടെ ഭാഗം കൂടി കവര്‍ന്നെടുക്കുന്നവരും വേറെയും. പ്രവാചകന്‍ പിന്നില്‍ യാത്ര ചെയ്യുന്നവരെ കണ്ടാല്‍ തന്റെ വാഹനത്തിന്റെ പിന്നില്‍ ഇരുത്തുമായിരുന്നു. ഖലീഫ ഉമര്‍ പറയന്നു: ‘മൂന്ന് കാര്യങ്ങള്‍ നിനക്ക് സഹോദരന്റെ സ്‌നേഹം നേടിത്തരും: കാണുമ്പോള്‍ സലാം ചൊല്ലുക; അവന് ഇരിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുക; അവന് ഏറ്റവും ഇഷ്ടപ്പെട്ട പേര് വിളിക്കുക’. വാഹന യാത്രികന്‍ ഉച്ചത്തില്‍ ഹോണ്‍ അടിച്ച് ശബ്ദ ശല്യമുണ്ടാക്കുന്നതും വര്‍ജിക്കേണ്ടതാണ്. പ്രവാചകന്‍ രാത്രി വീട്ടില്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരെ മാത്രം കേള്‍പ്പിക്കുകയും ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താതിരിക്കുകയും ചെയ്യുംവിധമായിരുന്നു സലാം ചൊല്ലിയിരുന്നത്.
ഇന്ന് ഒരു ചെറിയ വാഹനമെങ്കിലും കൈവശമുള്ളവരാണ് അധികപേരും. വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരും കുറവല്ല. യാത്ര സുഗമമാക്കാനും അപകടങ്ങള്‍ സംഭവിക്കാതിരിക്കാനും ജനങ്ങള്‍ പാലിക്കേണ്ട പല ട്രാഫിക്ക് നിയമങ്ങളും ഭരണാധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാന്‍ ബാധ്യസ്ഥരായ വിശ്വാസികള്‍ മനുഷ്യ നന്മ ലക്ഷ്യം വെച്ചുള്ള ഈ നിയമങ്ങള്‍ പാലിക്കാനും കടപ്പെട്ടവരാണ്. അവ ശരീഅത്തിന് വിരുദ്ധമല്ലാത്തിടത്തോളം കാലം. തന്റെ വാഹനം ഒരു മനുഷ്യന്റെ ജീവനോ ശരീരത്തിനോ സ്വത്തിനോ നാശം സൃഷ്ടിക്കുകയാണെങ്കില്‍ ഈ ലോകത്തില്‍ നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നുവരികിലും പരലോകത്ത് അതിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് തീര്‍ച്ച. തന്റെ പുണ്യ കര്‍മ്മങ്ങളെല്ലാം അക്രമത്തിന് വിധേയനായ മനുഷ്യന് നല്‍കുകയും എന്നിട്ടും നഷ്ടപരിഹാരമായില്ലെങ്കില്‍ അവന്റെ തിന്മകള്‍ തന്റെ പിരടിയില്‍ വലിച്ചിടപ്പെടുകയും ചെയ്യുമെന്ന അറിവ് വിശ്വാസിക്കുവേണം. വാഹനമോടിക്കുന്ന ഓരോ വ്യക്തിക്കും താന്‍ ദൈവത്തിന്റെ ഒളിക്യാമറയുടെ നിരീക്ഷണത്തിലാണെന്ന ബോധം വേണം. അപകടം വരുത്തി ജനങ്ങളുടെ കണ്ണില്‍ നിന്ന് രക്ഷപ്പെടുന്ന രംഗം അതില്‍ പതിയുമല്ലോ.
വഴിക്ക് ചില അവകാശങ്ങളുണ്ടെന്ന് പ്രവാചകന്‍ പ്രസ്താവിക്കുന്നു. വാഹനമോടിക്കുന്നവരെപ്പോലെ പൊതുജനങ്ങളും ഈ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ബാധ്യസ്ഥരാണ്. വഴിയിലെ ഉപദ്രവം നീക്കം ചെയ്യുക വിശ്വാസത്തിന്റെ അടയാളമാണ്. പക്ഷേ മത സംഘടനകള്‍ പോലും ഗതാഗത തടസ്സം സൃഷ്ടിക്കുംവിധം ജാഥകള്‍ നടത്തുകയും തെരുവോരത്ത് മതപ്രഭാഷണം സംഘടിപ്പിക്കുകയും ചെയ്യുന്ന വിരോധാഭാസം കാണുന്നു.

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Trending