ഉത്തര്‍പ്രദേശിലെ കതൗലിയില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 23 ജീവനുകള്‍ പൊലിഞ്ഞതോടെ, റെയില്‍ യാത്രക്കാരുടെ ജീവന് എന്ത് സുരക്ഷയാണ് ഉള്ളതെന്ന ചോദ്യം ഒരിക്കല്‍കൂടി ഉയരുന്നുണ്ട്. ഓരോ ട്രെയിന്‍ അപകട വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ശക്തമായി ഉന്നയിക്കപ്പെടുകയും ദിവസങ്ങള്‍ക്കകം തന്നെ ഉത്തരംകിട്ടാതെ വിസ്മൃതിയില്‍ ഒടുങ്ങുകയും ചെയ്യുന്നൊരു ചോദ്യമാണിത്. ഇത്തവണയും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. എങ്കിലും പൊലിഞ്ഞുവീഴുന്ന മനുഷ്യജീവനുകളുടെ വിലയോര്‍ത്തെങ്കിലും റെയില്‍വേ കണ്ണു തുറന്നേ മതിയാകൂവെന്ന് പറയാതെ വയ്യ. ഹരിദ്വാറില്‍നിന്ന് പുരിയിലേക്ക് പോവുകയായിരുന്ന ഉത്കല്‍ എക്‌സ്പ്രസിന്റെ 13 ബോഗികളാണ് ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ കതൗലി റെയില്‍വേ സ്‌റ്റേഷനു സമീപം പാളം തെറ്റിയത്. റെയില്‍വേയുടെ നിരുത്തരവാദ സമീപനത്തിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് ഉത്കല്‍ ട്രെയിന്‍ ദുരന്തമെന്നാണ് പ്രാഥമിക അന്വേഷണ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നത് കണ്ട് എഞ്ചിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക് ഉപയോഗിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചതാണ് അപകട കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അപകടകരമായ ഈ വീഴ്ച വരുത്തിയവര്‍ ആരെന്ന് കണ്ടെത്തി 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ട്രാക്കില്‍ അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഒന്നോ രണ്ടോ ജീവനക്കാര്‍ക്കെതിരെയോ സെക്ഷന്‍ എഞ്ചിനീയര്‍ക്കെതിരെയോ നടപടിയുണ്ടായേക്കാം. തല്‍ക്കാലത്തേക്ക് സസ്‌പെന്റു ചെയ്യപ്പെട്ടേക്കാം. അവിടെ തീരും എല്ലാ നടപടികളും എന്നത് ഇതുവരെയുള്ള അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ്. ജീവനക്കാരെ പഴിചാരിയുള്ള രക്ഷപ്പെടലല്ല, ആഴത്തിലുള്ള പരിശോധനയും തിരുത്തല്‍ നടപടികളുമാണ് റെയില്‍വേക്ക് ഇന്ന് ആവശ്യം. അതില്ലാതെ പോകുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാനുള്ള കാരണം.
അഞ്ചു വര്‍ഷത്തിനിടെ ചെറുതും വലുതുമായ 586 ട്രെയിന്‍ അപകടങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 53 ശതമാനവും ട്രെയിന്‍ പാളം തെറ്റിയുള്ള അപകടങ്ങള്‍ ആയിരുന്നു. 2016 നവംബറില്‍ കാണ്‍പൂരിനു സമീപം ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് പാളം തെറ്റി 150 ജീവനുകള്‍ പൊലിഞ്ഞ ദുരന്തം ഇപ്പോഴും മനസ്സില്‍നിന്ന് മാഞ്ഞിട്ടുണ്ടാകില്ല. എന്തുകൊണ്ട് ഇത്തരത്തില്‍ റെയില്‍ ദുരന്തങ്ങള്‍ പതിവാകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആദ്യം കണ്ടെത്തേണ്ടത്. റെയില്‍ അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് തന്നെ അപകടങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. രാജ്യത്തെ ആകെയുള്ള റെയില്‍ പാതകളില്‍ 1219 പാതകളിലും ഉള്‍കൊള്ളാവുന്നതിന്റെ പരമാവധി (100 ശതമാനം) ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. റെയില്‍വേ തന്നെ വ്യക്തമാക്കുന്ന സാങ്കേതിക കണക്കുകള്‍ പ്രകാരം 80 ശതമാനത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിച്ചാല്‍ സുഗമമായ രീതിയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ സാധ്യമാവില്ല. 90 ശതമാനത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്ള പാതകളെ റെയില്‍വേ തന്നെ കുത്തിനിറച്ച് ഓടുന്ന ട്രാക്കുകള്‍ ആയാണ് കണക്കാക്കുന്നത്.
ട്രെയിനുകള്‍ പാളം തെറ്റാന്‍ രണ്ട് കാരണങ്ങളാണ് പ്രധാനമായും സമിതി ചൂണ്ടിക്കാട്ടുന്നത്. സര്‍വീസുകളുടെ ആധിക്യവും ട്രാക്ക് വികസനം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപം നടത്താത്തതുമാണിത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ രാജ്യത്ത് സര്‍വീസ് നടത്തുന്ന യാത്രാ വണ്ടികളുടെ എണ്ണത്തില്‍ 56 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റെയില്‍വേയുടെ തന്നെ കണക്ക്. ചരക്കു വണ്ടികളുടെ എണ്ണത്തില്‍ 59 ശതമാനവും വര്‍ധനവുണ്ടായി. എന്നാല്‍ ട്രാക്ക് വികസനത്തിലുണ്ടായ പുരോഗതി കേവലം 12 ശതമാനം മാത്രമാണ്. റെയില്‍ സുരക്ഷക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് ഈ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ ഉടന്‍ റെയില്‍ മന്ത്രി വ്യക്തമാക്കിയത്. ഇതിനായി അപകട രഹിത റെയില്‍ യാത്ര എന്ന പേരില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുകയും റെയില്‍ അപകടങ്ങള്‍ കുറക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. റെയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഫണ്ട് കണ്ടെത്താനെന്ന പേരില്‍ റെയില്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചും സെസ് ഏര്‍പ്പെടുത്തിയും ജനത്തിന് സമ്മാനിച്ച ദുരിതങ്ങള്‍ വേറെ. ഇതിന് എന്ത് പ്രയോജനം ഉണ്ടായി എന്ന ചോദ്യത്തിന് മാത്രം പക്ഷേ ഉത്തരമില്ല. അപകടങ്ങള്‍ കുറഞ്ഞില്ല എന്ന് മാത്രമല്ല, വര്‍ധിക്കുകയും ചെയ്തുവെന്ന് കണക്കുകള്‍ അടിവരയിടുന്നു. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ 2014 മെയ് മുതല്‍ ഇതുവരെ രാജ്യത്തുണ്ടായത് 27 വലിയ ട്രെയിന്‍ അപകടങ്ങളാണ്. 259 ജീവനുകള്‍ ഇതില്‍ പൊലിഞ്ഞു. 899 പേര്‍ക്ക് പരിക്കേറ്റു. ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും അന്വേഷണം പ്രഖ്യാപിക്കും. ട്രാക്ക് അറ്റകുറ്റപ്പണിയിലെ അപകാതയില്‍ പഴിചാരിയാണ് ഓരോ റിപ്പോര്‍ട്ടുകളും അവസാനിക്കാറ്. അത് പരിഹരിക്കുന്നതിന് പക്ഷേ ഒരു നടപടിയുമില്ലെന്ന് മാത്രം.
ട്രാക്ക് വികസനം സാധ്യമായെങ്കില്‍ മാത്രമേ സര്‍വീസുകളുടെ പെരുപ്പം നിയന്ത്രിക്കാനും അതുവഴി ട്രാക്ക് അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമാക്കാനും കഴിയൂ. അതിനുവേണ്ട യാതൊരു നടപടികളും ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണ്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിക്ഷേപം നടത്തുന്നത് ഒഴിവാക്കാനുള്ള കുറുക്കുവഴി മാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അപകട രഹിത റെയില്‍ പദ്ധതി പ്രഖ്യാപനം. റെയില്‍ ബജറ്റിനെ പൊതു ബജറ്റില്‍ ലയിപ്പിച്ചതിനു പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല. അടിസ്ഥാന സൗകര്യ നിക്ഷേപത്തില്‍ വന്‍ കുറവാണ് ഇതുവഴി ഉണ്ടായത്. അപകടം നടന്ന ശേഷം ധനസഹായം പ്രഖ്യാപിച്ചതുകൊണ്ട് നഷ്ടപ്പെട്ട ഒരു ജീവന്‍ പോലും തിരിച്ചുകിട്ടില്ല. താല്‍ക്കാലിക ആശ്വാസം എന്നതില്‍ കവിഞ്ഞ് ഉറ്റവരെ നഷ്ടപ്പെട്ട് നിരാശ്രയരാകുന്ന ഒരു കുടുംബത്തിനു പോലും തണലൊരുക്കാന്‍ ഇതുകൊണ്ട് കഴിയില്ല. ധനസഹായം അനുവദിക്കരുതെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്ന അവകാശ വാദവുമില്ല. അപകട നിരക്ക് കുറച്ചുകൊണ്ടുവരാനെങ്കിലും കഴിയണം. ട്രാക്കില്‍ പൊലിയുന്ന ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമെങ്കില്‍, സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മറ്റേതൊരു ധനസഹായത്തേക്കാളും വലിയ വില അതിനുണ്ട്. റെയില്‍ സുരക്ഷയെക്കുറിച്ചുള്ള പഠനങ്ങള്‍ മാത്രം പോര. അത് പ്രവൃത്തിപഥത്തില്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി കൂടി കേന്ദ്ര സര്‍ക്കാര്‍ കാണിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കതൗലിയില്‍ പൊലിഞ്ഞ 23 ജീവനുകള്‍ ഒരു പാഠവും നമ്മെ പഠിപ്പിച്ചില്ലെന്ന് കരുതേണ്ടി വരും.